Advertisment

അറുപത്, എഴുപതുകളില്‍ എകെ ആന്‍റണിയുടെ നേതൃത്വത്തില്‍ വയലാര്‍ രവിയും തലേക്കുന്നില്‍ ബഷീറും ഉമ്മന്‍ ചാണ്ടിയുമൊക്കെ കൈയ്യടക്കിയ നേതൃസ്ഥാനങ്ങള്‍ ഇനി പുതിയ വീക്ഷണത്തോടെ, പുതിയ ആവേശത്തോടെ, പുതിയ ചിന്തകളോടെ പിടിച്ചെടുക്കാന്‍ യുവാക്കള്‍ തയ്യാറാകണം ! അന്നത്തെ ആന്‍റണിയെ ഇന്നത്തെ എകെ ആന്‍റണിയായി വളര്‍ത്താന്‍ നാന്ദിയായ സംഭവങ്ങള്‍ നിങ്ങളറിയണം. അത് പുതിയൊരു രാഷ്ട്രീയമായിരുന്നു. ആ കാലം പിന്നിട്ടു. ഇന്ന് താക്കോല്‍ സ്ഥാനങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു…, ധൈര്യമുണ്ടോ യുവാക്കളെ അത് ഏറ്റെടുക്കാന്‍ ? കോണ്‍ഗ്രസിലെ യുവത എവിടെ ? യുവ കോണ്‍ഗ്രസ് നേതാക്കള്‍ക്കായി ജേക്കബ് ജോര്‍ജിന്‍റെ മുഖപ്രസംഗം !

New Update

publive-image

Advertisment

ഇനിയെങ്കിലും കോണ്‍ഗ്രസിലെ യുവാക്കള്‍ സംഘടിക്കണം. ശക്തരാകണം. ഇപ്പോള്‍ നല്ല സമയമാണ്. കോണ്‍ഗ്രസിലെ മൂത്ത തലമുറ കനത്ത തോല്‍വിയുടെ ആഘാതത്തില്‍ തളര്‍ന്നു മയങ്ങിക്കിടപ്പാണ്. ആര്‍ക്കും ഒരു ശക്തിയില്ല. ആഞ്ഞടിക്കാന്‍ പറ്റിയ സമയം.

മുമ്പ് ഇവരിതൊക്കെ ചെയ്തിട്ടുണ്ടെന്ന കാര്യം നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. കെ.എസ്.യുവിനെയും യുത്ത് കോണ്‍ഗ്രസിനെയം രൂപപ്പെടുത്തി വളര്‍ത്തിയെടുത്തത് പഴയകാല നേതാവ് എംഎ ജോണാണ്.

"എംഎ ജോണ്‍ നമ്മെ നയിക്കും" എന്ന മുദ്രാവാക്യം കേരളീയര്‍ മറന്നിട്ടുണ്ടാകില്ല. അറുപതുകളിലും എഴുപതുകളിലും കോണ്‍ഗ്രസില്‍ ഒരു തരംഗമായി ആഞ്ഞടിച്ചതാണ് എംഎ ജോണിന്‍റെ സന്ദേശങ്ങള്‍.

കെ.എസ്.യുവിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും ക്ലാസുകളില്‍ അദ്ദേഹം പുതു തലമുറ നേതൃത്വത്തെ വാര്‍ത്തെടുത്തു. പുതിയ ചിന്തകളോടെ, പുതിയ വീക്ഷണത്തോടെ, പുതിയ ആവേശത്തോടെ. മുതിര്‍ന്ന നേതാക്കള്‍ കുത്തകയാക്കി വെച്ചിരിക്കുന്ന നേതൃസ്ഥാനങ്ങള്‍ യുവാക്കള്‍ പിടിച്ചടക്കണമെന്നാണ്  എംഎ ജോണ്‍ ആഹ്വാനം ചെയ്തത്.

താക്കോല്‍ സ്ഥാനങ്ങള്‍ നാം പിടിച്ചെടുക്കണം - ഇതായിരുന്നു ആ ആഹ്വാനം. എകെ ആന്‍റണിയുടെ നേതൃത്വത്തില്‍ ഒരു പുതിയ തലമുറ വളര്‍ന്നു വരികയായിരുന്നു. കൂടെ വലയാര്‍ രവിയും മറ്റും.

