Advertisment

കര്‍ണാടകയില്‍ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന ബിജെപിക്കു മുന്നില്‍ കോണ്‍ഗ്രസ് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്‌; കോണ്‍ഗ്രസിന് കര്‍ണാടകയില്‍ ജയിച്ചേ പറ്റൂ ! ഇരുപാര്‍ട്ടികള്‍ക്കും പുറമേ ആര്‍ക്കും ഭൂരിപക്ഷമില്ലെങ്കില്‍ ഒരു കളി കളിക്കാമെന്ന പ്രതീക്ഷയില്‍ ജെഡിഎസും മത്സരരംഗത്തുണ്ട്‌; ദേശീയ തലത്തിലെ രാഷ്ട്രീയത്തെതന്നെ സ്വാധീനിക്കാന്‍ പോകുന്ന നിര്‍ണായക തെരഞ്ഞെടുപ്പിന് കര്‍ണാടക ഒരുങ്ങിക്കഴിഞ്ഞു-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

കര്‍ണാടകയില്‍ ഇനി ഭരണം ആര്‍ക്ക് ? ബിജെപിക്കോ കോണ്‍ഗ്രസിനോ ? സംസ്ഥാനത്തെയെന്നല്ല, ദേശീയ തലത്തിലെ രാഷ്ട്രീയത്തെതന്നെ സ്വാധീനിക്കാന്‍ പോകുന്ന നിര്‍ണായക തെരഞ്ഞെടുപ്പിന് കര്‍ണാടക സംസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു. പത്താം തീയതിയാണു തെരഞ്ഞെടുപ്പ്. മെയ് 13ന് ഫലമറിയാം.

കോണ്‍ഗ്രസിനു വലിയ പ്രതീക്ഷ നല്‍കുന്ന സംസ്ഥാനമാണു കര്‍ണാടക. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ മുന്നില്‍ എപ്പോഴും ചെറുതായിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന് ജയിക്കാന്‍ കര്‍ണാടക പിടിച്ചേ മതിയാകൂ. 2026 -ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മറ്റു പ്രതിപക്ഷകക്ഷികളെയൊക്കെ കൂടെ നിര്‍ത്താനും ഇവിടുത്തെ വിജയം അത്യാവശ്യം.

കുറെ കാലമായി സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിനെതിരെ പരക്കെ സംസാരം ഉയരുന്നുണ്ട്. സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളാണ് ഇതിനു പ്രധാന കാരണം. ഇനി കോണ്‍ഗ്രസിനാണു ഭരണം എന്നൊരു പ്രചാരണം എല്ലായിടത്തും ശക്തിപ്പെടുന്നു.

കോണ്‍ഗ്രസില്‍ നേതൃതര്‍ക്കങ്ങള്‍ ഇല്ലാതായി എന്നത് മറ്റൊരു അനുകൂല ഘടകം. സമുന്നത സംസ്ഥാന നേതാക്കളായ ഡി.കെ ശിവകുമാറും സിദ്ധരാമയ്യയും തമ്മിലുണ്ടായിരുന്ന തര്‍ക്കം ഹൈക്കമാന്‍റ് ഇടപെട്ടു പരിഹരിക്കുകയായിരുന്നു.


തെരഞ്ഞെടുപ്പില്‍ ജയിച്ച് ഭരണം പിടിച്ചടക്കുകയല്ലാതെ കോണ്‍ഗ്രസിനു മുന്നില്‍ വേറെ വഴിയില്ലെന്ന സന്ദേശം സംസ്ഥാന നേതാക്കള്‍ക്ക് കടുത്ത വാക്കുകളില്‍ നല്‍കിയ ഹൈക്കമാന്‍റിന് ലക്ഷ്യത്തിന്‍റെ കാര്യത്തില്‍ സംശയമൊന്നുമുണ്ടായിരുന്നില്ല.


എന്തിനും ഏതിനും 40 ശതമാനം കമ്മീഷന്‍ പറ്റുന്ന ബിജെപി സര്‍ക്കാരിനെ ചൂണ്ടിയാണ് കോണ്‍ഗ്രസിന്‍റെ പ്രചാരണം മുഴുവന്‍. കൂടാതെ അമിതമായ വിലക്കയറ്റവും. ജനങ്ങള്‍ക്കു വേണ്ടി ഒരു അഞ്ചിന പരിപാടിയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. അധികാരത്തിലെത്തിയാല്‍ അരിയും ജോലിയും ഉറപ്പാക്കുമെന്നും പാചകവാതകത്തിന്‍റെയും വൈദ്യുതിയുടെയും വില കുറയ്ക്കുമെന്നതുള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങളിലൂന്നിയാണ്‌ ഈ അഞ്ചിന പരിപാടി പ്രഖ്യാപിച്ചത്.

ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന ബിജെപിക്കു മുന്നില്‍ കോണ്‍ഗ്രസ് കനത്ത വെല്ലുവിളി ഉയര്‍ത്തുകയാണ്. അതു ഡബിള്‍ എഞ്ചിനല്ല, ട്രബിള്‍ എഞ്ചിനാണെന്നു കോണ്‍ഗ്രസ് ആക്ഷേപിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിങ്ങനെ ബിജെപിയുടെ ദേശീയ നേതാക്കളൊക്കെയും പ്രചാരണത്തിനെത്തി. കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി മുതല്‍ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിങ്ങനെ ഒരു വന്‍നിര മറുഭാഗത്തും.

