Advertisment

ഫോറസ്റ്റ് എൻഒസി അകാരണമായി വൈകുന്നു... ആദിവാസി മേഖല ദുരിതക്കയത്തിൽ !

New Update

publive-image

Advertisment

പന്നിമറ്റം: വെള്ളിയാമറ്റം പഞ്ചായത്തിലെ 'പട്ടയ രഹിത മേഖലകളായ പൂമാല, മേത്തൊട്ടി., കൂവക്കണ്ടം, നാളിയാനി, കുളപ്രം', പൂച്ചപ്ര, വാർഡുകളിൽ റോഡ്‌ വികസന പ്രവർത്തനങ്ങൾക്കായി പദ്ധതി തയ്യാറാക്കി തുക നീക്കിവച്ച് ഫോറസ്റ്റ് അനുമതിക്കായി 2020 ജൂൺ മാസം ആദ്യവാരം അപേക്ഷ സമർപ്പിച്ച ഇരുപത്തിരണ്ട് റോഡ് കോൺക്രീറ്റ് പദ്ധതികൾക്കായി നാല്‍പത്തി ഒന്ന് ലക്ഷം രൂപയും പ്രളയദുരിതാശ്വാസത്തിൽ മൂന്ന് റോഡുകൾക്കായി അനുവദിച്ച അറുപത്തി ഒൻപതു ലക്ഷത്തി അറുപത്തിയ്യായിരം രൂപയും ഉൾപ്പെടെ ഒരു കോടി പത്തുലക്ഷത്തി അറുപത്തയ്യായിരം രൂപയാണ് വനം വകുപ്പിന്റെ ഗുരുതര വീഴ്ച മൂലം നഷ്ടമാകാനിടയുള്ളത്.

അപേക്ഷ നല്കി കഴിഞ്ഞ എട്ടു മാസമായി ഫോറസ്റ്റ് എൻഒസി ലഭിക്കാത്തതുമൂലം പ്രവർത്തി ടെൻഡർ ചെയ്യുന്നതിനോ നിർമ്മാണം നടത്തുന്നതിനോ കഴിയാത്ത സ്ഥിതിയാണ് വന്നു ചേർന്നിരിക്കുന്നത്. വെള്ളിയാമറ്റത്തെ ആദിവാസി മേഖലകളിലെ റോഡുകൾ പ്രളയാനന്തരം കാൽനടയാത്രയ്ക്കു പോലും സാദ്ധ്യമല്ലാത്തത്ര ദുഷ്കരമായിരിക്കെയാണ് കൊവിഡിന്റെ മറവിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഗുരുതര കൃത്യവിലോപം നടത്തിയിരിക്കുന്നത്.

നിലവിൽ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടിട്ടുള്ളതും മൂന്നു മീറ്റർ മുതൽ ആറു മീറ്റർ വരെ വീതിയുള്ളതും ഈ മേഖലകളിൽ ജനവാസം ആരംഭിച്ച കാലം മുതൽ നിർമ്മാണം നടത്തിയിട്ടിട്ടുള്ള ഈ റോഡുകൾക്ക് പ്രളയവും, കാലവർഷവും ഏല്പിച്ച ആഘാതം മൂലം ജീപ്പുകളാല്ലാതെ മറ്റ് യാതൊരു വാഹനവും കയറുവാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.

കൊവിഡ് എന്ന മഹാമാരി മൂലം ദുതിരക്കയത്തിലായ ആദിവാസികൾ ഉൾപ്പെടെ ഈ മേഖലകളിൽ സ്ഥിരതാമസക്കാരായ സാധാരണ ജനങ്ങൾക്ക് അത്യാവശ്യമായി ആശുപത്രിയിൽ പോകുന്നതിനു പോലും കഴിയാത്ത വിധത്തിലുള്ള കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. വനം വകുപ്പ് അധികാരികൾ വരുത്തിയ വീഴ്ച സാധാരണ ജനങ്ങളോടുള്ള വെല്ലുവിളി തന്നെയാണ്.

വനം വകുപ്പിന്റെ അനാവശ്യ തടസ്സവാദങ്ങൾ മൂലം പഞ്ചായത്തിന്റെ പട്ടികവർഗ്ഗ മേഖലയുടെ വികസന ഫണ്ട് നഷ്ടമാകുന്നതിനു പുറമേ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമായി കാണേണ്ടതുണ്ടെന്ന് ഇടുക്കി ഡിസിസി എക്സിക്യൂട്ടീവ് അംഗവും വെള്ളിയാമറ്റം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷനുമായ മോഹൻ ദാസ് പുതുശ്ശേരി പറഞ്ഞു.

കൂടാതെ ഈ മേഖലയിലേയ്ക്കുള്ള ഏക യാത്രാമാർഗ്ഗമായ പൊട്ടിപൊളിഞ്ഞ പൂമാല - മേത്തൊട്ടി പിഡബ്ല്യുഡി റോഡ് കഴിഞ്ഞ മൂന്ന് വർഷമായി ടാറിംഗ് ചെയ്യാത്തതുമൂലം മേത്തൊട്ടിയിലേയ്ക്കുള്ള ബസ് സർവ്വീസ് നിർത്തിവയ്ക്കേണ്ട ഗതികേടിലുമാണ് എന്നത് സർക്കാർ വകുപ്പുകൾ പിന്നോക്ക മേഖലകളോട് കാലങ്ങളായി പിൻതുടർന്നു വരുന്ന അവഗണനയ്ക്ക് ഉത്തമ ഉദാഹരണമാണെന്നും കുഴികളിൽവീണ്‌ സ്കൂട്ടർ, ബൈക്ക്‌ യാത്രക്കാർ ഗുരുതരമായി പരിക്കേൽക്കുന്നത്‌ നിത്യസംഭവമായി മാറിയിരിക്കുന്നത്‌ ഗൗരവമായി കാണേണ്ടതുണ്ടെന്നും അടിയന്തര നടപടികൾ സ്വീകരിക്കാത്ത പക്ഷം ഫോറസ്റ്റ്‌ ഓഫീസ്‌ ഉപരോധവുംറോഡ്‌ ഉപരോധമുൾപ്പെടെയുള്ള സമരപരിപാടികൾക്ക്‌ നേതൃത്വം നല്കുമെന്നും അറിയിച്ചു.

യോഗത്തിൽ കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ ബിനു കുളത്തിനാൽ, പ്രവീൺ റ്റി.പി. ബൂത്ത് പ്രസി: സന്തോഷ് കുമാർ കണ്ണാട്ട്, സിജു മാത്യു പുളിന്താനത്ത്, മനോജ് കാക്കരശ്ശേരി ബോണി എ.കെ തുടങ്ങിയവർ സംസാരിച്ചു.

idukki news
Advertisment