Advertisment

തന്നെ കയ്യേറ്റം ചെയ്ത ആളുടെ കാല്‍ കഴുകി ചുംബിച്ച്‌ വൈദികന്‍

New Update

തൃശൂര്‍; തന്നെ കയ്യേറ്റം ചെയ്ത ആളുടെ കാല്‍ കഴുകി ചുംബിച്ച്‌ വൈദികന്‍ ഫാ. നവീന്‍ ഊക്കന്‍. മാള തുമ്പരശേരി സെന്റ് മേരീസ് പള്ളിയില്‍ ഞായറാഴ്ച പൊതുകുര്‍ബാനക്കിടെയായിരുന്നു സംഭവം. കയ്യേറ്റം ചെയ്തതിന് മാപ്പു പറയാന്‍ എത്തിയ ആളുടെ കാലുകളാണ് നവീന്‍ ഊക്കന്‍ കഴുകി ചുംബിച്ചത്. ക്ഷമയുടെ സന്ദേശം പകര്‍ന്ന വൈദികന്റെ പ്രവര്‍ത്തി കയ്യടികളോടെയാണ് ഇടവകാം​ഗങ്ങള്‍ സ്വീകരിച്ചത്.

Advertisment

publive-image

ഇടവകയിലെ പ്രായമായവരേയും കൊണ്ട് ഫാ നവീന്‍ വിനോദയാത്ര പോയതാണ് സംഭവങ്ങള്‍ക്ക് കാരണമാകുന്നത്. തിരിച്ചുവരാന്‍ വൈകിയെന്നു പറഞ്ഞാണ് ഇടവകയിലൊരാള്‍ അച്ചനെ കയ്യേറ്റം ചെയ്തത്. തുടര്‍ന്ന് ഇയാള്‍ക്കെതിരേ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പള്ളിയില്‍ എത്തി പൊതുകുര്‍ബാനയുടെ മധ്യേ മാപ്പ് പറഞ്ഞാല്‍ കേസ് പിന്‍വലിക്കാം എന്ന് പള്ളികമ്മിറ്റി വ്യക്തമാക്കിയതോടെയാണ് ഇയാള്‍ എത്തിയത്.

മാപ്പ് പറയാന്‍ തയാറായാണ് 26ന് ഇയാള്‍ എത്തിയത്. വികാരി ഫാ. നവീന്‍ ഊക്കന്‍ കുര്‍ബാനമധ്യേ അദ്ദേഹത്തെ അള്‍ത്താരയ്ക്കു സമീപത്തേക്കു വിളിച്ചു. പള്ളിക്കമ്മിറ്റിയുടെ തീരുമാനമനുസരിച്ച്‌ ഇദ്ദേഹം വന്നല്ലോ, അത് അഭിനന്ദനീയമാണെന്ന് പറഞ്ഞ് അച്ചന്‍ ഒരു പാത്രത്തില്‍ വെള്ളമെടുത്ത് കയ്യേറ്റം ചെയ്ത ആളുടെ കാല്‍ കഴുകി, കാലില്‍ ചുംബിക്കുകയായിരുന്നു.

ഇദ്ദേഹം മാപ്പു പറയാന്‍ തയാറായാണു വന്നത്. ഇനി അതു പറയിക്കരുതെന്നാണ് എന്റെ അഭിപ്രായം. അതിനെ അനുകുലിക്കുന്നെങ്കില്‍ നിങ്ങള്‍ എഴുന്നേറ്റുനിന്നു കയ്യടിക്കുക, അല്ലെങ്കില്‍ മാപ്പു പറയിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാം - ഫാ. നവീന്‍ പറഞ്ഞു. ഇതുകേട്ട് പള്ളിയിലുണ്ടായിരുന്നവര്‍ എഴുന്നേറ്റു നിന്ന് കയ്യടിക്കുകയായിരുന്നു.

Advertisment