Advertisment

വിചാരണ തടവുകാരനെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

New Update

publive-image

Advertisment

മുട്ടം: വിചാരണ തടവുകാരനെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ (സിഎഫ്എൽടിസി) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുട്ടം തുടങ്ങനാട് റാണി ഗിരി ആശുപത്രിയിൽ പ്രവർത്തിക്കുന്ന സിഎഫ്എൽടിസിയിലാണ് കാഞ്ചിയാർ ലബ്ബക്കട കലത്തുങ്കൽ ബിനോയി ജോണിനെ (46) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സിഎഫ്എൽടിസിയിലെ മറ്റ് തടവുകാർക്കൊപ്പം ഇന്നലെ പുലർച്ചെ ബിനോയിയേയും ബാത്ത്റൂമിൽ പോകാൻ അനുവദിച്ചിരുന്നു. മറ്റുള്ളവർ തിരികെ റൂമിൽ എത്തിയെങ്കിലും ഇയാൾ മാത്രം എത്താതെ വന്നതിനെ തുടർന്ന് സുരക്ഷ ജീവനക്കാർ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കഴുത്തിൽ കെട്ടിയ തോർത്ത് ബാത്ത്റൂമിന്റെ കമ്പിയിൽ കുരുക്കി തൂങ്ങി നില്ക്കുന്നതായി കണ്ടത്.

സുരക്ഷ ജീവനക്കാർ ഉടൻ ഇയാളെ താഴെ ഇറക്കി ജില്ലാ ജയിലിൽ വിവരം അറിയിച്ചു. തുടർന്ന് ഇയാളെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോവിഡ് പരിശോധന ഫലം നെഗറ്റീവായതിനെ തുടർന്ന് ഇന്ന് പോസ്റ്റ് മോർട്ടം നടത്തുന്നതിന് വേണ്ടി ഇന്നലെ വൈകിട്ടോടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഇടുക്കി ആർഡിഒ സെബാസ്റ്റ്യൻ പി ജെ, തൊടുപുഴ ഡി വൈ എസ് പി സദനൻ, മുട്ടം സിഐ വി ശിവകുമാർ, എസ്ഐ പി കെ ഷാജഹാൻ, മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു. കുമളി പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പീരുമേട് മജിസ്ട്രേറ്റാണ് ഇയാളെ വിചാരണ തടവുകാരനായി റിമാന്റ് ചെയ്തത്.

കഴിഞ്ഞ 23 നാണ് ഇയാളെ കോവിഡ് നിരീക്ഷണത്തിന് മുട്ടം തുടങ്ങനാട് സിഎഫ്എൽടിസിയിൽ എത്തിച്ചത്. ഏതാനും ആഴ്ച്ചകൾക്ക് മുൻപ് മുട്ടം ജില്ലാ ജെയിലിൽ വിചാരണ തടവുകാരനായ യുവാവ് ആത്മഹത്യ ചെയ്തിരുന്നു.

വിചാരണ തടവുകാരന്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിനെ സംബന്ധിച്ചുള്ള വിവരങ്ങൾ അറിയാൻ വിവിധ ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും റാണി ഗിരി ആശുപത്രിയിലെ ഔദ്യോഗിക ഫോൺ നമ്പരുകളിൽ വിളിച്ചെങ്കിലും ഇന്നലെ രാവിലെ മുതൽ ഫോൺ സ്വിച്ച് ഓഫായിരുന്നു. ആശുപത്രിയിൽ രണ്ട് ലാന്റ് ഫോൺ നമ്പരുകളും പൊതുവായി ഒരു മൊബൈൽ നമ്പരുമാണുള്ളത്.

idukki news
Advertisment