തന്റെ മകന്റെ വിധി ഇനി ആര്‍ക്കും ഉണ്ടാകരുത്; പ്രാര്‍ത്ഥനയോടെയുള്ള ഈ അച്ഛന്റെ മാതൃകാ പ്രവര്‍ത്തനത്തിന് സോഷ്യല്‍ മീഡിയയുടെ കൈയ്യടി….

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, July 31, 2018

മുംബൈ: ഇനി ആര്‍ക്കും ഈ ദുര്‍ഗതി ഉണ്ടാകരുതെന്ന് പ്രാര്‍ത്ഥിച്ച് ഒരു പിതാവ് അധികൃതര്‍ക്ക് വഴി കാട്ടിയത് ഇങ്ങനെ.. ജോഗേശ്വരി വിക്രോളി ലിങ്ക് റോഡില്‍ ഗട്ടറില്‍ വീണ് ജീവന്‍ നഷ്ടമായ പതിനാറുകാരന്റെ പിതാവ് പൊതുവഴിയിലെ ഏകദേശം 556 കുഴികള്‍ നികത്തി. മുംബൈ സ്വദേശിയായ ദാദ്രാവോ ബില്‍ഹോര്‍ ആണ് മാതൃകാ പ്രവര്‍ത്തനം മുന്നോട്ട് വെച്ചത്.

2015 ജൂലൈ 28നാണ് ബില്‍ഹോറിന്റെ പുത്രന്‍ പ്രകാശ് ബൈക്കില്‍ വരുന്ന വഴി വെള്ളം കെട്ടിക്കിടന്ന റോഡിലെ കുഴിയില്‍ വീണ് മരിച്ചത്. അതിന് ശേഷമാണ് ബില്‍ഹോര്‍ റോഡിലെ കുഴികള്‍ അടയ്ക്കാന്‍ തീരുമാനമെടുത്തത്. രാജ്യത്തെ റോഡുകള്‍ ഗര്‍ത്തരഹിതമാകുന്നതുവരെ താനിത് തുടരുമെന്നും അദ്ദേഹം അറിയിച്ചു. വലിയ ജനസംഖ്യയുള്ള നാടാണെന്നും രാജ്യത്തെ ഒരു ലക്ഷം പേരെങ്കിലും ഇത്തരത്തില്‍ കുഴികള്‍ അടയ്ക്കാന്‍ മുന്നിട്ടിറങ്ങിയാല്‍ ഇവിടുത്തെ റോഡുകള്‍ ഗര്‍ത്തരഹിതമാകുമെന്നും ബില്‍ഹോര്‍ ചൂണ്ടിക്കാണിക്കുന്നു.

റോഡുകളുടെ കാര്യത്തില്‍ ബിഎംസിയും മുംബൈ മെട്രോപൊളിറ്റന്‍ റീജിയന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തെക്കുറിച്ചുള്ള ചോദ്യത്തിന് ജനങ്ങള്‍ സ്വമേധയാ കുഴികള്‍ അടയ്ക്കാന്‍ തുടങ്ങിയാല്‍ പിന്നെ ഇത്തരത്തിലുള്ള തര്‍ക്കങ്ങളൊന്നും ഉണ്ടാകില്ലെന്നുമാണ് ബില്‍ഹര്‍ പറയുന്നത്.

×