Advertisment

കനത്ത തോല്‍വിക്ക് പിന്നാലെ മുസ്ലീംലീഗിലും ഭിന്നത രൂക്ഷം ! പാര്‍ട്ടി ഫോറങ്ങള്‍ വിളിച്ചു ചേര്‍ത്ത് തോല്‍വി ചര്‍ച്ചചെയ്യാത്തതില്‍ പ്രതിഷേധം. പാര്‍ട്ടി നയരൂപീകരണത്തിന് അധികാരമില്ലാത്ത ഉന്നതാധികാര സമിതിക്ക് പ്രാധാന്യം നല്‍കുന്നതിലും എതിര്‍പ്പ്. പാര്‍ട്ടിയെ ചില നേതാക്കള്‍ ഒറ്റുകൊടുക്കുന്നുവെന്ന ആക്ഷേപവുമായി ചില നേതാക്കള്‍. കെഎം ഷാജിയേയും പികെ ഫിറോസിനെയും തോല്‍പ്പിച്ചത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ! ഡിപ്ലോമാറ്റിക് കോംപ്രമൈസുകള്‍ പാര്‍ട്ടിയില്‍ ഏറിവരുന്നതായും ആക്ഷേപം

New Update

publive-image

Advertisment

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ മുസ്ലീംലീഗിലും പൊട്ടിത്തെറി. പാര്‍ട്ടി സംസ്ഥാന സമിതിയോ, പ്രവര്‍ത്തക സമിതിയോ വിളിച്ചു ചേര്‍ത്ത് പരാജയം വിലയിരുത്താത്തതിലാണ് പ്രതിഷേധം. നേതൃത്വത്തിനെതിരെ ഒന്നും പറയാത്ത അണികളാണ് പാര്‍ട്ടിക്കുള്ളതെന്നത് ദൗര്‍ബല്യമായി കാണരുതെന്നാണ് പ്രവര്‍ത്തകരുടെ ആക്ഷേപം.

തെരഞ്ഞെടുപ്പിലെ തോല്‍വി കഴിഞ്ഞ് ഒന്നര മാസത്തോളമായിട്ടും ഇക്കാര്യത്തില്‍ ഗൗരവമായ വിലയിരുത്തല്‍ ഉണ്ടാകാത്തതിലാണ് ലീഗ് നേതാക്കളിലും അണികളിലും കടുത്ത പ്രതിഷേധമുള്ളത്.

പാര്‍ട്ടി ഭരണഘടന പ്രകാരമുള്ള സമിതികളൊന്നും യോഗം ചേരാതെ ഉന്നത നേതാക്കള്‍ മാത്രമുള്ള ഭരണഘടനാ പ്രകാരം അധികാരമില്ലാത്ത ഉന്നതാധികാര സമിതി മാത്രം ചേര്‍ന്ന് തീരുമാനമെടുക്കുന്നതിലാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. അതിനിടെ ചില നേതാക്കളെ തോല്‍പ്പിക്കാന്‍ ഉന്നത നേതാക്കള്‍ ശ്രമിച്ചുവെന്ന ആക്ഷേപവും സജീവമാണ്.

ലീഗിനൊപ്പമുള്ള കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ പരാജയത്തിനു പിന്നാലെ പാര്‍ട്ടിയില്‍ നേതൃമാറ്റവും തലമുറ മാറ്റവുമൊക്കെ നടപ്പാക്കിയിരുന്നു. എന്നാല്‍ ലീഗില്‍ മാത്രം കാര്യങ്ങള്‍ ഇപ്പോഴും പഴയപടി തന്നെയാണെന്നാണ് ആക്ഷപം. മൂന്നരപതിറ്റാണ്ടായി ഒരാള്‍തന്നെ എല്ലാ അധികാര കേന്ദ്രങ്ങളും കയ്യാളുന്നത് പാര്‍ട്ടിക്ക് ഗുണകരമല്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

പാര്‍ട്ടിയിലെ ചില ഉന്നത നേതാക്കള്‍ക്ക് തങ്ങളല്ലാതെ മറ്റാരും നേതൃ നിരയിലേക്കോ, അധികാര കേന്ദ്രങ്ങളിലേക്കോ എത്തുന്നതില്‍ കടുത്ത വിഷമമുണ്ടെന്നും ഇവര്‍ പറയുന്നു. ഇവരുടെ 'ഡിപ്ലോമാറ്റിക് കോംപ്രമൈസി'ന് കൂട്ടുനില്‍ക്കാത്തതിനാല്‍ കൂടെയുള്ള നേതാക്കളെ പോലും വെട്ടി നിരത്തുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ലീഗിലെ ചില യുവ നേതാക്കളെ തെരഞ്ഞു പിടിച്ച് ഈ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചതാണെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.

കെഎം ഷാജി, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് എന്നിവരെ തെരഞ്ഞ് പിടിച്ച് തോല്‍പ്പിച്ചതാണെന്നാണ് പരാതി. ഇതു സംബന്ധിച്ച് ചില യുവജന നേതാക്കള്‍ അന്വേഷണവും നടത്തിയിരുന്നു. പാര്‍ട്ടിയിലെ തന്നെ ചിലരാണ് ഈ നീക്കത്തിനു പിന്നിലെന്നും ഇവര്‍ സൂചന നല്‍കുന്നു.

എതിര്‍പക്ഷവുമായി ഒത്തുതീര്‍പ്പ് നടത്തുന്ന ചില നേതാക്കളാണ് പാര്‍ട്ടിയെ ഒറ്റുകൊടുക്കുന്നതെന്ന ആക്ഷേപവും ഒരുവിഭാഗം ഉന്നയിക്കുന്നുണ്ട്. ഇക്കാര്യങ്ങളും പാര്‍ട്ടി സെക്രട്ടറിയേറ്റ് ചേര്‍ന്നാല്‍ ചര്‍ച്ചയാകും.

kozhikode news muslim league
Advertisment