കെ.എസ്.യുവിലൂടെ, പിന്നെ യൂത്ത് കോണ്‍ഗ്രസിലൂടെ, പിന്നെ കെപിസിസിയിലൂടെ - ആന്‍റണിക്കു തൊട്ടു പിന്നാലെ ഉമ്മന്‍ ചാണ്ടിയുമുണ്ടായിരുന്നു. പിന്നെ വിഎം സുധീരന്‍, പിസി ചാക്കോ, തലേക്കുന്നില്‍ ബഷീര്‍ എന്നിങ്ങനെ പ്രഗത്ഭരായ നേതാക്കള്‍. അവരാരും ജാതി മത ശക്തികളുടെ പിന്നാലെ പോയില്ല. സമുദായ നേതാക്കന്മാരുടെ തിണ്ണ നിരങ്ങാന്‍ കൂട്ടാക്കിയില്ല.

എഴുപതുകളുടെ ആരംഭത്തില്‍ കെപിസിസിക്കെതിരെ ഒരു തിരുത്തല്‍ ശക്തിയായി യൂത്ത് കോണ്‍ഗ്രസ് നിലകൊണ്ടു. സര്‍ക്കാരില്‍ നിന്നു നേരിട്ടു ശമ്പളം ലഭ്യാമക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കോളേജധ്യാപകര്‍ നടത്തിയ ചരിത്ര പ്രധാനമായ സമരവും അതിന് എകെ ആന്‍റണിയും യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും നല്‍കിയ മര്‍മ്മപ്രധാനമായ പിന്തുണയും സംസ്ഥാനത്തെ കോണ്‍ഗ്രസിന്‍റെ വളര്‍ച്ചയില്‍ ഒരു നിര്‍ണായക ഘട്ടം കുറിച്ചു.

എകെ ആന്‍റണി കത്തോലിക്കാ സഭാ നേതൃത്വവുമായി നേര്‍ക്കുനേര്‍ കൊമ്പുകോര്‍ത്ത കാലം. 1957 -ലെ ഇഎംഎസ് സര്‍ക്കാരിന്‍റെ കാലത്ത് കത്തോലിക്കാ സഭ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെയാണ് വിമോചന സമരം നടത്തിയതെങ്കില്‍ 1972 -ല്‍ സഭയുടെ എതിര്‍പ്പ് എകെ ആന്‍റണിയോടായിരുന്നു.

"ന്യൂനപക്ഷാവകാശങ്ങളെ തൊട്ടുകളിച്ചാല്‍ കുറുവടികൊണ്ടല്ല, മഴുത്തായ കൊണ്ടായിരിക്കും മറുപടി" എന്നായിരുന്നു ബിഷപ്പ് ജോസഫ് കുണ്ടുകുളം ആന്‍റണിക്കും യുത്ത് കോണ്‍ഗ്രസിനുമെതിരെ ആക്രോശിച്ചത്. പക്ഷെ ആ പോര് ആന്‍റണിയുടെ മാറ്റ് കൂട്ടുകയായിരുന്നു.

വിദ്യാഭ്യാസ സമരത്തെ തുടര്‍ന്ന് കത്തോലിക്കാ സഭ കോണ്‍ഗ്രസിനെതിരെ തിരിഞ്ഞു. 1973 -ല്‍ എകെ ആന്‍റണി കെപിസിസി പ്രസിഡന്‍റായ സമയം. കോഴിക്കോടു സന്ദര്‍ശിക്കാന്‍ പരിപാടിയിട്ട പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അവിടെ പ്രധാനപ്പെട്ട ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്താന്‍ തയ്യാറായി.

കെപിസിസിയെ അറിയിക്കാതെയായിരുന്നു കൂടിക്കാഴ്ച ഒരുക്കിയത്. ഇന്ദിരാഗാന്ധിയെ സ്വീകരിക്കാനോ കാണാനോ സംസാരിക്കാനോ കോഴിക്കോട്ടേക്കു പോകാതെ ആന്‍റണി തിരുവനന്തപുരത്തിരുന്നു. ബിഷപ്പുമാരുമായി സംസാരിക്കാന്‍ ഇന്ദിരാഗാന്ധി തയ്യാറായതില്‍ പ്രതിഷേധിച്ച്.

അങ്ങനെയാണ് എകെ ആന്‍റണി ഇന്നത്തെ എകെ ആന്‍റണിയായി വളര്‍ന്ന് ബിഷപ്പുമാരെയും സമുദായ നേതാക്കളെയുമൊക്കെ വെല്ലുവിളിച്ച് വ്യക്തമായൊരു മത നിരപേക്ഷ കാഴ്ചപ്പാടു വളര്‍ത്തി.

