Advertisment

കോവിഡ് കാലത്ത് എംഎല്‍എ ഓഫിസ് പൂട്ടി വീട്ടിലിരിക്കുന്നുവെന്ന പ്രചരണം: കായംകുളം എംഎല്‍എ യു പ്രതിഭയെ ഫെയ്‌സ്ബുക്കില്‍ വിമര്‍ശിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വന്നേക്കും

New Update

ആലപ്പുഴ: കായംകുളം എംഎല്‍എ യു പ്രതിഭയെ ഫെയ്‌സ്ബുക്കില്‍ വിമര്‍ശിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വരുമെന്ന് ആലപ്പുഴ ജില്ലാസെക്രട്ടറി. ഡിവൈഎഫ്‌ഐ നേതാക്കളോട് വിശദീകരണം തേടിയതായി ആര്‍ നാസര്‍ പറഞ്ഞു. കോവിഡ് കാലത്ത് എംഎല്‍എ ഓഫിസ് പൂട്ടി വീട്ടിലിരിക്കുന്നുവെന്നായിരുന്നു പ്രചരണം.

Advertisment

publive-image

കായംകുളം എംഎല്‍എ, യു പ്രതിഭയെ പരസ്യമായി വിമര്‍ശിച്ച്‌ ഡിവൈഎഫ്‌ഐ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ജനങ്ങള്‍ക്ക് ആശ്വാസമാകേണ്ട സമയത്ത് ഓഫിസുംപൂട്ടി എംഎല്‍എ വീട്ടിലിരിക്കുന്നത് ശരിയല്ലെന്നാണ് വിമര്‍ശനം. കായംകുളത്തെ പാര്‍ട്ടി വിഭാഗീതയതുടെ ഭാഗമായാണ് വിമര്‍ശനമെന്നാണ് സൂചന. ചിലര്‍ക്ക് തന്നോട് ഈഗോ ആണെന്ന് എംഎല്‍എയും തിരിച്ചടിച്ചു.

ഡിവൈഎഫ്‌ഐ കായംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് സാജിദ് ഷാജഹാന്‍, ജില്ലാകമ്മിറ്റി അംഗം മിനിസ ജബ്ബാര്‍ തുടങ്ങി സംഘടനയുടെ ഭാരവാഹികളും പ്രവര്‍ത്തകരമാണ് സമൂഹമാധ്യമങ്ങളിലൂടെ യു പ്രതിഭാ എം.എല്‍എയെ നിശിതമായി വിമര്‍ശിച്ചത്. എംഎല്‍എ ഓഫിസ് തുറന്നുപ്രവര്‍ത്തിക്കാത്തത് പാര്‍ട്ടി അംഗങ്ങള്‍ എന്ന നിലയില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അവശ്യസാധനങ്ങള്‍ക്കും മരുന്നുകള്‍ക്കും ബന്ധപ്പെട്ടിട്ടും ഓരാഴ്ചയായി ഓഫിസ് തുറക്കുന്നില്ല. പാര്‍ട്ടി നിശ്ചയിച്ച സ്റ്റാഫുപോലും ഓഫിസില്‍ വരുന്നില്ല. അവര്‍ക്ക് മടിയാണെങ്കില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അതിന് തയ്യാറാണെന്നും കുറുപ്പില്‍ പറയുന്നു. കോന്നി എംഎല്‍എയടക്കം സജീവമായി രംഗത്തുളളപ്പോഴാണ് കായംകുളം എംഎല്‍എ ഫോണ്‍ പോലും എടുക്കാതെ വീട്ടിലൊളിച്ചതെന്നും താരതമ്യം ചെയ്താണ് വിമര്‍ശനം.

Advertisment