Advertisment

തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹൈക്കമാൻഡ് നടത്തിയ മൂന്നു സർവേയിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്ന പേര് ഉമ്മൻ ചാണ്ടിയുടേത് ! രണ്ടു സർവേയിൽ 50 ശതമാനത്തിലേറെ പേരുടെ പിന്തുണയിൽ ഉമ്മൻ ചാണ്ടി ബഹുദൂരം മുന്നിൽ. ശശി തരൂർ രണ്ടാമത്. മൂന്നാം സ്ഥാനത്ത് കെ സുധാകരനും ! മൂന്നു നേതാക്കൾക്കല്ലാതെ ആർക്കും രണ്ടക്ക പിന്തുണ പോലും ഇല്ല. ഉമ്മൻ ചാണ്ടിക്കും തരൂരിനും ഹൈക്കമാൻഡ് പ്രാധാന്യം നൽകുന്നത് സർവേയുടെ അടിസ്ഥാനത്തിൽ തന്നെ. പാർട്ടി അധ്യക്ഷ പദവിയിൽ സുധാകരനും മുൻതൂക്കം ! തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ സുധാകരൻ കെപിസിസി അധ്യക്ഷ പദവിയിലേക്ക് !

New Update

publive-image

Advertisment

തിരുവനന്തപുരം: കോൺഗ്രസ് ഹൈക്കമാൻഡ് മൂന്നു സ്വകാര്യ ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാനത്തു നടത്തിയ സർവേയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിൽ ഉമ്മൻചാണ്ടി ഒന്നാം സ്ഥാനത്ത്. മൂന്നു സർവേകളിലും ഒന്നാമതെത്തിയ ഉമ്മൻചാണ്ടിക്ക് രണ്ടു സർവേകൾ 50 ശതമാനത്തിലേറെ സാധ്യത കൽപ്പിക്കുന്നുണ്ട്.

മൂന്നാമത്തെ സർവേയിൽ 45 ശതമാനമാണ് ഉമ്മൻചാണ്ടിയുടെ ജന പിന്തുണ. സർവേകളിൽ രണ്ടാം സ്ഥാനം ശശി തരൂരിനാണ്. തരൂരിൻ്റെ പിന്തുണ മൂന്നു സർവേകളിലും ഏറെക്കുറെ ഒരു പോലെയാണ്.

മൂന്നാം സ്ഥാനത്തു വന്നത് കെ സുധാകരനാണ്. രണ്ടു സർവേകളിൽ മാത്രമാണ് സുധാകരന് രണ്ടക്ക പിന്തുണ ലഭിച്ചത്. ഒരു സർവേയിൽ സുധാകരനൊപ്പം മൂന്നാം സ്ഥാനത്ത് കെ മുരളിധരനും ഉണ്ട്.

നാലാം സ്ഥാനത്തുള്ളത് കെ മുരളിധരനാണ്. നാലാം സ്ഥാനം മുതലുള്ളവർക്ക് രണ്ടക്ക പിന്തുണ ഒരു ഘട്ടത്തിലും ഇല്ല. രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിങ്ങനെയാണ് ബാക്കിയുള്ളവരുടെ സ്ഥാനം.

യുഡിഎഫിനെ ആരു നയിക്കണമെന്ന ചോദ്യത്തിനും കൂടുതൽ പിന്തുണ ഉമ്മൻ ചാണ്ടിക്കു തന്നെയായിരുന്നു. പാർട്ടി നേതൃത്വത്തിലേക്കുള്ള പിന്തുണയിൽ ഉമ്മൻ ചാണ്ടിയും കെ സുധാകരനും ഒപ്പത്തിനൊപ്പമാണ്.

ഇതിൻ്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഉമ്മൻ ചാണ്ടിക്കും തരൂരിനും തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ കൂടുതൽ ചുമതലകൾ കൈമാറിയിട്ടുള്ളത്. കെ സുധാകരൻ്റെ പേര് പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കും പരിഗണിച്ചത് ഈ സർവേ ഫലത്തിൻ്റെ കൂടെ അടിസ്ഥാനത്തിലാണ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ തന്നെ സുധാകരൻ പി സി സിഅധ്യക്ഷ പദവിയിലേക്ക് എത്തുമെന്ന് തന്നെയാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ നൽകുന്ന സൂചന. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയുമായി സുധാകരൻ കൂടിക്കാഴ്ച നടത്തിയിരുന്നു.

oommen chandy trivandrum news
Advertisment