Advertisment

മാത്യു കുഴല്‍നാടന്‍ എന്ന മനുഷ്യസ്‌നേഹിയുടെ നന്മയറിയാന്‍ ഇതൊന്നു വായിക്കണം... മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ വോട്ടറായ ഷാജി വർഗീസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു…

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

Advertisment

യുഡിഎഫ് സ്ഥാനാര്‍ഥി ആയി മൂവാറ്റുപുഴ മണ്ഡലത്തില്‍നിന്നും ജനവിധി തേടുന്ന മാത്യു കുഴല്‍നാടന്‍ മാനുഷിക മൂല്യങ്ങള്‍ക്ക് വളരെയേറെ വില കല്പിക്കുന്ന പ്രവർത്തനങ്ങളിലൂടെ പരിചിതനാണ്. യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ മാത്യു നടത്തിയ ജനസേവന പ്രവര്‍ത്തനങ്ങൾ ധാരാളം കേട്ടിട്ടുണ്ട്. എന്നാൽ, മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ വോട്ടറായ ഷാജി വർഗീസിൻ്റെയും മകൻ്റെയും അനുഭവം മാത്യുവിൻ്റെ മാനവികതയ്ക്കുള്ള വലിയ ഉദാഹരണമാണ്.

സാമൂഹ്യ സേവനത്തിന്റെ നേര്‍ച്ചക്കാഴ്ചയാണ് ഡോക്ടറാവാന്‍ മോഹിച്ച ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയോടും കുടുംബത്തോടും കാണിച്ചത്. മൂവാറ്റുപുഴ മണ്ഡലത്തിലെ ഒരു സാധാരണ പൗരനായ ഷാജിയുടെ മകനായിരുന്നു ആ വിദ്യാര്‍ഥി. ജന്മനാ ഭിന്നശേഷിക്കാരന്‍. ഇടത്തരം കുടുംബം. ആ വിദ്യാര്‍ഥിയോ അദ്ദേഹത്തിന്റെ പിതാവോ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലായിരുന്നു. ഇവരുടെ കുടുംബത്തോട് മാത്യു കുഴല്‍നാടന്‍ എന്ന മനുഷ്യസ്‌നേഹി കാണിച്ച കരുണയുള്ള പ്രവൃത്തിയെക്കുറിച്ച് ഷാജി തന്നെ പറയുന്നത് കേള്‍ക്കുക.

ഷാജി വർഗീസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

മാത്യു കുഴല്‍നാടന്‍ മൂവാറ്റുപുഴയില്‍നിന്ന് നിയമസഭയിലേക്ക് മല്‍സരിക്കുമ്പോള്‍ കുടുംബത്തിലെ ഒരംഗം മല്‍സരിക്കുന്ന വികാരമാണ് എനിക്കുള്ളത്. മാത്യു എനിക്ക് സഹോദരതുല്യനായിട്ട് രണ്ടുവര്‍ഷത്തോളമായി. എന്റെ മകന്‍ ആല്‍ബിന്‍ ജന്മനാ ഭിന്നശേഷിയുള്ളയുള്ള ആളാണ്. അവന്‍ നീറ്റ് പരീക്ഷയില്‍ ഓള്‍ ഇന്‍ഡ്യാ തലത്തില്‍ 1249-ാം റാങ്ക് വാങ്ങി.

ഒരു ഡോക്ടര്‍ ആവുകയെന്നതായിരുന്നു അവന്റെ മോഹം. ഇതിനായുളള ശ്രമം നടത്തി. ഡോക്ടര്‍ ആകുക എന്ന സ്വപ്നത്തിലേക്ക് ചുവടുവയ്പുകള്‍ തുടങ്ങിയപ്പോഴാണ് കോഴ്‌സ് പഠിച്ചു പൂര്‍ത്തീകരിക്കുവാന്‍ ആല്‍ബിന് കഴിയില്ലായെന്ന വാദമുയര്‍ത്തി മെഡിക്കല്‍ ബോര്‍ഡ് അവന്റെ പ്രവേശനം തടഞ്ഞത്. ഞാനും എന്റെ മകനും വലിയൊരു പ്രതിസന്ധിയിലായി. സഹായത്തിനായി പല വഴികളും തെരഞ്ഞു.

