Advertisment

മലയാളത്തിൽ ഭരതനും പത്മരാജനും ഒക്കെ ചെയ്തതിനു സമാനമായ കാര്യങ്ങളാണ് എഴുത്തിലും സംവിധാനത്തിലുമെല്ലാം കഴിവു തെളിയിച്ച രാം ഗോപാൽ വർമ കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷാ സിനിമകളിലൂടെ സാധ്യമാക്കിയത്; പുതിയ ചിത്രത്തിന്റെ പ്രമോഷനു വേണ്ടി നടിയുടെ പാദത്തിൽ ചുംബിക്കുകയും കാൽവിരലുകൾ ഊംബുകയും ചെയ്ത വർമയുടെ രീതികൾ കണ്ട് ഏവരും ഞെട്ടൽ രേഖപ്പെടുത്തി; സാധാരണയായി സിനിമയിൽ സംവിധായകരെല്ലാം മറയത്ത് ചെയ്യുന്ന കാര്യം മാത്രമേ വർമ പരസ്യമായി ചെയ്തുള്ളു; മറയത്ത് ആയാലും പരസ്യമായി പാടില്ല അതാണ് ജനം പറയുന്നത്; ബദരി നാരായണൻ എഴുതുന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനു വേണ്ടി നടി അശു റെഡ്ഡിയുടെ പാദത്തിൽ ചുംബിക്കുകയും കാൽവിരലുകൾ ഊംബുകയും ചെയ്ത സംവിധായകൻ രാം ഗോപാൽ വർമയുടെ രീതികൾ കണ്ട് ഏവരും ഞെട്ടൽ രേഖപ്പെടുത്തി.

Advertisment

നടിയുടെ കസേരയ്ക്കു താഴെയാണ് സംവിധായകൻ ഇരിക്കുന്നത്. നിന്നെ പോലൊരു സുന്ദരിയെ സൃഷ്ടിച്ചതിന് ദൈവത്തിന് സല്യൂട്ട് എന്നു പറയുകയും ചെയ്യുന്നു. ആരാധനാ പരിപാടി മുഴുവനും ഇരുന്നു കണ്ട ലക്ഷക്കണക്കിനാളുകൾ പ്രമോഷൻ പണി കൃത്യമായി ചെയ്തു കൊടുക്കുമ്പൊഴും രാം ഗോപാൽ വർമയെ അപലപിക്കുകയാണ് ചെയ്തത്.

publive-image

1995 ൽ രംഗീലയിലാണ് രാം ഗോപാൽ വർമയെ നാം ശ്രദ്ധിക്കുന്നത്. പ്രതീക്ഷിക്കാതെ കൈവന്ന ആദ്യസിനിമ സൂപ്പർ ഹിറ്റായതോടെ ഓർക്കാപ്പുറത്ത് വൻകിട താരമായി മാറുന്ന എക്‌സ്ട്രാ നടിയുടെ കഥയാണ് ചിത്രത്തിൽ.

ഹോളിവുഡിലെ വൻ താരമായി മാറിയിട്ടും മുബൈയിലെ തെരുവിൽ ഒന്നുമില്ലാതെ തേരാപ്പാരാ നടക്കുന്ന തന്റെ കാമുകനെ മറക്കാത്ത താരറാണിയുടെ കഥയാണത്. കേവലം രതിബിംബമെന്നതിലപ്പുറം സ്ത്രീയുടെ നിഷ്കളങ്കതയും മനുഷ്യത്വവും അവളുടെ പ്രണയവും സത്യസന്ധ്യതയുമാണ് ചിത്രത്തിന്റെ കാതൽ.

പിന്നീടു വന്ന രാംഗോപാൽ വർമ സിനിമകളിലും ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമാണ്. മിയ മൽകോവ അഭിനയിച്ച ഗോഡ് സെക്സ് ആന്റ് ട്രൂത്ത് (2018) ഒക്കെ പേരു കൊണ്ടു തന്നെ പൊതുബോധത്തിന് വേണ്ടത് കൊടുത്തിട്ടുണ്ട്.

താൻ എഴുതിയ തന്റെ കഥാപാത്രത്തിനു വേണ്ട പുതുമുഖ നടിയെ കണ്ടെത്തി നായികയാക്കി വളർത്തുകയാണ് അദ്ദേഹത്തിന്റെ രീതി. രംഗീലയിലൂടെ ഹോളിവുഡ് കീഴടക്കിയ ഊർമിള മാതോണ്ഡ് കർ മാത്രമല്ലാ വർമ കൊണ്ടു വന്ന നടിമാർ ജിയാ ഖാൻ, അന്തരാ മാലി തുടങ്ങിയവരെല്ലാം വിലയുള്ള താരങ്ങളായി. ഏറ്റവുമൊടുവിൽ ആ നിരയിലേക്കു കടന്നു വന്ന അപ്സരറാണിയാകട്ടെ സിനിമ ഇറങ്ങുന്നതിനു മുന്നേ തന്നെ താരറാണിയായി ഉയർത്തപ്പെട്ടു.

