Advertisment

സ്വപ്‌ന സുരേഷും സരിത്തും സന്ദീപും റമീസും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും 'പറ്റിക്കല്‍' നടത്തി; കള്ളക്കടത്തിനിടെ ഇവര്‍ പരസ്പരവും തട്ടിപ്പ് നടത്തിയത് വ്യക്തിപരമായി കൂടുതല്‍ സാമ്പത്തിക നേട്ടം ലഭിക്കുന്നതിന് വേണ്ടി; റമീസ് സ്വപ്‌നയ്ക്കും സംഘത്തിനും നല്‍കിയിരുന്നത് കുറഞ്ഞ കമ്മീഷന്‍, കടത്തിയ സ്വര്‍ണത്തിന്റെ കൃത്യമായ അളവും റമീസ് ഇവരോട് പറഞ്ഞിരുന്നില്ല, 25 കിലോ കടത്തിയാല്‍ സ്വപ്‌നയോടും സംഘത്തിനോടും റമീസ് പറഞ്ഞിരുന്നത് 15കിലോയുടെ കണക്ക് മാത്രം !

New Update

കൊച്ചി: യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ പ്രതികള്‍ തമ്മിലും പരസ്പരമുള്ള കബളിപ്പിക്കല്‍ നടന്നിരുന്നതായി റിപ്പോര്‍ട്ട്. വ്യക്തിപരമായി കൂടുതല്‍ സാമ്പത്തിക നേട്ടം ലഭിക്കുന്നതിന് വേണ്ടിയാണ് കള്ളക്കടത്തിനിടെ ഇവര്‍ പരസ്പരവും തട്ടിപ്പ് നടത്തിയത്.

Advertisment

യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികളില്‍ ബ്രോക്കര്‍ ഫീസായും സ്വപ്‌ന പണം തട്ടിയിട്ടുണ്ട്. സെപ്റ്റംബര്‍ 2019 ന് ശേഷം പിടിയിലാകുന്നതു വരെ 21 തവണ സംഘം സ്വര്‍ണം കടത്തിയിട്ടുണ്ട്. ഇതുവരെ 164 കിലോ സ്വര്‍ണം ഇവര്‍ കടത്തിയതായാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അനുമാനം.

publive-image

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരനായ കെ ടി റമീസിനെ സ്വപ്‌നയും സന്ദീപും സരിത്തും വഞ്ചിച്ചിരുന്നതായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു.

സ്വര്‍ണക്കടത്തിലെ ഓരോ ഇടപാടിനും കിലോഗ്രാമിന് 1000 ഡോളര്‍ വീതമാണ് സ്വപ്‌നയ്ക്കും സരിത്തിനും സന്ദീപിനും റമീസ് കമ്മീഷന്‍ നല്‍കിയിരുന്നത്. കൂടാതെ വിജയകരമായി കടത്തിയതിന് 50,000 രൂപ അധികമായും ഇവര്‍ കൈപ്പറ്റിയിരുന്നു. കുറഞ്ഞ കമ്മീഷന്‍ മാത്രമല്ല, വരുന്ന സ്വര്‍ണത്തിന്റെ അളവ് എത്രയാണെന്ന് റമീസ് ഇവരോട് കൃത്യമായി പറയാറുമില്ല. 25 കിലോ സ്വര്‍ണം അയച്ചാല്‍ 15 കിലോ സ്വര്‍ണം എന്നാണ് റമീസ് അറിയിക്കാറുള്ളത്.

തിരുവനന്തപുരത്ത് കൈപ്പറ്റുന്ന സ്വര്‍ണം സന്ദീപിന്റെ വീട്ടില്‍ വെച്ച് റമീസ് നിയോഗിച്ച ആളുകള്‍ക്ക് മാത്രമേ തുറക്കാന്‍ അനുവാദം ഉണ്ടായിരുന്നുള്ളൂ. അതേസമയം നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് യുഎഇ കോണ്‍സുല്‍ ജനറലിന്റെ പൂര്‍ണ അറിവോടെയാണെന്നും, അതിനാല്‍ അദ്ദേഹത്തിന് കമ്മീഷന്‍ നല്‍കണമെന്നുമാണ് സ്വപ്‌നയും സന്ദീപും സരിത്തും കെ ടി റമീസിനെ അറിയിച്ചിരുന്നത്.

കടത്തുന്ന സ്വര്‍ണം കിലോയ്ക്ക് 1000 ഡോളര്‍ വീതം കോണ്‍സുല്‍ ജനറലിന് കൈക്കൂലി നല്‍കാനെന്ന പേരില്‍ സ്വപ്‌നയും സംഘവും റമീസില്‍ നിന്നും തട്ടിയെടുത്തു കൊണ്ടിരുന്നു. എന്നാല്‍ സ്വര്‍ണക്കടത്ത് കോണ്‍സുല്‍ ജനറല്‍ അറിഞ്ഞിരുന്നില്ല. കഴിഞ്ഞ വര്‍ഷം ജൂണിലാണ് റമീസ് സരിത്ത് വഴി നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ സ്വപ്നയെ സമീപിക്കുന്നത്. ജൂലൈയില്‍ ഇതിന്റെ ഡമ്മി പരീക്ഷണവും നടത്തി.

2018 ലെ പ്രളയത്തിന് ശേഷം യുഎഇ കോണ്‍സുലേറ്റിന്റെ ഇടപെടലിനെ തുടര്‍ന്ന് കേരള സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഫ്‌ലാറ്റ് നിര്‍മ്മാണത്തിന് 18 കോടി രൂപ സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചു. തൃശൂരില്‍ 120 കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള ഫ്‌ലാറ്റ് നിര്‍മ്മിക്കാനായിരുന്നു പദ്ധതി. ഈ 18 കോടിയില്‍ നിന്നും സ്വപ്‌നയും ഒരു യുഎഇ നയതന്ത്ര പ്രതിനിധിയും ഒരു ഈജിപ്ഷ്യന്‍ പൗരനും ചേര്‍ന്ന് 3.6 കോടി രൂപയാണ് കമ്മീഷനായി തട്ടിയെടുത്തത്.

ഇതില്‍ ഒരു കോടി രൂപ സ്വപ്ന കൈക്കലാക്കി. പദ്ധതി തുകയുടെ 20 ശതമാനമാണ് മൂവരും കൂടി കോണ്‍ട്രേക്ടറോട് ചോദിച്ചത്. ഇതിനിടെ സ്വര്‍ണക്കടത്തു കേസിലെ പ്രതി സന്ദീപും കോണ്‍ട്രാക്ടറെ സമീപിച്ചിരുന്നു. കൂടാതെ യുഎഇ കോണ്‍സുലേറ്റിന്റെ വിസ സ്റ്റാമ്പിംഗ് നടപടികളുടെ കോണ്‍ട്രാക്റ്റുമായി ബന്ധപ്പെട്ട് സ്വപ്‌ന 70 ലക്ഷവും സ്വന്തമാക്കി. യുഎഇ കോണ്‍സുലേറ്റ് ഹൈദരാബാദില്‍ നിര്‍മ്മിക്കുന്ന കെട്ടിടവുമായി ബന്ധപ്പെട്ടും സ്വപ്‌ന കമ്മീഷന്‍ കൈക്കലാക്കിയിരുന്നു.

gold smuggling gold smuggling case
Advertisment