Advertisment

സ‍ർക്കാർ ജീവനക്കാരുടെ സൂചന പണിമുടക്ക് നാളെ: ഡയസ്നോൺ പ്രഖ്യാപിച്ച് സ‍ർക്കാർ

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകള്‍ ബുധനാഴ്ച നടത്താനിരിക്കുന്ന സൂചനാ പണിമുടക്ക് നേരിടാന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. അനധികൃതമായി ജോലിക്ക് ഹാജകാതാതെ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് ഡയസ് നോണ്‍ ആയി കണക്കാക്കണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ഇതോടെ സമരത്തിന്റെ ഭാഗമായി ജോലിക്ക് ഹാജരാകാതിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം ലഭിക്കില്ല. ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ക്കെതിരെ അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരുമാണ് നാളെ സൂചനാ പണിമുടക്ക് നടത്തുന്നത്. കഴിഞ്ഞ ആഴ്ചയാണ് പി. മോഹന്‍ദാസ് അധ്യക്ഷനായ ശമ്പളപരിഷ്‌കരണ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കുറഞ്ഞ ശമ്പളം 25000 ആയി ഉയര്‍ത്തണമെന്നായിരുന്നു കമ്മീഷന്റെ ശുപാര്‍ശ.

ഗസറ്റഡ് ജീവനക്കാര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് അവശ്യ സാഹചര്യങ്ങളിലൊഴികെ യാതൊരു വിധത്തിലുള്ള അവധിയും ബുധനാഴ്ച അനുവദിക്കില്ല. വ്യക്തിക്കോ, ഭാര്യ, ഭര്‍ത്താവ്, മക്കള്‍, അച്ഛന്‍, അമ്മ എന്നീ അടുത്ത ബന്ധുക്കള്‍ക്കോ അസുഖം ബാധിച്ചാല്‍ അവധി അനുവദിക്കും. ജീവനക്കാരുടെ പരീക്ഷാ സംബന്ധമായ ആവശ്യത്തിനും ജീവനക്കാരിയുടെ പ്രസവാവശ്യത്തിനും മറ്റ് ഒഴിച്ചുകൂടാത്ത സാഹചര്യങ്ങളിലും ജീവനക്കാര്‍ക്ക് അവധി അനുവദിക്കും.

അക്രമങ്ങള്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവയില്‍ ഏര്‍പ്പെടുന്ന വ്യക്തികളെ പ്രോസിക്യൂട്ട് ചെയ്യും. പണിമുടക്ക് ദിവസം അനുമതിയില്ലാതെ ഹാജരാകാതിരിക്കുന്ന താത്കാലിക ജീവനക്കാരെ സര്‍വീസില്‍നിന്ന് നീക്കംചെയ്യും. ഓഫീസ് തലവന്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതുമൂലം ഓഫീസ് അടഞ്ഞു കിടക്കുന്നുവെങ്കില്‍ ജില്ലാ ഓഫീസര്‍ ഓഫീസ് പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.

Advertisment