മലയാളത്തിൽ ഭരതനും പത്മരാജനും ഒക്കെ ചെയ്തതിനു സമാനമായ കാര്യങ്ങളാണ് എഴുത്തിലും സംവിധാനത്തിലുമെല്ലാം കഴിവു തെളിയിച്ച രാം ഗോപാൽ വർമ കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷാ സിനിമകളിലൂടെ സാധ്യമാക്കിയത്. എന്നാൽ ഇവിടെ പക്ഷേ വർമയുടെ നായികാപാദപൂജ ആർക്കും അത്ര പിടിച്ചില്ല. രൂക്ഷമായ പ്രതികരണങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ.

എന്നാൽ എല്ലാവർക്കും അറിയാം. സാധാരണയായി സിനിമയിൽ ഏതാണ്ട് സംവിധായകരെല്ലാം മറയത്ത് ചെയ്യുന്ന കാര്യം മാത്രമേ വർമ പരസ്യമായി ചെയ്തതിൽ ഉള്ളൂ. മറയത്ത് ആയാലും പരസ്യമായി പാടില്ല അതാണ് ജനം പറയുന്നത്. അതു ശരി. അപ്പോൾ അതിനെയല്ലേ സാധാരണയായി നമ്മൾ ഹിപ്പോക്രസി അഥവാ കപടനാട്യം എന്ന് വിളിക്കാറുള്ളത് ?

ക്ഷേത്രത്തിൽ പ്രശസ്തയെ കൊണ്ടുവന്നിരുത്തി നാരീപൂജ ചെയ്തത് കണ്ട് കണ്ണടച്ചു തൊഴുന്നവനും യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര സംഹിതാ എന്നു പാടുന്നവനും വർമയുടെ ആരാധനാ പരിപാടി കണ്ട് മൂക്കത്ത് വിരൽ വെച്ചവരിൽ പെടും. യുക്തിവാദ സ്വതന്ത്രന്മാർ ഒരു പടി കൂടി കടന്ന് ഇതൊന്നും ആധുനിക മര്യാദകൾക്കു ചേർന്നതല്ലെന്ന നിലപാടിൽ ആയിരുന്നു. ഊമ്പാം. എന്നാലും അത്ര പരസ്യമായി നടിയുടെ കാൽവിരൽ ഊമ്പരുതായിരുന്നു. അതാണ് ഏവരും പറഞ്ഞു വെക്കുന്നത്.

എന്നാൽ എന്താണ് സിനിമയിൽ സംഭവിക്കാറുള്ളത്. സംവിധായകന്മാർ പുതുമുഖ നായികമാരെ കൊണ്ടു വരും. അനാവൃതമായും ആവൃതമായും അവരെ രതിബിംബമായി അവതരിപ്പിച്ച് പ്രേക്ഷകരുടെ രതികാമനകളെ ഉദ്ദീപിപ്പിച്ച് തൃപ്തിപ്പെടുത്തും. അഞ്ചും പത്തും പാട്ടുകൾ. സംഗീതം നൃത്തം എന്നൊക്കെ പറയുമെങ്കിലും സംഗീത നൃത്തകലാ ശാഖകൾക്ക് ഇതു കൊണ്ട് എന്തുപകാരം ?

അത്തരം രതികാമനകൾ ഫാന്റസികൾ ഒളിഞ്ഞും തെളിഞ്ഞും കുത്തിനിറച്ചാൽ ഉറപ്പാണ്

സാധനം സൂപ്പർ ഹിറ്റാകും. ചുരുക്കിപ്പറഞ്ഞാൽ പുതുമുഖ നായികയെ അയാൾ വിറ്റു കാശാക്കും. പുതുമുഖ നായികമായി അഭിനയിച്ചവൾക്ക് എത്ര പ്രതിഫലം കിട്ടി എന്നന്വേഷിച്ചാൽ നിങ്ങളുടെ കണ്ണുനിറഞ്ഞു പോകും.

സിനിമയുടെ നൂറു ദിവസം ഇരുനൂറു ദിവസം ആഘോഷിക്കപ്പെടുമ്പോൾ മാധ്യമങ്ങളുടെ മുന്നിൽ സംവിധായക പ്രതിഭ കാലിന്മേൽ കാലും കയറ്റി വെച്ച് തെളിഞ്ഞിരുന്ന് തന്റെ കഴിവുകളെപ്പറ്റി ജാടയടിക്കും.

