Advertisment

ദുരിതത്തിന് പരിഹാരം ! പാലാ ജനറല്‍ ആശുപത്രിക്ക് ഓക്‌സിജന്‍ പ്ലാന്റിന് കേന്ദ്ര അനുമതി; നടപടി തോമസ് ചാഴികാടന്‍ എം.പിയും, ആശുപത്രി മാനേജിംഗ് കമ്മിറ്റിയും കേന്ദ്രത്തിന് അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍; പ്ലാന്റ് അനുവദിച്ചതിന്റെ അവകാശവാദവുമായി മാണി സി. കാപ്പന്‍ എംഎല്‍എയുടെ അനുകൂലികളുടെ പ്രചാരണം

New Update

publive-image

Advertisment

പാലാ: കോട്ടയം ജില്ലയിൽ മെഡിക്കൽ കോളജ് കഴിഞ്ഞാൽ ഏറ്റവും വലിയ കോവിഡ് ചികിത്സാകേന്ദ്രമായ പാലാ ഗവ: ജനറൽ ആശുപത്രിക്കായി ഉയർന്ന ഉൽപാദന ശേഷിയുള്ള ഓക്സിജൻ ജനറേറ്റിംഗ് പ്ലാൻ്റിന് കേന്ദ്ര അനുമതി ലഭിച്ചു.

പാലാ ഉൾപ്പെടെ മൂന്ന് ആശുപത്രികൾക്കാണ് കേരളത്തിൽ ഓക്സിജൻ പ്ലാൻ്റിന് അനുമതി. പാരിപ്പള്ളി മെഡിക്കൽ കോളജ്, ആലപ്പുഴ മെഡിക്കൽ കോളജിനും കേന്ദ്ര പദ്ധതിയിൽ ഒക്സിജൻ പ്ലാൻ്റ് ലഭിക്കും. നിലവിൽ ഓക്സജൻ സിലിണ്ടറുകൾ ഫില്ലിംഗ് കേന്ദ്രങ്ങളിൽ തിന്നും നിറച്ച് കൊണ്ടുവന്ന് കേന്ദ്രീകൃത പൈപ്പ് ലൈൻ വഴിയാണ് രോഗികൾക്ക് നൽകുന്നത്.

സിലിണ്ടർ നിറച്ച് കൊണ്ടുവരുന്നതിൽ ഉണ്ടാകുന്ന താമസം ആശുപത്രികൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്. പാലാ ജനറൽ ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ എറണാകുളത്തു നിന്നും പാലക്കാടുനിന്നുമായിരുന്നു നിറച്ച് ലഭിച്ചുകൊണ്ടിരുന്നത്.പലപ്പോഴും സിലിണ്ടറുകളുമായി വരുന്ന വാഹനങ്ങൾ എത്തിച്ചേരുവാൻ വളരെ താമസം നേരിട്ടിരുന്നു.

പാലാ ആശുപത്രിയിൽ 240 സിലിണ്ടർ വേണ്ടിടത്ത് 62 സിലിണ്ടറുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 120 എണ്ണം ഇവിടെ ഉണ്ട് എങ്കിലും പര്യാപ്തമായിരുന്നില്ല. സ്വകാര്യ ആശുപത്രികളിൽ നിന്ന് കടം വാങ്ങിയായാണ് പലപ്പോഴും രോഗികളുടെ ജീവൻ നിലനിർത്തിയിരുന്നത്.

ഒക്സിജൻ ക്ഷാമം മൂലം പലപ്പോഴും രോഗികളെ ഇവിടെ അഡ്മിറ്റാക്കാനാവാതെ മററിടങ്ങളിലേക്ക് പറഞ്ഞു വിടേണ്ട സാഹചര്യമുണ്ടായി. ഇതിൽ രോഗികൾ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ഓക്സിജൻ പ്ലാൻ്റ് വരുന്നതോടെ വലിയ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാണ് ഉണ്ടാവുന്നത്.

തോമസ് ചാഴികാടന്‍ എംപി കേന്ദ്രത്തിന് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിക്ക് പ്ലാന്റ് അനുവദിച്ചത്. മുന്‍ എംപി ജോസ് കെ. മാണിയും, ആശുപത്രി മാനേജിംഗ് കമ്മിറ്റിയും നിവേദനം നല്‍കിയിരുന്നു. പാലായ്ക്ക്‌ ലഭിച്ചത് വലിയ അനുഗ്രഹമായതായി നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയും, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലം പറമ്പിലും പറഞ്ഞു

അതേസമയം, പ്ലാന്റ് അനുവദിച്ചതിന്റെ അവകാശവാദവുമായി മാണി സി. കാപ്പന്‍ എംഎല്‍എയുടെ അനുകൂലികള്‍ സോഷ്യല്‍ മീഡിയ വഴി രംഗത്തെത്തി. കാപ്പന്റെ ഇടപെടല്‍ മൂലമാണ് പ്ലാന്റ് അനുവദിച്ചതെന്ന തരത്തില്‍ വ്യാപക പ്രചാരണം എംഎല്‍എ അനുകൂലികള്‍ സോഷ്യല്‍ മീഡിയ വഴി നടത്തിയിരുന്നു.

ഇതിനെതിരെ അയച്ച കത്ത് സഹിതം തോമസ് ചാഴികാടന്‍ എംപി രംഗത്തെത്തിയതോടെ താന്‍ അങ്ങനൊരു അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നു വ്യക്തമാക്കി മാണി സി കാപ്പനും രംഗത്തുവന്നു. പകരം പ്ലാന്‍റ് അനുവദിച്ച കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളെ എം എല്‍ എ അഭിനന്ദനം അറിയിച്ചു.

Advertisment