Advertisment

ഗിരിരാജ് സിങ്ങിനൊപ്പം വേദി പങ്കിട്ട് മുസഫര്‍പൂര്‍ അഭയ കേന്ദ്രത്തില്‍ നടന്ന ലൈംഗിക പീഡന പരമ്പര കേസിലെ പ്രതിയും

New Update

പട്‌ന: ബിഹാറിലെ ബെഗുസരായിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന്റെ പ്രചാരണപരിപാടിയിലെ വേദിയില്‍ മുസഫര്‍പൂര്‍ അഭയകേന്ദ്രത്തില്‍ നടന്ന ലൈംഗിക പീഡന പരമ്പര കേസിലെ പ്രതിയും. കേസില്‍ അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ ബിഹാറിലെ മുന്‍മന്ത്രി മഞ്ജു വര്‍മയാണ് ഗിരിരാജ് സിങ്ങിനൊപ്പം വേദി പങ്കിട്ടത്.

Advertisment

publive-image

മുസഫര്‍പൂരിലെ അഭയകേന്ദ്രത്തില്‍ വച്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി ബ്രജേഷ് താക്കൂറുമായി സാമൂഹ്യക്ഷേമ മന്ത്രി ആയിരുന്ന മഞ്ജു വര്‍മയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ വര്‍മയ്ക്ക് അടുത്ത ബന്ധം ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. മന്ത്രിയുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ വന്‍ തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയതോടെ ഇവര്‍ മുങ്ങുകയായിരുന്നു. മുങ്ങിയ മന്ത്രി പിന്നീട് ഒരുമാസത്തിനു ശേഷം ബെഗുസരായിലെ കോടതിയില്‍ കീഴടങ്ങി.

പ്രായപൂര്‍ത്തിയാകാത്തവരുള്‍പ്പെടെ അഭയകേന്ദ്രത്തിലെ 34 അന്തേവാസികള്‍ ലൈംഗിക ചൂഷണത്തിനും പീഡനത്തിനും മര്‍ദ്ദനത്തിനും ഇരയായെന്നാണ് കേസ്. അതിനിഷ്ടൂരമായ പീഡനപരമ്പരകളാണ് കേന്ദ്രത്തില്‍ നിന്നു പുറത്തുവന്നത്. കേന്ദ്രം നടത്തിപ്പുകാരനാണ് മുഖ്യപ്രതി ബ്രജേഷ് താക്കൂര്‍.

ഇയാളുടെ ഒത്താശയോടെ നിരവധി തവണ മുന്‍മന്ത്രിയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ വര്‍മ ഈ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസില്‍ കഴിഞ്ഞമാസം 12നാണ് കേസില്‍ മഞ്ജുവര്‍മയ്ക്കു ജാമ്യം ലഭിച്ചത്. പ്രതിചേര്‍ക്കപ്പെട്ടതോടെ മന്ത്രിസ്ഥാനവും ജെ.ഡി.യു അംഗത്വവും ഇവര്‍ രാജിവയ്ക്കുകയുണ്ടായി.

പീഡനക്കേസ് പ്രതിയായ മഞ്ജു വര്‍മ, കേന്ദ്രമന്ത്രിയുമായി പ്രചാരണപരിപാടിയില്‍ വേദി പങ്കിടുന്നതിന്റെ ചിത്രം സോഷ്യല്‍മീഡിയയിലും വൈറലായിട്ടുണ്ട്. ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ മത്സരിക്കുന്ന മണ്ഡലമാണ് ബിഹാറിലെ ബഗുസരായ്. മണ്ഡലത്തില്‍ മല്‍സരിക്കാന്‍ വിസമ്മതിച്ചിരുന്ന ഗിരിരാജിനെ, ഏറെ ശ്രമങ്ങള്‍ക്കു ശേഷം ബി.ജെ.പി അനുനയിപ്പിക്കുകയായിരുന്നു.

ബലിപെരുന്നാള്‍ ദിവസം വീട്ടില്‍ ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് ദാദ്രിയില്‍ മധ്യവയസ്‌കനായ മുഹമ്മദ് അഖ്‌ലാകിനെ തല്ലിക്കൊന്ന കേസിലെ 16 പ്രതികള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയുടെ മുന്‍ നിരയില്‍ അണിനിരന്ന സംഭവം വിവാദമായതിനു പിന്നാലെയാണ് സമാനമായ റിപ്പോര്‍ട്ട് ബിഹാറില്‍ നിന്ന് വരുന്നത്.

Advertisment