Advertisment

സിനിമാ നിര്‍മ്മാതാവായ പിതാവിന്റെ സാമ്പത്തിക പ്രയാസം അകറ്റാന്‍ ആടു മോഷണം തൊഴിലാക്കി; സിനിമാ നടന്മാരായ സഹോദരങ്ങള്‍ പിടിയില്‍

New Update

ചെന്നൈ : ആടു മോഷണം തൊഴിലാക്കിയ സിനിമാ നടന്മാരായ സഹോദരങ്ങള്‍ ഒടുവില്‍ പൊലീസ് പിടിയിലായി. സിനിമാ നിര്‍മ്മാതാവായ പിതാവിന്റെ സാമ്പത്തിക പ്രയാസം അകറ്റാനാണ് മക്കള്‍ ആടു മോഷണം പതിവാക്കിയത്. തമിഴ്‌നാട്ടിലെ ന്യൂവാഷര്‍മാന്‍ പേട്ടിലാണ് സംഭവം.

Advertisment

publive-image

സഹോദരങ്ങളായ വി നിരഞ്ജന്‍ കുമാര്‍ (30), ലെനിന്‍ കുമാര്‍ (32) എന്നിവരാണ് മാധവരാം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവര്‍ ആടുമോഷണം പതിവാക്കിയിരുന്നതായി പൊലീസ് പറയുന്നു.

മോഷ്ടിച്ച എട്ടു മുതല്‍ 10 ആടുകളെ വരെയാണ് ഇവര്‍ ദിവസവും വിറ്റിരുന്നത്. ദിനംപ്രതി 8000 രൂപയ്ക്ക് മുകളില്‍ ഇവര്‍ വരുമാനം ഉണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. ചെങ്കല്‍പേട്ട്, മാധവറാം, മിഞ്ജൂര്‍, പൊന്നേരി തുടങ്ങിയ സ്ഥലങ്ങളില്‍ വാഹനങ്ങളില്‍ കറങ്ങിനടന്നാണ് ഇവര്‍ ആടുകളെ മോഷ്ടിച്ചിരുന്നത്.

കൂട്ടമായി പുല്ലുമേയുന്ന ആടുകളില്‍ നിന്നും ഒരെണ്ണത്തിനെയോ രണ്ടെണ്ണത്തിനെയോ കൈക്കലാക്കി വാഹനത്തില്‍ സ്ഥലം വിടുകയാണ് ഇവര്‍ ചെയ്തിരുന്നത്. കുറേ ആടുകളില്‍ ഒരെണ്ണം കാണാതായാല്‍ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാതിരുന്നതാണ് ഇവര്‍ക്ക് തുണയായത്.

എന്നാല്‍ ഒക്ടോബര്‍ ഒമ്പതിന് മാധവറാമില്‍ വെച്ച് പളനി എന്നയാളുടെ ആടിനെ മോഷ്ടിച്ചതാണ് സംഘത്തിനെ കുടുക്കുന്നതിലേക്ക് വഴിവെച്ചത്. പളനിക്ക് ആറ് ആടുകളാണ് ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ഒരെണ്ണത്തെ കാണാതായത് ഉടമ ശ്രദ്ധിച്ചു. പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

ഇതേത്തുടര്‍ന്ന് പൊലീസ് സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് വാഹനത്തിലെത്തി ആടുകളെ മോഷ്ടിക്കുന്ന സഹോദരന്മാരെ കണ്ടെത്തുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ ഇവരുടെ വാഹനം വരുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് മഫ്തിയില്‍ പ്രദേശത്ത് നിരീക്ഷണം പതിവാക്കി. കഴിഞ്ഞദിവസം ഇവര്‍ വീണ്ടും ആടിനെ മോഷ്ടിക്കാനെത്തിയപ്പോള്‍ പൊലീസ് പിടികൂടുകയായിരുന്നു.

ഇവരുടെ അച്ഛന്‍ വിജയശങ്കര്‍ നീ താന്‍ രാജ എന്ന പേരില്‍ ഫീച്ചര്‍ ഫിലിം നിര്‍മ്മിച്ചിരുന്നു. മക്കളായിരുന്നു പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നത്. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് സിനിമാ ചിത്രീകരണം മുടങ്ങി. സിനിമാ പൂര്‍ത്തിയാക്കുന്നതിന് പിതാവിനെ സഹായിക്കുന്നതിനാണ് സഹോദരങ്ങള്‍ ആടു മോഷണം തൊഴിലാക്കിയതെന്ന് പൊലീസ് പറഞ്ഞു.

goat robbery
Advertisment