ആദര്‍ശ ധീരതയുടെ പുതിയൊരു രാഷ്ട്രീയത്തിന് അടിസ്ഥാനമിട്ടു. അത് മലയാളികള്‍ അംഗീകരിച്ചു. ആന്‍റണി ദേശീയ നേതാവായി വളര്‍ന്നു. കേരളത്തില്‍ കോണ്‍ഗ്രസിന് അടിസ്ഥാനമുറച്ചു. ആ കോണ്‍ഗ്രസ് ഇന്നെവിടെ.

ഇന്നും താക്കോല്‍ സ്ഥാനങ്ങളുണ്ട്. അവിടൊക്കെ ഉന്നതര്‍ കുടിയിരിക്കുകയാണ്. പണ്ട് അന്നത്തെ ഉന്നതരെ താഴെയിറക്കി താക്കോല്‍ സ്ഥാനങ്ങള്‍ കൈയ്യേറിയവര്‍ തന്നെ. അവരെ ചോദ്യം ചെയ്യാനും വെല്ലുവിളിക്കാനും ശേഷിയുള്ള യുവാക്കള്‍ കോണ്‍ഗ്രസില്‍ അവശേഷിക്കുന്നുണ്ടോ എന്നാണ് ഇപ്പോഴത്തെ ചോദ്യം. ജനങ്ങള്‍ ചോദിക്കുന്നുണ്ട്.

വെറും ഒമ്പത് അംഗങ്ങളുടെ ബലത്തോടെ 1967 ലെ നിയമസഭയില്‍ പരീക്ഷണം തുടങ്ങിയതാണ് കെ. കരുണാകരന്‍. ശക്തനായ ഇഎംഎസ് നമ്പൂതിരിപ്പാടായിരുന്നു മുഖ്യമന്ത്രി. അവിടെയാണ് ഇന്നു കാണുന്ന ഐക്യ ജനാധിപത്യമുന്നണിയുടെ തുടക്കം.

കോണ്‍ഗ്രസ് തളര്‍ന്നില്ല. വളര്‍ന്നു വന്നു. 1995 -ല്‍ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ പേരില്‍ എകെ ആന്‍റണിയും ഉമ്മന്‍ ചാണ്ടിയുമൊക്കെ കൂടി കരുണാകരനെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നു വലിച്ചു താഴെയിട്ടു.

ആ കസേരയില്‍ ആന്‍റണി കയറിയിരുന്നു. പിന്നെ 2001 -ലെ തെരഞ്ഞെടുപ്പില്‍ 99 സീറ്റുമായി നിയമസഭയിലെത്തിയ ആൻ്റണി വീണ്ടും മുഖ്യമന്ത്രിയായി. 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അടിപതറിയപ്പോള്‍ ആരോടും ഒന്നും പറയാതെ ആന്‍റണി രാജിവച്ചുപോയി.

പിന്നെ ഉമ്മന്‍ ചാണ്ടിയുടെ ഊഴം. 2011 ലും ഉമ്മന്‍ ചാണ്ടി ഭരണം. 2016 ല്‍ പിണറായി വിജയന് 91 സീറ്റിന്‍റെ വന്‍ വിജയം. ഇനിയിപ്പോള്‍ പിണറായിയുടെ തുടര്‍ഭരണം. ഇത്തവണ 99 സീറ്റിന്‍റെ ബലത്തില്‍.

ഇനി കോണ്‍ഗ്രസിന്‍റെ ചെറുത്തുനില്‍പ്പിന് യുവത്വത്തിന്‍റെ കരുത്തു വേണം. എവിടെ വിഡി സതീശന്‍ ? ഷാഫി പറമ്പിലും ടി സിദ്ദിഖും പിസി വിഷ്ണുനാഥും എന്താ ഒന്നും മിണ്ടാത്തത് ? വിഷ്ണു കെപിസിസി പ്രസിഡന്‍റായാലെന്താ കുഴപ്പം. സതീശന്‍ പ്രതിപക്ഷ നേതാവായാലോ ? താക്കോല്‍ സ്ഥാനങ്ങള്‍ കാത്തിരിക്കുന്നു. ധൈര്യമുണ്ടോ കോണ്‍ഗ്രസ് യുവാക്കളേ നിങ്ങള്‍ക്ക് ?

-ജേക്കബ് ജോര്‍ജ് (ചീഫ് എഡിറ്റര്‍)

editorial
Advertisment