Advertisment

‘മകനെ ക്രൂരമായി പീഡിപ്പിക്കുന്ന, ക്രൂരനായ അച്ഛനല്ല ഞാൻ. ദൈവത്തെയോർത്ത് അങ്ങനെ മാത്രം വിധിയെഴുതരുത്. ഒരൊറ്റ നിമിഷത്തിൽ പിടിവിട്ടു പോയി. അങ്ങനെയൊക്കെ സംഭവിച്ചു പോയി ; മൂന്നോ നാലോ ദിവസമായി ഉറങ്ങിയിട്ട്. നിങ്ങൾ കാണും പോലെയല്ല എനിക്കെന്റെ മകൻ ജീവനാണ്. ഞങ്ങൾ വീട്ടിൽ കൂട്ടുകാരെ പോലെയാണ് ; മാര്‍ക്ക് കുറഞ്ഞതിന് മകനെ ക്ലാസ് ടീച്ചറുടെ മുന്നില്‍ കരണത്തടിച്ച ''ക്രൂരനായ'' പിതാവ് പറയുന്നു

New Update

അരൂര്‍ : ജന്മം നൽകിയ അച്ഛൻ സ്വന്തം മകനെ ഇങ്ങനെ തല്ലുമോ?’– സമൂഹ മാധ്യമങ്ങളിൽ വൈറലായ വിഡിയോയിലെ അച്ഛൻ ഒരൊറ്റ ദിവസം കൊണ്ട് മലയാളികൾക്ക് വില്ലനായി മാറി. മകനെ എല്ലാവരുടെയും മുന്നിൽ വച്ചു തല്ലുന്നതിലെ അനൗചിത്യമില്ലായ്മയാണ് മറ്റു ചിലർ ചൂണ്ടിക്കാട്ടിയത്. അപ്പോഴേക്കും പ്രതിസ്ഥാനത്തുള്ള അച്ഛനും ഏഴാം ക്ലാസിൽ പഠിക്കുന്ന മകനും വിഡിയോ വൈറലായത് അറിയാതെ വീട്ടിൽ തിരക്കിലായിരുന്നു.

Advertisment

publive-image

ആ പിതാവിന്റെ പേര്, സതീശൻ പൈ. പെട്രോൾ പമ്പ് ഉൾപ്പെടെയുള്ള ബിസിനസുകളുമായി മുന്നോട്ടു പോകുന്ന മനുഷ്യൻ. കുറ്റബോധവും അപമാനഭാരവും കൊണ്ട് നെഞ്ചുനീറിയ ആ മനുഷ്യന് പറയാനുണ്ടായിരുന്നത്, നിമിഷാർദ്ധത്തിലെ കോപം വരുത്തിവച്ച വിനയെ കുറിച്ചായിരുന്നു. മകനെ ജീവനു തുല്യം സ്നേഹിക്കുന്ന ആ മനുഷ്യൻ കണ്ണീരോടെയാണ് പറഞ്ഞു തുടങ്ങിയത്.

‘മകനെ ക്രൂരമായി പീഡിപ്പിക്കുന്ന, ക്രൂരനായ അച്ഛനല്ല ഞാൻ. ദൈവത്തെയോർത്ത് അങ്ങനെ മാത്രം വിധിയെഴുതരുത്. ഒരൊറ്റ നിമിഷത്തിൽ പിടിവിട്ടു പോയി. അങ്ങനെയൊക്കെ സംഭവിച്ചു പോയതാണ്. യാഥാർത്ഥ്യം അന്വേഷിക്കാതെ പടച്ചു വിടുന്ന വാർത്തകളുടെ മറുപുറം കൂടി കേൾക്കാൻ മനസുണ്ടാകണം’. –സതീശൻ പൈ പറഞ്ഞു തുടങ്ങുകയാണ്.

ഏഴാം ക്ലാസിലാണ് എന്റെ മകൻ പഠിക്കുന്നത്. ദൃശ്യത്തിൽ കാണുന്ന ആ ടീച്ചറിനോട് ഒരു മാസം മുന്നേ മകനെ ഒന്നു ശ്രദ്ധിക്കണേ എന്ന് അഭ്യർഥിച്ചതാണ്. അന്നും ഏതോ ഒരു ടെസ്റ്റ് പേപ്പറിന് ഒരു വിഷയത്തിൽ മാർക്ക് കുറഞ്ഞിരുന്നു. വീണ്ടും അതാവർത്തിച്ചപ്പോൾ വല്ലാത്ത അമർഷം തോന്നി. മാസാമാസം നല്ലൊരു തുക ഫീസിനത്തിൽ സ്കൂളിന് നൽകുന്നു. വർഷം 75,000 രൂപയോളം മകന്റെ പഠിപ്പിനായി മാറ്റിവയ്ക്കുന്നു. വർക്ക് ലോഡോ, ഹോം വർക്കോ, എമ്പോസിഷനോ എന്തു വേണമെങ്കിലും നൽകാൻ ഞാൻ‌ ആ ടീച്ചറോട് പറഞ്ഞിരുന്നതാണ്. വീണ്ടും മാർക്ക് കുറഞ്ഞപ്പോൾ, അധ്യാപികയുടെ നിരുത്തരവാദപരമായ സമീപനം കണ്ടപ്പോൾ ദേഷ്യം വന്നു പോയി. ഏതൊരു രക്ഷിതാവും നിലവിട്ടു പോകുന്ന നിമിഷം.

