Advertisment

പ്രവാസികളും രൂപയുടെ ഉയർന്ന വിനിമയ നിരക്കുകളും: "ആലിൻ കായ് പഴുത്തപ്പോൾ കാക്കയ്ക്ക് വായ്പ്പുണ്ണ്"

New Update

ജിദ്ദ: ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നത് രാജ്യത്തെ ജനങ്ങൾ ആശങ്കയോടെ കാണുമ്പോൾ അതിൽ സന്തോഷിക്കുന്നവരാണ് പൊതുവെ പ്രവാസികൾ എന്നും. താങ്കളുടെ കയ്യിലെ കാശിന് വലിയ നിരക്കിൽ ഇന്ത്യൻ ഉറുപ്പിക കിട്ടുന്ന അവസരം സാധ്യമായ വിധത്തിലെല്ലാം അവർ ഉപയോഗപ്പെടുത്തുകയും ചെയ്യാറുണ്ട്. കടം വാങ്ങിയും കമ്പനികളിൽ നിന്ന് അഡ്വാൻസ് നേടിയും മറ്റും എങ്ങിനെയുങ്കിലും കുറച്ച് കാശ് സ്വരൂപിച്ച് നാട്ടിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യാനുള്ള പ്രവാസികളുടെ തത്രപ്പാട് രൂപയുടെ വിനിമയ നിരക്ക് കൂടുന്ന എല്ലാ അവസര ങ്ങളിലും പ്രത്യേക കൗതുക വാർത്തയാണ്.

Advertisment

publive-image

എന്നാൽ കൊറോണാ സാഹചര്യം അതിനെയും തകിടം മറിച്ചു. വിനിമയ നിരക്ക് എത്രയോ ഉയർന്നു. എന്നാൽ, പ്രവാസികൾക്ക് വായ്പുണ്ണ്!!!! വൈറസ് ബാധയെ തുടർന്നുണ്ടായ സാഹചര്യങ്ങൾ പ്രവാസികൾക്ക് ഉദ്ദേശിച്ച പോലെ പണമയക്കാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്.

കൊറോണ വ്യാപനം തടയാൻ സൗദി അറേബ്യ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ കടുത്ത നടപടികൾ സ്വീകരിച്ചു വരികയാണ്. ഇക്കാരണത്താൽ മിക്ക കമ്പനികളും കടകളുമെല്ലാം അടഞ്ഞു കിടക്കുകയാണ് . ആയതിനാൽ പ്രവാസികളിൽ അധിക പേർക്കും ജോലിയും ശമ്പളവും ഇല്ലാത്ത അവസ്ഥയാണ്.

കഴിഞ്ഞ ദിവസം സൗദി മാനവ വിഭവ, സാമൂഹ്യ വികസന മന്ത്രാലയം പ്രഖ്യാപിച്ച തീരുമാനം പ്രവാസികളിൽ വലിയ തോതിലുള്ള നടുക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. കൊറോണാ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ദുരിതത്തിൽ പെട്ടിട്ടുള്ള സ്ഥാപനങ്ങൾക്ക് ചെലവ് ചുരുക്കാനുള്ള മാർഗങ്ങൾക്ക് മന്ത്രാലയം അനുമതി നൽകിയത് വലിയ ആശങ്കയോടെയാണ് പ്രവാസി സമൂഹം നോക്കി കാണുന്നത്.

ജീവനക്കാരുടെ വേതനം കുറക്കാനും തൊഴിലാളികള്‍ക്ക് അവധി നല്‍കാനും സ്വകാര്യ - പൊതു മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അനുമതി ലഭിച്ചു. വെട്ടിച്ചുരുക്കിയ തൊഴില്‍ സമയത്തിന് അനുസൃതമായി തൊഴിലാളികളുടെ ശമ്പളത്തിൽ മാറ്റം വരുത്താനാണ് മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. നിലവിലുള്ള സാഹചര്യത്തിൽ, തൊഴിലാളികൾക്ക് അവധി നല്‍കുമ്പോൽ, അത് അവരുടെ വാര്‍ഷിക അവധിയില്‍ നിന്ന് കുറക്കുകയും ചെയ്യാം. ഇതിനു പുറമെ തൊഴില്‍ നിയമത്തിലെ 116ാം വകുപ്പ് അനുസരിച്ച് തൊഴിലാളിക്ക് അസാധാരണ അവധിയും നല്‍കാം. അനിവാര്യമായ ഇത്തരം തീരുമാനങ്ങൾ പ്രവാസികൾക്കായിരിക്കും ആഘാതം ഏറെയേൽപ്പിക്കുക.

വരും മാസങ്ങളിൽ ജോലിയും ശമ്പളവും ഉണ്ടാവുമോ എന്ന ആശങ്ക കാരണം കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചവരിൽ പലരും നാട്ടിലേക്കു അയക്കാതെ പിടിച്ചു വെച്ചിരിക്കുകയാണ്. ഉള്ള പണം നാട്ടിലേക്ക് അയച്ചാൽ തങ്ങളുടെ ഭക്ഷണത്തിനും മറ്റു അത്യാവശ്യത്തിനും ബുദ്ധിമുട്ടാവും എന്ന് പലരും കരുതുന്നു. ഇനി കൊറോണ വൈറസ് ഭീതി മാറിയാൽ മാത്രമേ പ്രവാസികൾക്ക് പഴയ പോലെ പണം അയക്കാൻ കഴിയൂ. അപ്പോഴേക്കും ഒരുപക്ഷെ, വിനിമയ നിരക്ക് പൂർവ സ്ഥിതിയിലേക്ക് മടങ്ങിയിരിക്കാം.

മണി ട്രാൻസ്ഫർ സ്ഥാപനങ്ങളിലെ നിയന്ത്രങ്ങൾ ഇതിന് പുറമെയാണ്. മികച്ച വിനിമയ നിരക്ക് ഉണ്ടായിട്ടും പണമയക്കാൻ കഴിയാത്ത പ്രവാസികളുടെ ഇപ്പോഴത്തെ ദുരവസ്ഥ 'ആലിൻ കായ് പഴുത്തപ്പോൾ കാക്കക്ക് വായിൽപ്പുണ്ണ് ' എന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്നതാണെന്ന് ജിദ്ദയിലെ സാമൂഹ്യ പ്രവർത്തകൻ മുഹമ്മദ് കല്ലിങ്ങൽ വിശേഷിപ്പിച്ചു.

Advertisment