Advertisment

ആരോഗ്യ രംഗത്ത് മലപ്പുറത്തിന് ശ്വാസം മുട്ടുകയാണ് ! വിവേചനത്തിന് പരിഹാരമെവിടെ ?

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

43 ലക്ഷം ജനസംഖ്യയുള്ള മലപ്പുറം ജില്ലയിലെ വാക്സിനേഷൻ പ്രക്രിയ ഏറെ പിറകിലാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ഉൾപ്പെടെ നിരവധി സംഘടനകൾ സൂചിപ്പിക്കുകയും, കണക്കുകൾ പുറത്തു വരികയും ചെയ്‌തിരുന്നു . സംസ്ഥാന ശരാശരിക്കും താഴെ 16% മാത്രമാണ് ജില്ലയിൽ വാക്സിനേഷൻ നടന്നത്.

എന്നാൽ വാക്സിനേഷൻ പ്രക്രിയയിൽ മാത്രമല്ല, കോവിഡ് ചികിത്സക്കായി സർക്കാർ ജില്ലയിലൊരുക്കിയ സൗകര്യങ്ങളിലും ഭീകരമായ വിവേചനമാണ് നിലനിൽക്കുന്നത് എന്നാണ് സർക്കാർ കണക്കുകൾ തന്നെ സൂചിപ്പിക്കുന്നത്.

ജില്ലയിൽ സർക്കാർ ഒരുക്കിയ വെന്റിലേറ്റർ, ഐസിയു ബെഡ്, ഓക്സിജൻ ബെഡ് തുടങ്ങിയ ജീവൻ രാക്ഷാ സംവിധാനങ്ങളിലും മറ്റു ജില്ലകളെ അപേക്ഷിച്ച് വളരെ കുറവാണ്.

മലപ്പുറം ജില്ലയിലെ ആരോഗ്യരംഗത്തെ അപര്യാപ്തതകൾ കോവിഡ് കാലത്തെങ്കിലും പരിഹരിക്കാമായിരുന്നെങ്കിലും ദുരന്തപൂർണമായ വിവേചനമാണ് അതിലും സംഭവിച്ചത്.

33 ലക്ഷം ജനസംഖ്യയുള്ള തിരുവനന്തപുരത്ത് 136 വെന്റിലേറ്റരും, 20 ലക്ഷം ജനസംഖ്യയുള്ള കോട്ടയത്ത് 122 വെന്റിലേറ്ററുകളും സർക്കാർ ഒരുക്കിയിട്ടുണ്ട്. എന്നാൽ 43 ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്ത് വെറും 70 വെന്റിലേറ്റുകൾ മാത്രമാണ്. ഇതിൽ തന്നെ 59 വെന്റിലേറ്ററുകളാണ് ലഭ്യമാകുന്നതെന്നും അനൗദ്യോഗികമായി വിവരം ലഭിക്കുന്നുണ്ട്.

നിലവിൽ മലപ്പുറത്ത് 43610 രോഗികളുള്ളപ്പോൾ തിരുവന്തപുരത്തും കോട്ടയത്തും യഥാക്രമം 16948 ഉം 9038ഉം രോഗികളാണ്. അതായത്, ഒരു ഐ.സി.യു ബെഡിനായി തിരുവനന്തപുരത്ത് 61 രോഗികളും കോട്ടയത്ത് 59 രോഗികളുമെങ്കിൽ മലപ്പുറത്തത് 431 രോഗികളാണ്.

തിരുവനന്തപുരത്ത് 125 രോഗികൾക്ക് ഒന്ന് എന്ന നിലയിലും കോട്ടയത്ത് 74 രോഗികൾക്ക് ഒന്ന് എന്ന നിലയിലും വെന്റിലേറ്റർ സൗകര്യമുള്ളപ്പോൾ മലപ്പുറത്ത് 623 രോഗികൾക്കായി ഒരു വെന്റിലേറ്റർ മാത്രമാണെന്നാണ് കണക്ക്.

ഭീകരമായ ഈ വിവേചനം എങ്ങനെയാണ് സംഭവിക്കുന്നത്? കേരളത്തിൽ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാത്തതെന്താവും?

എല്ലാ ദിവസവും മലപ്പുറം ജില്ലയിൽ മാത്രം സർക്കാർ സൈറ്റിൽ വെന്റിലേറ്റർ ലഭ്യത പൂജ്യമായിട്ടാണ് കാണിക്കുന്നത്? കേരളത്തിൽ വെന്റിലേറ്റർ കിട്ടാതെ നടന്ന രണ്ട് മരണങ്ങളും മലപ്പുറത്തായിട്ടും ഗൗരവപൂർവ്വമായ തിരുത്തൽ നടപടികൾ സർക്കാർ സ്വീകരിക്കാത്തതെന്താണ്?

ഭയം തോന്നുന്നുണ്ട്. ഇവിടെ കൂട്ടമരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയാൽ സർക്കാറും തല തിരിഞ്ഞ നയങ്ങളുള്ള ആരോഗ്യ വകുപ്പും മാത്രമായിരിക്കും ഉത്തരവാദി എന്ന് ഗൗരവപൂർവ്വം സൂചിപ്പിക്കുന്നു.

-ഡോ: സഫീർ എ.കെ

(പ്രസിഡന്റ്‌, ഫ്രറ്റേണിറ്റി മൂവ്മെന്റ്, മലപ്പുറം)

voices
Advertisment