Advertisment

പ്രതീക്ഷിച്ച ഭരണം കിട്ടാതെ ഭരണത്തിന്‍റെ ശീതളിമയില്ലാതെ പൊരിവെയിലത്തു കഴിയുന്ന മുസ്ലിം ലീഗിന് ഇപ്പോള്‍ അത്ര നല്ല കാലമൊന്നുമല്ല. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഇനിയും ഊര്‍ജം നേടിയിട്ടുമില്ല. അതുതൊണ്ടുതന്നെ മുസ്ലിം കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് വിരുദ്ധ, ലീഗ് വിരുദ്ധ വികാരത്തിന് വലിയ പ്രസക്തിയുണ്ട്. തീവ്രവാദി സംഘടനകളെയൊന്നും മുസ്ലിം സമുദായം അംഗീകരിക്കുകയുമില്ല. ഈ യാഥാര്‍ഥ്യങ്ങള്‍ക്കിടയിലും ഐ.എന്‍.എലിന്‍റെ തൊഴുത്തില്‍കുത്ത് അയ്യോ കഷ്ടം ! - ജേക്കബ് ജോര്‍ജിന്‍റെ മുഖപ്രസംഗം

New Update

publive-image

Advertisment

1992 ഡിസംബര്‍ ആറ് കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തില്‍ ഒട്ടു വളരെ ചനലങ്ങളുണ്ടാക്കി. സംഘപരിവാര്‍ സംഘടനകള്‍ വട്ടംകൂടി നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബ്റി മസ്‌ജിദ്‌ തകര്‍ത്തപ്പോള്‍ ഇന്ത്യയിലെ മുസ്ലിം സമുദായം പേടിച്ചു വിറച്ചു നിന്നു. പലേടത്തും കലാപമുണ്ടായി. അന്ന് കോണ്‍ഗ്രസായിരുന്നു ഭരണത്തില്‍. പിവി നരസിംഹ റാവു പ്രധാനമന്ത്രി.

പക്ഷേ കേരളത്തില്‍ അതൊരു ക്രമസമാധാന പ്രശ്നമേ ആയില്ല. മുസ്ലിം ഭൂരിപക്ഷപ്രദേശമായ മലബാറില്‍ പോലും. കേരളത്തില്‍ മുസ്ലിം രാഷ്ട്രീയം ഒരിക്കലും ഒരു തീവ്രവാദ രാഷ്ട്രീയമായി മാറിയിട്ടില്ല. തുടക്കം മുതലേ കേരളത്തിന്‍റെ ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുത്തിരുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് തന്നെയാണ് ഇതിനു കാരണം. ഇന്നും കേരള രാഷ്ട്രീയത്തില്‍ ഒരു പ്രധാന ശക്തി തന്നെയാണ് മുസ്ലിം ലീഗ്. ഐക്യജനാധിപത്യ മുന്നണിയില്‍ വര്‍ഷങ്ങളായി രണ്ടാമത്തെ വലിയ കക്ഷിയെന്ന സ്ഥാനമുണ്ട് ലീഗിന്.

ബാബറി മസ്‌ജിദിന്‍റെ തകര്‍ച്ചയോടെ മുസ്ലിം ലീഗ് രാഷ്ട്രീയത്തില്‍ അന്ത:ഛിദ്രമുണ്ടായതാണ്. അന്ന് ലീഗിന്‍റെ അഖിലേന്ത്യാ പ്രസിഡന്‍റ് ഇബ്രാഹിം സുലൈമാന്‍ സേട്ട് തന്നെ ലീഗ് രാഷ്ട്രീയത്തെ എതിര്‍ത്തു. കേരളത്തില്‍ യു‍ഡിഎഫിന്‍റെ കൂടാരത്തില്‍ എല്ലാ സംരക്ഷണയിലും സുഖസൗകര്യത്തിലും കഴിഞ്ഞിരുന്ന മുസ്ലിം ലീഗിന് കോണ്‍ഗ്രസ് മുന്നണിയെ കൈവിട്ട് ഒരു രാഷ്ട്രീയത്തെപ്പറ്റി ആലോചിക്കാനേ കഴിയുമായിരുന്നില്ല.

