Advertisment

പീരുമേട്ടില്‍ ഇക്കുറി സീറ്റിനായി കോണ്‍ഗ്രസില്‍ പടയൊരുക്കം തുടങ്ങി ! കഴിഞ്ഞ തവണ മത്സരിച്ച സിറിയക് തോമസിന് ഒരവസരം കൂടി നല്‍കണമെന്ന് ഒരു വിഭാഗം. റോയി കെ പൗലോസിന് വേണ്ടി മറുവാദമുയര്‍ത്തി എതിര്‍വിഭാഗം. കെഎസ് യു ജില്ലാ പ്രസിഡന്റ് ടോണി തോമസിന്റെ പേരും പരിഗണിക്കണമെന്ന് ആവശ്യം. റോയി കെ പൗലോസിന് സീറ്റു നല്‍കിയാല്‍ ജില്ല മുഴുവന്‍ തോല്‍ക്കുമെന്ന് മുന്നറിയിപ്പ് ; സീറ്റിനായി പിന്‍വാതില്‍ നീക്കങ്ങള്‍ സജീവമാക്കി മുന്‍ എംഎല്‍എയും !

New Update

ഇടുക്കി : കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് എംഎല്‍എമാരില്ലാതായ ഒരു ജില്ലയായിരുന്നു ഇടുക്കി. പീരുമേട്, ദേവികുളം, ഉടുമ്പന്‍ചോല എന്നീ മൂന്നു മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് ജില്ലയില്‍ മത്സരിച്ചത്. പീരുമേട്ടില്‍ വെറും 314 വോട്ടുകള്‍ക്കാണ് അന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന സിറിയക് തോമസ് പരാജയപ്പെട്ടത്.

Advertisment

അതുകൊണ്ടുതന്നെ ഇക്കുറി പീരുമേടിനായാണ് ഇടുക്കിയില്‍ കോണ്‍ഗ്രസുകാരുടെ പോരാട്ടം. സീറ്റിനായി അവകാശവാദമുന്നയിച്ച് ഇപ്പോള്‍ തന്നെ സോഷ്യല്‍മീഡിയയില്‍ പ്രചാരണം ശക്തമായി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച സിറിയക് തോമസിന് തന്നെയാണ് ഇക്കുറിയും മുന്‍തൂക്കം.

publive-image

എന്നാല്‍ സീറ്റിനായി മുന്‍ ഡിസിസി അധ്യക്ഷന്‍ റോയി കെ പൗലോസും രംഗത്തുണ്ട്. റോയിക്കുവേണ്ടി ചില യൂത്ത കോണ്‍ഗ്രസ്, കെഎസ് യു നേതാക്കളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പോരിനിറങ്ങിയിട്ടുള്ളത്. ഇതിനു പുറമെ കെഎസ് യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്, അഴുത ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പൈനാടത്ത് എന്നിവരുടെ പേരും പീരുമേട്ടില്‍ സജീവമാണ്.

കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയില്‍ വിജയം നഷ്ടപ്പെട്ടത് തന്നെയാണ് സിറിയക്കിന് സാധ്യത കല്‍പ്പിക്കുന്നത്. മുന്‍ എം എല്‍ എ കെകെ തോമസിന്റെ മകന്‍ എന്ന പരിഗണനയില്‍ തോട്ടം തൊഴിലാളികള്‍ക്കിടയില്‍ സിറിയകിന് സ്വീകാര്യത വര്‍ധിപ്പിക്കുന്നു. എന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിറിയക്കിന്റെ യൂണിയനംഗങ്ങള്‍ റിബലായി മത്സരിച്ചത് തിരിച്ചടിയാകുമോയെന്ന സംശയവും ഉണ്ട്.