നായികയോ പ്രതിമ പോലെ എവിടെയെങ്കിലും ചിരിച്ചു കൊണ്ടിരിക്കും. മാധ്യമ ക്യാമറകൾ അവരുടെ അഴകളവുകൾ ഒപ്പിയെടുത്ത് മാസികകളിൽ നിരത്തി അതും കച്ചവടം ചെയ്യും. അതെല്ലാം മതി.

ഓരോരുത്തർക്കും അർഹിക്കുന്ന പരിഗണനയേ കിട്ടാവൂ എന്ന കാര്യത്തിൽ പ്രേക്ഷകർക്കും നിർബന്ധമുണ്ട്. നാട്ടുകാർ നായികയുടെ കട്ടൗട്ടിൽ മാലയിട്ടോ പാലഭിഷേകം ചെയ്തോ അമ്പലം പണിതോ ആരാധിച്ചു തുലയട്ടെ. താരാരാധന നിങ്ങൾ ചെയ്തോളൂ.

ഞങ്ങൾ അതൊന്നും ചെയ്യില്ല. അതാണ് സംവിധായകരുടെ ഭാവം. ആൾക്കാരെക്കൊണ്ട് ആരാധിപ്പിക്കുന്ന

ഇവർക്കു മാത്രം എന്താ ആരാധിക്കണ്ടേ ? ആരാധിച്ചു കാണിച്ചു തന്നുകൂടേ ? അവിടെയാണ് വർമ വരുന്നത്. അയാൾ ചെയ്തത് ഇവിടെ അത്രയ്ക്കങ്ങ് അപരാധമായോ ? അപലപനീയമോ ?

മാധ്യമങ്ങൾ സംവിധാകന്റെ കഴിവിനെയും നായികയെ കണ്ടെത്തിയതിലുള്ള സിദ്ധിയെയും വാനോളം പുകഴ്ത്തും. അതു മതി. ബാലചന്ദ്രമേനോനായാലും ഭരതനായാലും ഭരതന്റെ മോനോയാലും

മലയാളത്തിലാണെങ്കിൽ സംവിധായകൻ നായികയെ ചേർത്തു നിർത്തുക പോലുമില്ല. സാദനം നായകന്റെ അരികിലെങ്ങാനും പോയി നിൽക്കും.

publive-image

അഭിനേതാക്കൾ സംവിധായകന്റെ ടൂൾ ആണെന്നെല്ലാം വച്ചലക്കിയാലും ഉപകരണത്തോടുള്ള ബഹുമാനം പോലും പതിവില്ല. അപ്പോഴാണ് സൗന്ദര്യാരാധനയുമായി വന്നിരുന്ന് വർമ തന്റെ കഥാനായികയുടെ പാദം തൊടുന്നത്. തെറ്റല്ലേ പിന്നെ. കണ്ടോ കണ്ടോ അയാൾ നടി അക്ഷരാറാണിയെ ചേർത്തു നിർത്തിയാണ് പുതിയ പോസ്റ്റ് ഇട്ടിരിക്കുന്നത്.

സംഭവം ഇതെല്ലാം നമ്മൾ ഏറ്റെടുക്കും. സംഗതി സൂപ്പർ ഹിറ്റാക്കും. എന്നാലും ചെയ്തത് ശരിയാകുന്നതെങ്ങനെ ?

സ്ത്രീയോട് എങ്ങനെ പെരുമാറണം എന്നത് താനിവിടെ കാണിക്കുകയാണ് എന്നാണ് വർമ പറയുന്നത്.

സിനിമയും ജീവിതവും വ്യത്യസ്തമല്ലാത്ത ഒരു കലാകാരന്റെ ചിന്തയും വ്യക്തധാരണയും തന്നെയാണ് അതിൽ കാണാൻ കഴിയുന്നത്. ചലച്ചിത്രകാരനുള്ള ദേശീയ പുരസ്കാരമടക്കം ക്രെഡിറ്റിൽ നിരവധി നേട്ടങ്ങളുള്ള ഒന്നാന്തരം പ്രതിഭ തന്നെയാണ് രാം ഗോപാൽ വർമ.

എന്നാലും എവിടെയോ എന്തോ ഒരു പന്തികേടു പോലെ. ഒരു പെണ്ണിന്റെ പാദങ്ങളിൽ...

ഇത്ര പരസ്യമായി.ഏയ്. ശരിയല്ലത്. രഹസ്യമാണെങ്കിൽ കുഴപ്പമില്ല. ഹിറ്റ് മേക്കർ സംവിധായകനല്ലേ സ്വാഭാവികം.

ആർഷഭാരതീയമായാലും ആധുനികമായാലും വിടാതെ തുടരുന്ന പുരുഷ കേന്ദ്രീകൃത കാഴ്ചയുടെ കാപട്യമേ നിനക്ക് നമസ്കാരം.

Advertisment