പാളത്തില്‍ വീണ മൂന്നംഗ കുടുംബത്തിന് അത്ഭുതകരമായ രക്ഷപ്പെടല്‍

Sunday, September 9, 2018

Family Of Three gets narrow escape as underground train run over them

പാളത്തില്‍ വീണ മൂന്നംഗ കുടുംബത്തിന്  മുകളിലൂടെ പോറല്‍ പോലും ഏല്‍പിക്കാതെ കുതിച്ചു പാഞ്ഞ് ട്രെയിന്‍. ലണ്ടനിലെ ബേക്കര്‍ സ്ട്രീറ്റ് ട്യൂബ് സ്റ്റേഷനില്‍ ഭൂഗര്‍ഭ പാതയില്‍ ട്രെയിന്‍ കാത്തു നിന്ന അമ്മയുടെ കയ്യില്‍ നിന്നാണ് പിഞ്ചു കുഞ്ഞ് വഴുതി ട്രാക്കിലേക്ക് വീണത്. കുഞ്ഞിനെ രക്ഷിക്കാന്‍ ട്രാക്കിലേക്ക് ഇറങ്ങിയ അമ്മ ട്രാക്കില്‍ കുടുങ്ങി. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ട്രാക്കിലേക്ക് എത്തുന്ന ട്രെയിന്‍ കുഞ്ഞിന്റെ പിതാവ് കാണുന്നത്.

തിരികെ പ്ലാറ്റ് ഫോമിലേക്ക് കയറാന്‍ കഴിയാതെ ഭയന്നെങ്കിലും ട്രാക്കിന് സമീപമുള്ള ഒരു കുഴിയിലേക്ക് പതിഞ്ഞ് കിടക്കാന്‍ ശ്രമിച്ചതാണ് ഇവരുടെ ജീവന്‍ രക്ഷപെടുത്തിയത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടക്കുന്നത്. ബാഗ് വലിച്ച് നീക്കാനുള്ള ശ്രമത്തിനിടയിലാണ് അമ്മയുടെ കയ്യില്‍ നിന്ന് കുഞ്ഞ് പാളത്തില്‍ വീണത്.

ലണ്ടനിലെ തിരക്കേറിയ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നാണ് ബേക്കര്‍ സ്ട്രീറ്റ് ട്യൂബ് സ്റ്റേഷന്‍. ഏകദേശം 1.37 ബില്യണിലധികം ആളുകളാണ് ഈ സ്റ്റേഷന്‍ ഉപയോഗിക്കുന്നത്. 3000ല്‍ അധികം അപകടങ്ങള്‍ ഈ സ്റ്റേഷനില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും പരിക്കേല്‍ക്കാതെയുള്ള ആദ്യ അപകടമാണ് ഇതെന്നാണ് ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നത്.

×