Advertisment

ഫാ.സേവ്യര്‍ തേലക്കാട് കൊലക്കേസ്; പ്രതിയായ മുന്‍ കപ്യാര്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

New Update

കൊച്ചി: മലയാറ്റൂർ കുരിശുമുടി റെക്ടർ ഫാ. സേവ്യർ തേലക്കാട്ടിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി മുൻ കപ്യാർ മലയാറ്റൂർ വട്ടപ്പറമ്പൻ ജോണിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജ‍ഡ്ജി ഡോ. കൗസർ എടപ്പഗത്താണ് സാക്ഷികളെ വിസ്തരിച്ച് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ടി.പി.രമേശ് ഹാജരായി. 2018 മാർച്ച് ഒന്നിനു മലയാറ്റൂർ കുരിശുമുടി കാനനപാതയിൽ ആറാം സ്ഥലത്തുവച്ചാണു ഫാ.സേവ്യറിനു കുത്തേറ്റത്.

Advertisment

publive-image

അമിതമദ്യപാനത്തെ തുടർന്നു ജോണിയെ കപ്യാർജോലിയിൽനിന്നു മാറ്റിനിർത്തിയിരുന്നു. ഏപ്രിലിൽ നടക്കുന്ന തിരുനാളിനു മുൻപ് ജോലിയിൽ തിരികെ കയറ്റണമെന്നാവശ്യപ്പെട്ടു പ്രതി ജോണി ഫാ.സേവ്യറിനെ സ്ഥിരമായി ശല്യം ചെയ്തിരുന്നു. സംഭവദിവസം മലയടിവാരത്തെ തീർഥാടക കേന്ദ്രത്തിൽനിന്നു കത്തി കൈക്കലാക്കിയ ജോണി മലയിറങ്ങിവരികയായിരുന്ന ഫാ.സേവ്യറിനെ കുത്തി കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസിന്റെ കുറ്റപത്രം.

ഇടതു തുടയുടെ മേൽഭാഗത്താണു കുത്തേറ്റത്. ഉച്ചയ്ക്കു 12 മണിയോടെയാണു കുരിശുമുടി ഇറങ്ങി വരുകയായിരുന്ന ഫാ. സേവ്യറിനെ പ്രതി തടഞ്ഞു നിർത്തി ഇടതു തുടയിൽ കുത്തിയത്. നാട്ടുകാർ ഉടൻ തന്നെ ചുമന്നു താഴ്‌വാരത്ത് എത്തിച്ചശേഷം ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും രക്തം വാർന്നു മരിച്ചു. രക്തധമനി മുറിഞ്ഞിരുന്നതാണ് മരണത്തിന് ആക്കം കൂട്ടിയത്. കാലടി ഇൻസ്പെക്ടർ സജി മാർട്ടിനാണു കേസന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്. 51 സാക്ഷികളുടെ പട്ടികയാണു കോടതിയിൽ സമർപ്പിച്ചതെങ്കിലും മുഴുവൻ സാക്ഷികളെയും പ്രോസിക്യൂഷൻ വിസ്തരിച്ചില്ല. കേസിൽ പ്രതിയുടെ ഭാര്യ മാത്രമാണ് കൂറുമാറിയ സാക്ഷി.

ജോണി ഫാ. സേവ്യർ തേലക്കാട്ടിനെ കുത്താനുപയോഗിച്ച കത്തി സംഭവ സ്ഥലത്തിനടുത്തു തന്നെ കണ്ടെത്തിയിരുന്നു. കൊലപാതകശേഷം പകലും രാത്രിയും കാട്ടിൽ കഴിഞ്ഞ പ്രതി പിടിയിലാകുമ്പോൾ അവശനിലയിലായിരുന്നു. ഷർട്ടും അടിവസ്ത്രവും മാത്രമാണു ധരിച്ചിരുന്നത്. ആക്രമണ സമയത്തു ജോണി കാവി നിറത്തിലുള്ള മുണ്ടുടുത്തിരുന്നു. കാട്ടിനുള്ളിലെ മരത്തിൽ ഇയാൾ മുണ്ടു കെട്ടി ആത്മഹത്യാ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതായി പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു.

കൊലപാതകത്തിന്റെ ദൃക്സാക്ഷികൾ രണ്ടു പേർ സംഭവം കോടതിയിൽ വിവരിച്ചതു വൈകാരിക രംഗങ്ങൾക്കു വഴിയൊരുക്കിയിരുന്നു. കുത്തേറ്റു വീണ ഫാ.സേവ്യറിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ച ദൃക്സാക്ഷിക്കു നേരെ കത്തിവീശിയ പ്രതി ജോണി ‘അച്ചൻ അവിടെ കിടന്നു മരിക്കട്ടെ’യെന്ന് ആക്രോശിച്ചതായും സാക്ഷി മൊഴി നൽകിയിരുന്നു.

murder case fr xavier thelakkadu
Advertisment