കര്‍ണാടകത്തില്‍ പ്രധാന പോരാട്ടം കോണ്‍ഗ്രസിനും ബിജെപിയും തമ്മിലാണെങ്കിലും മൂന്നാം കക്ഷിയായി ജനതാദള്‍ എസ് രംഗത്തുണ്ട്. മുന്‍ മുഖ്യമന്ത്രി എച്ച്.സി കുമാരസ്വാമിയാണു നേതാവ്. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ പ്രായാധിക്യത്താല്‍ പ്രചാരണരംഗത്ത് അധികം ഉണ്ടായില്ല. ഇപ്പോഴും അച്ഛനും മകനും തന്നെ ജനതാദള്‍ എസ്. പണ്ടത്തെപ്പോലെ അതിമോഹമൊന്നും പുലര്‍ത്തുന്നില്ലെങ്കിലും തെരഞ്ഞെടുപ്പിനു ശേഷം ആര്‍ക്കും ഭൂരിപക്ഷമില്ലെങ്കില്‍ ഒരു കളി കളിക്കാമെന്ന പ്രതീക്ഷയിലാണ് ജെഡിഎസ്.

സംഘപരിവാര്‍ സംഘടനയായ ബജ്റങ്ക് ദളിനെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസ് മുന്നേറ്റം. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ബജ്റങ്ക് ദളിനെ നിരോധിക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ വാഗ്ദാനം. ബിജെപിയാകട്ടെ ഹനുമാന്‍ പൂജപോലെയുള്ള ആചാരങ്ങളിലേയ്ക്കു പ്രചാരണം നീട്ടി. കര്‍ണാടകയില്‍ കൂറ്റന്‍ ഹനുമാന്‍ ക്ഷേത്രം നിര്‍മിക്കുമെന്നായി കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍.


ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കുക എന്നതോടൊപ്പം ബിജെപിയുടെ സ്വന്തം ഹൈന്ദവ താല്‍പര്യങ്ങള്‍ പങ്കുവെയ്ക്കാനും തയ്യാറാവുകയാണ് ഡി.കെ ശിവകുമാര്‍.


മുന്‍ ബിജെപി മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയതാണ് ഈ തെരഞ്ഞെടുപ്പ് സീസണിലെ ഏറ്റവും വലിയ സംഭവം. സംസ്ഥാനത്ത് ബിജെപിയുടെ ഒരു പ്രധാന നേതാവായിരുന്നു ഷെട്ടര്‍. ഹുബ്ബള്ളി - ധാര്‍വാഡ് പ്രദേശത്ത് ബിജെപിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രമായിരുന്നയാള്‍. സംസ്ഥാനത്തെ പ്രബലരായ ലംഗായത്ത് സമുദായത്തിലെ പ്രധാനി. ഇത്തവണ ബിജെപി സീറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഷെട്ടര്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.

ഹുബ്ബള്ളി - ധാര്‍വാഡ് സെന്‍ട്രല്‍ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഷെട്ടറിനു വേണ്ടി സോണിയാ ഗാന്ധി ഉള്‍പ്പെടെ പ്രമുഖ നേതാക്കളൊക്കെയും പ്രചാരണത്തിനെത്തി. ഷെട്ടറിനെപ്പോലൊരു മുതിര്‍ന്ന നേതാവ് കോണ്‍ഗ്രസിലെത്തിയത് നേതൃത്വത്തിന്‍റെ ആത്മവീര്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ലിംഗായത്ത് സമുദായവും കോണ്‍ഗ്രസിലേയ്ക്കു ചരിഞ്ഞിരിക്കുന്നു.

ബിജെപിക്കെതിരെ എല്ലായിടത്തും ഒരു സ്ഥാനാര്‍ത്ഥി മാത്രം എന്ന ചിന്ത വെറും സ്വപ്നമായി അവശേഷിക്കുകയാണ് കര്‍ണാടകയിലും. ബല്ലാരി മേഖലയിലെ ഖനി രാജാവ് ജനാര്‍ദ്ദനന്‍ റെഡ്ഡി അടുത്ത കാലത്തു രൂപീകരിച്ച കല്യാണ രാജ്യ പ്രജാപക്ഷ പാര്‍ട്ടി (കെ.ആര്‍.പി.പി) ബിജെപിയുടെ വോട്ടു ഭിന്നിപ്പിക്കാനൊരുങ്ങി മത്സര രംഗത്തുണ്ട്. ആം ആത്മി പാര്‍ട്ടി, അസറുദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എം ഉള്‍പ്പെടെ മത്സരരംഗത്ത് സജീവമായി നില്‍ക്കുന്ന പാര്‍ട്ടികളേറെ. മുസ്ലിം വോട്ടുകളാണ് ഒവൈസിയുടെ ലക്ഷ്യം. ഒവൈസി കൈക്കലാക്കുന്ന വോട്ടുകള്‍ ഫലത്തില്‍ ബിജെപിയെ സഹായിക്കാന്‍ പോകുന്നതാകും.

എന്തായാലും കോണ്‍ഗ്രസ് ഒരു വലിയ മുന്നേറ്റം നടത്തിയിരിക്കുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരെ കനത്ത പ്രചാരണത്തിലാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ജയിച്ചാല്‍ അത് ദേശീയ രാഷ്ട്രീയത്തിലും പ്രതിഫലിക്കും. പാര്‍ട്ടിയുടെ മുന്നോട്ടുള്ള പോക്കില്‍ നിര്‍ണായകമാകും കര്‍ണാടകയില്‍ ഒരു വിജയം.

Advertisment