സേട്ടുവിനാണെങ്കില്‍ കോണ്‍ഗ്രസിനോടു വലിയ എതിര്‍പ്പും. ദേശീയ മുസ്ലിം രാഷ്ട്രീയത്തില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടിനെപ്പോലൊരു വലിയ നേതാവിന് അങ്ങനെയൊരു തീരുമാനമെടുക്കാനേ കഴിയുമായിരുന്നുള്ളു. പക്ഷെ ലീഗിന്‍റെ സംസ്ഥാന നേതൃത്വത്തിന് സേട്ടുവിന്‍റെ നിലപാടിനോട് ഒട്ടും യോജിക്കാന്‍ കഴിഞ്ഞില്ല.

സേട്ടു ലീഗിനു പുറത്തുപോയി ഇന്ത്യന്‍ നാഷണല്‍ ലീഗ് എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. മുസ്ലിം എന്ന വാക്ക് പേരിലില്ലാതെ തികച്ചും മതേതര രൂപവും ഭാവവുമുള്ള ഒരു പുതിയ പാര്‍ട്ടി. അങ്ങനെ ഐ.എന്‍.എല്‍ എന്ന പാര്‍ട്ടി കേരളത്തില്‍ വളര്‍ന്നു. മുസ്ലിം കേന്ദ്രങ്ങളില്‍ മുസ്ലിം ലീഗിനെയും യുഡിഎഫിനെയും എതിര്‍ത്ത് ഐ.എന്‍.എല്‍ ശക്തി പ്രാപിച്ചു. അന്ന് ഇടതുപക്ഷത്തിനു തുണയായി. പക്ഷെ ഇടതു മുന്നണിയില്‍ ഘടകകക്ഷിയാക്കാന്‍ സി.പി.എം കൂട്ടാക്കിയില്ല. മുന്നണിയിലേയ്ക്കുള്ള വിളിയും കാത്ത് ഐ.എന്‍.എല്‍ കഴിഞ്ഞത് കാല്‍ നൂറ്റാണ്ടു കാലം.

1994 ഏപ്രില്‍ 23നാണ് സുലൈമാന്‍ സേട്ട് ഐ.എല്‍.എല്‍ രൂപീകരിച്ചത്. ദേശീയ രാഷ്ട്രീയത്തില്‍ മുസ്ലിം രാഷ്ട്രീയത്തെ ബലപ്പെടുത്തുകയായ്രുന്നു ലക്ഷ്യം. അന്നു മുതല്‍ ഇടതുപക്ഷത്തോടൊപ്പം കഴിഞ്ഞ ഐ.എന്‍.എല്‍ മുന്നണി ഘടകകക്ഷിയായത് 2018 ഡിസംബര്‍ 26 നു മാത്രം.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്തില്‍ വിജയിച്ച അഹമ്മദ് ദേവര്‍കോവില്‍ പിണറായി സര്‍ക്കാരില്‍ തുറമുഖ, മ്യൂസിയം, ആര്‍ക്കിയോളജി വകുപ്പുകളുടെ മന്ത്രിയുമായി. അധികാരം കൈയില്‍ കിട്ടിയതോടെ പാര്‍ട്ടിയില്‍ അധികാര മത്സരവും തുടങ്ങി. പാര്‍ട്ടിക്കു കിട്ടിയ പി.എസ്.സി അംഗത്വം 40 ലക്ഷം രൂപയ്ക്കു വില്‍ക്കുകയായിരുന്നുവെന്ന ആരോപണമുയര്‍ന്നതോടെയാണ് സംഘര്‍ഷം രൂക്ഷമായത്.

പാര്‍ട്ടി മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമനം നടത്താന്‍ പാര്‍ട്ടി നേതൃത്വത്തോടാലോചിച്ചില്ലെന്ന മറ്റൊരു പരാതി. എതിര്‍ പക്ഷം മുസ്ലിം ലീഗുമായി ഒത്തുതീര്‍പ്പുണ്ടാക്കുന്നുവെന്ന് ഇരുവിഭാഗങ്ങളും ഉയര്‍ത്തുന്ന പരാതി. എറണാകുളത്ത് ചേര്‍ന്ന നേതൃയോഗം അടിച്ചു പിരിഞ്ഞതിനു പിന്നില്‍ മുസ്ലിം ലീഗാണെന്ന് രണ്ടു കൂട്ടരും ആക്ഷേപിക്കുന്നു. ഐഎന്‍എല്‍ വിട്ടു വരുന്നവര്‍‍ക്ക് മാതൃസംഘടനയിലേയ്ക്കു സ്വാഗതമെന്ന് ഐ.യു.എം.എല്‍ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പ്രസ്താവനയിറക്കുകയും ചെയ്തു.