മുന്‍ ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസാണ് മറ്റൊരു സ്ഥാനാര്‍ത്ഥി മോഹി. നേരിട്ട് സീറ്റിനായുള്ള ശ്രമങ്ങള്‍ നടത്താതെ പിന്‍വാതില്‍ ശ്രമങ്ങളാണ് റോയി നടത്തുന്നത്. തന്റെ ചില വിശ്വസ്തതര്‍ വഴിയാണ് റോയിയുടെ ഓപ്പറേഷന്‍.

എന്നാല്‍ സാമുദായിക സമവാക്യങ്ങളടക്കം റോയിക്ക് തിരിച്ചടിയാണ്. ഒപ്പം പാര്‍ട്ടി ഇടുക്കി ഗോള്‍ഡെന്ന് വിളിക്കുന്ന ചില കുട്ടിനേതാക്കളുടെ പ്രവര്‍ത്തനവും റോയിക്ക് തിരിച്ചടിയാണ്. റോയിയുടെ പിന്‍ബലത്തിലാണ് ഇടുക്കി ഗോള്‍ഡ് പിള്ളേരുടെ കളികളെന്നാണ് പാര്‍ട്ടിയിലെ ചില നേതാക്കള്‍ തന്നെ പറയുന്നത്.

ഈ സംഘത്തിലെ ചിലരെ റോയി കെ പൗലോസ് ഡിസിസി പ്രസിഡന്റായിരുന്ന കാലത്ത് പോഷകസംഘടനാ ഭാരവാഹികലായി നിയമിച്ചിരുന്നു. ഇവരുടെ പേരാലാണ് റോയിക്കായുള്ള പ്രമോഷന്‍ നടക്കുന്നത്.

ഇവര്‍ക്കുപുറമെ മുന്‍ എംഎല്‍എ ഇഎം ആഗസ്തിയടക്കമുള്ളവര്‍ക്ക് പീരുമേട്ടില്‍ കണ്ണുണ്ട്. പക്ഷേ ആഗസ്തിയെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നു തന്നെയാണ് പ്രവര്‍ത്തകര്‍ പറയുന്നത്.

കഴിഞ്ഞ തവണ വാശിയേറിയ മത്സരത്തിനൊടുവില്‍ കപ്പിനും ചുണ്ടിനും ഇടക്കാണ് പീരുമേട് സീറ്റ് യു ഡി എഫിന് നഷ്ടപ്പെട്ടത്. ഇതിന് ഉത്തരവാദികള്‍ ഡി സി സി നേതൃത്വമാണെന്നാണ് പ്രവര്‍ത്തകരുടെ ആക്ഷേപം. യു ഡി എഫിന് മുന്‍തൂക്കമുള്ള കുമളി പഞ്ചായത്തില്‍ ലഭിച്ച ലീഡാണ് ബിജിമോള്‍ക്ക് തുണയായത്.

കുമളിയിലെ കോണ്‍ഗ്രസിലുണ്ടായ പ്രാദേശിക പ്രശ്നങ്ങളാണ് വിനയായത്. അന്നത്തെ പ്രശ്നം പരിഹരിക്കാന്‍ ഡി സി സി നേതൃത്വം ഫലപ്രദമായ ഇടപെടല്‍ നടത്തിയില്ലെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. അതുകൊണ്ടുതന്നെ ഇക്കുറിയും സ്ഥിതി മാറാനിടയില്ല.

പീരുമേടിന്റെ പകുതിയിലേറെ ഭാഗങ്ങല്‍ ഉള്‍ക്കൊള്ളുന്ന ജില്ലാ പഞ്ചായത്ത് വാഗമണ്‍ ഡിവിഷനില്‍ ഇക്കുറി കോണ്‍ഗ്രസ് തോറ്റത് 250ല്‍ താഴെ വോട്ടുകള്‍ക്കായിരുന്നു. പ്രദേശവാസിയല്ലാതെ യുവ നേതാവിന് സീറ്റ് നല്‍കിയതിനാലാണ് തോല്‍വിയുണ്ടായതെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.

EM Augusthy
Advertisment