സ്കൂളിലെ ഓപ്പൺ ഹൗസിൽ വച്ചാണ് ഇതെല്ലാം നടക്കുന്നത്. അവനെ പഠിപ്പിക്കുന്ന ടീച്ചറെ പ്ലസ്ടു ക്ലാസിൽ വച്ചാണ് ഞാൻ കാണുന്നത്. അവിടെയുണ്ടായിരുന്ന ഒരു വിദ്യാർത്ഥിയാണ് വിഡിയോ എടുത്തതും പ്രചരിപ്പിച്ചതും. അതും ടീച്ചറിന്റെ അറിവോടെ. എല്ലാം കഴിഞ്ഞ ശേഷം വിഡിയോ കിട്ടിയില്ലേ, എന്ന് അവർ ചോദിക്കുന്നുണ്ടായിരുന്നു. മൊബൈൽ ഫോണിന്റെ ഉപയോഗം നിരോധിച്ച സ്കൂളിലാണ് ഒരു കുട്ടി ഇതെല്ലാം അവന്റെ മൊബൈലിലൂടെ ചിത്രീകരിച്ചത്.

ഒരു നിമിഷത്തെ എടുത്തു ചാട്ടത്തിൽ സംഭവിച്ചതാണ് എല്ലാം, സമ്മതിക്കുന്നു. പക്ഷേ വാട്സാപ്പിലും ഫെയ്സ്ബുക്കിലും ആഘോഷിക്കും മുമ്പ് ഞങ്ങളുടെ കുടുംബത്തിന്റെ അവസ്ഥ മനസിലാക്കണം. ഞങ്ങൾ അനുഭവിക്കുന്ന വേദന കാണാൻ മനസുണ്ടാകണം. മൂന്നോ നാലോ ദിവസമായി ഉറങ്ങിയിട്ട്. നിങ്ങൾ കാണും പോലെയല്ല എനിക്കെന്റെ മകൻ ജീവനാണ്. ഞങ്ങൾ വീട്ടിൽ കൂട്ടുകാരെ പോലെയാണ്.– സതീശൻ പൈ പറഞ്ഞു.

മേഴ്സി സ്കൂളിലെ പ്രിൻസിപ്പൽ സിസ്റ്റർ ലിസി സംസാരിക്കുന്നു

സ്കൂളിലെ ദൃശ്യങ്ങൾ ആഘോഷിക്കുന്നവർക്ക് ഒപ്പമല്ല. ഞങ്ങൾ ഇപ്പോഴും ആ കുട്ടിയുടെ കുടുംബത്തിന്റെ കൂടെയാണ്. അവർ അനുഭവിക്കുന്ന മാനസിക വേദനയ്ക്കൊപ്പമാണ്. മൂന്നോ നാലോ ദിവസമായി അവർ ഉറങ്ങിയിട്ട്. തല്ലുകൊണ്ട കുട്ടിയുടെ മനസിനു മുറിവുണ്ടാകരുത്. അവന്റെ സഹോദരങ്ങൾ നാണക്കേടിലേക്കും തീരാവേദനയിലേക്കും പോകരുത്. കുട്ടികളുടെ നിലവാരം മാതാപിതാക്കളുമായി പങ്കുവയ്ക്കുന്ന സ്കൂളിലെ ഓപ്പൺ ഡേയിലാണ് അത് സംഭവിച്ചത്.

ആ കുട്ടിയെ ഫിസിക്സ് പഠിപ്പിക്കുന്ന ടീച്ചറുണ്ടായിരുന്ന പ്ലസ്ടു ക്ലാസിൽ വച്ചാണ് ടീച്ചറും രക്ഷിതാവും കാണുന്നത്. പ്രിൻസിപ്പലിനെ കാണണമെന്ന് രക്ഷിതാവ് പറയുന്നുണ്ടെങ്കിലും ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല. സ്കൂളിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയിലേക്കും പോയിട്ടില്ല.

എവിടെയും പരാതിയും നൽകിയിട്ടുമില്ല. ദൃശ്യങ്ങൾ കണ്ട് പൊലീസും ചൈൽഡ് ലൈനും സ്വമേധയ കേസെടുക്കുകയായിരുന്നു. വീണ്ടും ആവർത്തിക്കുന്നു, വിഡിയോ കണ്ട് ആഘോഷിക്കുന്നവരോട്, സ്കൂളിന്റെ പേര് വലിച്ചിഴയ്ക്കുന്നവരോട്, ആ കുഞ്ഞു മനസിനെ വേദനിപ്പിക്കരുത്.– സിസ്റ്റർ ലൂസി പറഞ്ഞു നിർത്തി.

Advertisment