ഐക്യ മുന്നണി രാഷ്ട്രീയം ശക്തമായി നിലനില്‍ക്കുന്ന കേരളത്തില്‍ ചെറിയ പാര്‍ട്ടികള്‍ക്കൊക്കെയും ഭരണത്തില്‍ സ്ഥാനം കിട്ടുക സ്വാഭാവികം. അതുകൊണ്ടുതന്നെ കേരള കോണ്‍ഗ്രസ് പോലെ വലുതായിരുന്ന പാര്‍ട്ടികളും പിളര്‍ന്നു തുടങ്ങി. പിളരും തോറും വളരുകയും വളരും തോറും പിളരുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എന്ന് കെ.എം മാണി തന്നെ പറഞ്ഞു വെച്ചിട്ടുള്ളതുമാണ്.

രാജഭരണ കാലം മുതല്‍ തന്നെ തലമൂത്ത നേതാവായിരുന്ന പട്ടം താണുപിള്ള സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്‍റാവുകയും തിരുവിതാംകൂര്‍ പ്രധാനമന്ത്രിയാവുകയും ചെയ്തത് സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവായിട്ടുതന്നെ. പിന്നദ്ദേഹം സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേയ്ക്ക് തിരിഞ്ഞു പി.എസ്.പി നേതാവാകുകയും തിരു-കൊച്ചി മുഖ്യമന്ത്രിയാകുകയും ചെയ്തു.

1960 ല്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടിയെങ്കിലും ഐക്യ കേരളത്തിന്‍റെ മുഖ്യമന്ത്രിയായത് പട്ടം താണുപിള്ള. ആ പി.എസ്.പി ഇന്നില്ല. എസ്.ആര്‍.പി, എന്‍.സി.പി എന്നിങ്ങനെ ജാതിപാര്‍ട്ടികളും വന്നുപോയി. കെ.ആര്‍. ഗൗരിയമ്മ സ്ഥാപിച്ച ജെ.എസ്.എസിനെയും ഇന്നു കാണാനില്ല. സി.എം.പിയും ക്ഷീണത്തിലാണ്. കേരള കോണ്‍ഗ്രസ് പല കഷണങ്ങളായി. തിരുവിതാംകൂര്‍ രാഷ്ട്രീയത്തില്‍ വലിയ ശക്തിയായിരുന്ന ആര്‍.എസ്.പി പിളര്‍ന്നും ക്ഷയിച്ചു. ഇന്നു കൊല്ലത്തു പോലും ഇല്ലാതായി. ഒരു നേതാവില്‍ തുടങ്ങി ആ നേതാവില്‍ത്തന്നെ അവസാനിക്കുന്ന നിലയിലാണ് ഇത്തരം ചെറുകക്ഷികളില്‍ പലതും.

പ്രതീക്ഷിച്ച ഭരണം കിട്ടാതെ ഭരണത്തിന്‍റെ ശീതളിമയില്ലാതെ പൊരിവെയിലത്തു കഴിയുന്ന മുസ്ലിം ലീഗിന് ഇപ്പോള്‍ അത്ര നല്ല കാലമൊന്നുമല്ല. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഇനിയും ഊര്‍ജം നേടിയിട്ടുമില്ല. അതുതൊണ്ടുതന്നെ മുസ്ലിം കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് വിരുദ്ധ, ലീഗ് വിരുദ്ധ വികാരത്തിന് വലിയ പ്രസക്തിയുണ്ട്.

തീവ്രവാദി മുസ്ലിം സംഘടനകളെയൊന്നും മുസ്ലിം സമുദായം അംഗീകരിക്കാനോ അവയോടൊപ്പം കൂടാനോ ഒരുങ്ങുകയുമില്ല. ഇന്നത്തെ സ്ഥിതിക്ക് ഇടതുമുന്നണി ഘടകകക്ഷിയാവുകയും മന്ത്രി സഭയില്‍ അംഗത്വം കിട്ടുകയും ചെയ്ത ഐ.എന്‍.എലിന് വളര്‍ച്ചയ്ക്ക് വലിയ സാധ്യതയുണ്ട്. അത് ഐ.എന്‍.എല്‍ നേതാക്കള്‍ തന്നെ പരസ്പരം പോരടിച്ചു തകര്‍ക്കാനാണ് നോക്കുന്നതെങ്കില്‍ അയ്യോ കഷ്ടം എന്നു പറയാനേ കഴിയൂ.

-ചീഫ് എഡിറ്റര്‍

editorial
Advertisment