Advertisment

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായവരില്‍ തൊടുപുഴയിലെ അധ്യാപകന്റെ കൈ വെട്ടിയ കേസിലെ പ്രതിയും; തീവ്രവാദബന്ധം ഉറപ്പിച്ച് അന്വേഷണസംഘം

New Update

publive-image

Advertisment

കൊച്ചി: സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ ആള്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലും പ്രതിയെന്ന് എൻഐഎ. മുഹമ്മദാലി ഇബ്രാഹിം, മുഹമ്മദാലി എന്നിവരെ കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽനിന്ന് എൻ.ഐ.എ. സംഘം അറസ്റ്റ് ചെയ്തിരുന്നു.

ഇതിൽ മുഹമ്മദലി ഇബ്രാഹിം അധ്യാപകന്റെ കൈവെട്ടിയ കേസിലെ 24-ാം പ്രതിയാണ്. കൈവെട്ട് കേസില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന മുഹമ്മദ് അലിയെ കോടതി വെറുതെ വിട്ടതായിരുന്നു.

മുഹമ്മദ് അലിയും കെ.ടി.റമീസും ചേർന്നു കഴി‍ഞ്ഞ വർഷം നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഇതിലൂടെ ലഭിച്ച പണം ഭീകരസംഘടനകൾക്കു കൈമാറുകയും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തതായും എൻഐഎ പറയുന്നു.

സ്വർണക്കടത്ത് കേസിൽ നേരത്തെ പിടിയിലായ കെ.ടി. റമീസിൽനിന്നാണ് ഇവരെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. തുടർന്ന് രണ്ടുപേരെയും എൻ.ഐ.എ. സംഘം പിടികൂടുകയായിരുന്നു. റമീസിൽനിന്ന് സ്വർണം വാങ്ങി വിവിധയിടങ്ങളിൽ വിതരണം ചെയ്തത് മുഹമ്മദാലി ഇബ്രാഹിമും മുഹമ്മദാലിയുമാണെന്നാണ് എൻ.ഐ.എ.യുടെ റിപ്പോർട്ട്.

മുഹമ്മദ് അലിയുടെ അറസ്റ്റ് നിർണായക വഴിത്തിരിവാണെന്ന് അന്വേഷണ സംഘം കരുതുന്നു. തീവ്രവാദ ബന്ധം സംശയിച്ചിരുന്നതാണു കൈവെട്ട് കേസും. ആ കേസിലെ പ്രതി സ്വർണക്കടത്ത് കേസിലും അറസ്റ്റിലായതോടെ സ്വർണക്കടത്തിലെ തീവ്രവാദബന്ധം ഏകദേശം സ്ഥിരീകരിക്കുകയാണ് അന്വേഷണസംഘം.

തിരുവനന്തപുരത്തെ ഹോട്ടലുകളിൽവെച്ച് റമീസ് ഇരുവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് ജൂൺ 24, 26 തീയതികളിലാണ് പ്രതികൾ സ്വർണം വിവിധയിടങ്ങളിൽ എത്തിച്ച് വിതരണം ചെയ്തത്.

Advertisment