Advertisment

ചെറുമീൻ വേട്ട ; മുനമ്പത്തു വീണ്ടും മീൻപിടിത്ത ബോട്ട് പിടിയിൽ , വളർച്ചയെത്താത്ത 4 ടൺ കിളിമീന്‍ പിടിച്ചെടുത്തു

New Update

വൈപ്പിൻ : ചെറുമീൻ വേട്ടയുടെ പേരിൽ മുനമ്പത്തു വീണ്ടും മീൻപിടിത്ത ബോട്ട് പിടിയിൽ. വളർച്ചയെത്താത്ത 4 ടൺ കിളിമീനുമായി പള്ളിപ്പുറം സ്വദേശിയുടെ ‘ദേവി’ എന്ന ബോട്ടാണു ഫിഷറീസ്- മറൈൻ എൻഫോഴ്സമെന്റ് അധികൃതർ നടത്തിയ പരിശോധനയിൽ വലയിലായത്.

Advertisment

publive-image

സംസ്ഥാന സർക്കാർ നേരത്തെ 58 ഇനം മീനുകളുടെ പിടിക്കാവുന്ന ഏറ്റവും കുറഞ്ഞ വലുപ്പം സംബന്ധിച്ചു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അതിലും ചെറിയ മീനുകളെ പിടിക്കുന്നതു കുറ്റകരമാണെങ്കിലും പല ബോട്ടുകളും ലാഭം മാത്രം നോക്കി ചെറുമീനുകളെ വൻതോതിൽ വലയിലാക്കുകയാണെന്ന് അധികൃതർ പറഞ്ഞു.

കടലിലെ ജൈവ ആവാസവ്യവസ്ഥയെയും മത്സ്യ സമ്പത്തിനെയും ഇതു ബാധിക്കുന്നു. കഴി‍ഞ്ഞ ഒരാഴ്ചയ്ക്കിടെ ചെറുമീനുകളുമായി വൈപ്പിൻ - മുനമ്പം മേഖലയിൽ പിടിയിലാവുന്ന മൂന്നാമത്തെ ബോട്ടാണിത്. കഴിഞ്ഞ 12ന് ഒന്നര ടൺ ചെറുമീനുമായി കണ്ണൂർ സ്വദേശിയുടെ ‘നബീസു’ എന്ന ബോട്ട് വൈപ്പിൻ അഴിമുഖത്തു പിടിയിലായിരുന്നു. 15ന് 1.2 ടൺ ചെറുമത്സ്യവുമായി മുനമ്പം സ്വദേശിയുടെ ‘അശ്വിൻ ’ എന്ന ബോട്ടും പിടിയിലായിരുന്നു.

ഈ 2 ബോട്ടുകൾക്കും 2.5 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ഇപ്പോൾ പിടിയിലായ ബോട്ടിലെ വലുപ്പമുള്ള മത്സ്യങ്ങൾ ലേലം ചെയ്തു ലഭിച്ച 2 ലക്ഷം രൂപ സർക്കാരിലേക്കു മുതൽകൂട്ടുകയും ചെറിയ മത്സ്യങ്ങളെ നശിപ്പിച്ചുകളയുകയും ചെയ്തതായി ബന്ധപ്പെട്ടവർ പറഞ്ഞു.

Advertisment