Advertisment

പ്രധാനമന്ത്രി ഉദ്ഘാടനത്തിന് ആഗ്രഹം പ്രകടിപ്പിച്ച സ്ഥിതിക്ക് അദ്ദേഹത്തിന്‍റെ തീയതി ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ്‌; മുഖ്യമന്ത്രി ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്; പ്രധാനമന്ത്രിയുടെ തീയതി ലഭിക്കുന്ന മുറയ്ക്ക് ബൈപ്പാസ് പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കും; നാടിനുള്ള പുതുവത്സര സമ്മാനമായി മാറുകയാണ് ആലപ്പുഴ ബൈപ്പാസെന്ന് മന്ത്രി ജി. സുധാകരന്‍

New Update

ആലപ്പുഴ: നാടിനുള്ള പുതുവത്സര സമ്മാനമാണ് ആലപ്പുഴ ബൈപ്പാസെന്ന് മന്ത്രി ജി. സുധാകരന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനത്തിന് ആഗ്രഹം പ്രകടിപ്പിച്ച സ്ഥിതിക്ക് അദ്ദേഹത്തിന്റെ തീയതി ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രിയുടെ തീയതി ലഭിക്കുന്ന മുറയ്ക്ക് ബൈപ്പാസ് പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

Advertisment

publive-image

ഫേസ്ബുക്ക് പോസ്റ്റ്...

ആലപ്പുഴ ബൈപ്പാസ് - വന്നു കണ്ടു പുതുവർഷത്തിൽ ഉദ്ഘാടനത്തിന് വഴി തുറന്നു..

ബൈപ്പാസിലെ മേല്‍പ്പാലത്തിന്‍റെ എല്ലാ നിര്‍മ്മാണവും പൂര്‍ത്തിയായ ശേഷം ഇന്നലെ കളര്‍കോട് ജംഗ്ഷന്‍ മുതല്‍ കൊമ്മാടി ജംഗ്ഷന്‍ വരെയുള്ള 6.5 കി.മീറ്റര്‍ ദൂരം പരിശോധനയ്ക്കായുള്ള പ്രഥമ സഞ്ചാരം ഔദ്യോഗിക വാഹനത്തില്‍ നടത്തിയിരുന്നു. ബീച്ചിന് മുന്‍വശത്ത് കൂടിയുള്ള ഭാഗത്ത് ഇറങ്ങുകയും ചെയ്തു. ആകെ ഒന്നര മണിക്കൂര്‍ നേരം സന്ദര്‍ശനത്തിനായി ചിലവഴിച്ചു.

90 വഴിവിളക്കുകളാണ് കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഡി.പി.ആര്‍ ല്‍ ഉണ്ടായിരുന്നത്. അത് അപര്യാപ്തമായിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കൊമ്മാടി ജംഗ്ഷന്‍ മുതല്‍ കളര്‍കോട് ജംഗ്ഷന്‍ വരെയുള്ള 6.5 കി.മീറ്റര്‍ ദൂരവും വഴിവിളക്കുകള്‍ സ്ഥാപിക്കുവാന്‍ തീരുമാനിക്കുകയും സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്‍റെ ഫണ്ടില്‍ നിന്നും 330 വഴിവിളക്കുകള്‍ കൂടി കൂട്ടിച്ചേര്‍ത്തു. ആകെ 420 വഴിവിളക്കുകളാണ് സ്ഥാപിക്കുക. അപകട സാധ്യത ഗണ്യമായി കുറയ്ക്കുന്നത് കൂടാതെ,പ്രകാശ പൂരിതമാവുന്ന പാത ആലപ്പുഴ ബീച്ചിൽ നിന്നും മനോഹരമായ കാഴ്ചയായി മാറും.

പ്രധാനമന്ത്രി ഉദ്ഘാടനത്തിന് ആഗ്രഹം പ്രകടിപ്പിച്ച സ്ഥിതിക്ക് അദ്ദേഹത്തിന്‍റെ തീയതി ലഭിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കാത്തിരിക്കുകയാണ്. മുഖ്യമന്ത്രി ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ തീയതി ലഭിക്കുന്ന മുറയ്ക്ക് ബൈപ്പാസ് പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതാണ്.