അങ്ങനെയാണ് മാധ്യമങ്ങളിലൂടെ മാത്രം പരിചിതനായിരുന്ന മാത്യു കുഴല്‍നാടന്റെ മുമ്പില്‍ ഈ പ്രശ്‌നം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു ജോണ്‍ അവതരിപ്പിച്ചത്. വിവരങ്ങള്‍ മനസിലാക്കിയ അദ്ദേഹം പിറ്റേ ദിവസം രാത്രിയില്‍ വീട്ടിലെത്തി. സര്‍ട്ടിഫിക്കറ്റുകള്‍ കണ്ട് ബോധ്യപ്പെട്ട ശേഷം നമുക്ക് കോടതി വഴി ശ്രമിക്കാം എന്ന് പറഞ്ഞ് വക്കാലത്ത് ഒപ്പിട്ടു വാങ്ങി. ആ പോരാട്ടം സുപ്രീം കോടതി വരെ നീണ്ടു.

ഇടയ്ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിളിച്ച് പ്രശ്‌നത്തില്‍ ഇടപെടുത്തി. ആരോഗ്യ മന്ത്രി ശ്രീമതി ടീച്ചറെ കണ്ടത് അങ്ങനെയാണ്. ഞങ്ങളെ നിയമസഭയിലേക്കുള്ള യാത്രയ്ക്ക് സഹായിക്കുവാന്‍ പെരുമ്പാമ്പൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയെയും ചുമതലപ്പെടുത്തി.

ശ്രീമതി ടീച്ചറും നിയമ വഴി തന്നെ ശുപാര്‍ശ ചെയ്തപ്പോള്‍ കേസ് സുപ്രീംകോടതിയില്‍ കുഴല്‍നാടന്‍തന്നെ ഫയല്‍ ചെയ്തു. കേരളത്തിലെ മെഡിക്കല്‍ ബോര്‍ഡിന്റെ കുറിപ്പായിരുന്നു എല്ലാത്തിനും തടസം. ആ റിപ്പോര്‍ട്ട് കാന്‍സല്‍ ചെയ്യാന്‍ നാഷണല്‍ മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയ്ക്കു വേണ്ടി മാത്യു സുപ്രീം കോടതിയില്‍ വാദിച്ചു. മാത്യുവിന്റെ വാദം അംഗീകരിച്ച് സുപ്രീം കോടതി എയിംസിനോട് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ ആവശ്യപ്പെട്ടു.

ഡല്‍ഹിയില്‍ കുഴല്‍നാടന്റെ സ്വാധീനം ഞങ്ങള്‍ അനുഭവിച്ച് അറിഞ്ഞ ദിവസങ്ങള്‍ ആയിരുന്നു അത്. കേട്ടറിവ് മാത്രമുണ്ടായിരുന്ന ഡല്‍ഹിയും സുപ്രീം കോടതിയും എയിംസുമെല്ലാം മൂവാറ്റുപുഴയില്‍ എന്ന പോലെ പരിചിതമാക്കുവാന്‍ ഡല്‍ഹിയിലെ മാത്യുവിന്റെ ജീവനക്കാര്‍ക്കായി. ഡല്‍ഹി വിമാനത്താവളത്തിലിറങ്ങി തിരികെ വിമാനം കയറുന്നതുവരെ ഓരോ മണിക്കൂറിലും സുഖ വിവരമന്വേഷിച്ച് മാത്യുവിന്റെ ഫോണ്‍ എത്തിക്കൊണ്ടിരുന്നു.

എയിംസ് റിപ്പോര്‍ട്ട് കോടതിയില്‍ എത്തിയെങ്കിലും കോറോണ വഴി മുടക്കിയതിനാല്‍ വിജയം കാണാനായില്ല. ഞങ്ങളില്‍ നിന്നും ഒന്നും പ്രതീക്ഷിച്ചല്ല, മാത്യു കുഴല്‍നാടന്‍ എന്ന മനുഷ്യ സ്‌നേഹി ഞങ്ങളെ സഹായിക്കാന്‍ പുറപ്പെട്ടത്. ഒരു രൂപ പോലും ഞങ്ങളോട് ഫീസ് വാങ്ങിയിട്ടില്ല. കൈയിലെ കാശ് മുടക്കി കോടതിയില്‍ സ്റ്റാമ്പ് ഫീസ് അടയ്ക്കുവാന്‍ ഏത് വക്കീലിനാണ് കഴിയുക.

ശരിയെന്ന് ബോധ്യപ്പെട്ട ഒരു കാര്യത്തിനു വേണ്ടി അവസാനം വരെ പോരാടിയ മാത്യുവിനെ പോലുള്ളവര്‍ നമ്മുടെ ജനപ്രതിനിധിയാവുക എന്നത് നമ്മുടെ നാടിന്റെ ഭാഗ്യം തന്നെയാണ്. ഞങ്ങളെപോലെ സാധാരണക്കാരായവര്‍ക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങള്‍ക്ക് മാത്യു കുഴല്‍നാടന് ഈശ്വരന്‍ പ്രതിഫലം നല്‍കും. തീര്‍ച്ച. പ്രാര്‍ത്ഥനയോടെ…

voices
Advertisment