ബൈപ്പാസിന്‍റെ ഫ്ളൈഓവറിന് താഴെയുള്ള റോഡിന് ഇരുവശങ്ങളിലും ഇപ്പോള്‍ വൃത്തിയാക്കി കൊണ്ടിരിക്കുകയാണ്. ജംഗ്ഷന്‍ വികസനം ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകും. അതോടുകൂടി ജംഗ്ഷനുകളില്‍ കൃത്യമായ ഗതാഗത സൗകര്യം നിലവില്‍ വരും.

സുരക്ഷിത യാത്ര ഉറപ്പുവരുത്താൻ സേഫ്റ്റി ഓഡിറ്റിംഗ് നടത്താന്‍ തീരുമാനിച്ചു. അതിനായി ദേശീയപാത ചീഫ് എഞ്ചിനീയര്‍ റോഡ് സേഫ്റ്റി അതോറിറ്റിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

നാടിനുള്ള പുതുവത്സര സമ്മാനമായി മാറുകയാണ് ആലപ്പുഴ ബൈപ്പാസ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആലപ്പുഴ ബൈപ്പാസിന്‍റെ വിവിധ നിര്‍മ്മാണ ഘട്ടങ്ങള്‍ വിലയിരുത്തി സമയപ്പട്ടിക ക്രമീകരിച്ച് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ 73 തവണയാണ് ബൈപ്പാസിൽ എത്തിയത്.പിന്നിട്ട വഴികൾ കടുപ്പമേറിയതായിരുന്നു.വിവിധ ഘട്ടങ്ങളിലെ വെല്ലുവിളികൾ കനത്തതുമായിരുന്നു.

ബഹു .മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ്റെ നിർലോഭമായ പിന്തുണ ഓരോ ഘട്ടങ്ങളിലും സഹായമായി. അസാമാന്യമായ അദ്ധ്വാന വളവുകൾ കടന്നാണ് ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തീകരണ ഘട്ടത്തില്‍ എത്തിയിരിക്കുന്നത്.

ജനുവരി ആദ്യം തന്നെ കുണ്ടന്നൂര്‍, വൈറ്റില മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. പാലാരിവട്ടം പാലം പൊളിച്ച് 100 വര്‍ഷം നിലനില്‍ക്കുന്ന പുതിയ പാലം നിർമ്മിച്ച് 2021 മെയ് മാസത്തില്‍ തുറന്ന് കൊടുക്കുവാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. മെട്രോമാന്‍ ഡോ. ഇ ശ്രീധരന്‍ 8 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

ഈ മാസം അവസാനം ആലപ്പുഴ ബൈപ്പാസിൻ്റെ എല്ലാം പ്രവൃത്തിയും അവസാനിക്കുമെന്ന് ദേശീയ പാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അനില്‍കുമാർ അറിയിച്ചിട്ടുണ്ട്. ചീഫ് എഞ്ചിനീയര്‍ അശോക് കുമാറും മറ്റ് ബസപ്പെട്ട ഉദ്യോഗസ്ഥരും സന്ദര്‍ശന സമയം ഒപ്പം ഉണ്ടായിരുന്നു.

ഒരു ജനതയുടെ പതിറ്റാണ്ടുകളുടെ സ്വപ്നമാണ് മനോഹാരിണിയായ അറബിക്കടലിന് സുന്ദരമായ ഒരടിക്കുറപ്പ് പോലെ നിലകൊള്ളുന്ന നാടിന്നഭിമാനമായ ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിക്കപ്പെടുവാൻ ഇനി ദിവസങ്ങൾ മാത്രം. ഒരു പക്ഷേ ദൈവത്തിൻ്റെ സ്വന്തം നാട്ടിലെ ഏറ്റവും മനോഹരമായ യാത്രാനുഭവം സമ്മാനിച്ചുകൊണ്ട് നാടിൻ്റെ അഭിമാനത്തിൻ്റെ ഉയരപ്പാതയായി മാറുകയാണ് ആലപ്പുഴ ബൈപ്പാസ് .

അഞ്ച് പതിറ്റാണ്ടുകാലത്തെ പൊതു ജീവിതത്തിൽ ഏറ്റവുമധികം പണിയെടുത്തത് ആലപ്പുഴ ബൈപ്പാസിന് വേണ്ടിയാണ് എന്നിരിക്കെ പൂർണ്ണതയുടെ നിറവിലെത്തി നിൽക്കുന്നത് കാണുമ്പോൾ സ്വകാര്യമായ സന്തോഷം മനം നിറയെ.

Advertisment