Advertisment

ശബരിമല വിധി; തന്ത്രി, രാജകുടുംബങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയേക്കും

New Update

publive-image

Advertisment

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം അനുവദിച്ച വിധി പുനഃപരിശോധിക്കുമെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെ വിശദമായ കൂടിയാലോചനയ്ക്ക് ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. തന്ത്രിമാരുമായും പന്തളം കൊട്ടാര പ്രതിനിധികളുമായും സര്‍ക്കാര്‍ ചർച്ച നടത്തിയേക്കും. സർവ്വക്ഷിയോഗത്തിന് ശേഷം മുഖ്യമന്ത്രി നേരിട്ട് കൂടിക്കാഴ്ച നടത്താനാണ് സാധ്യത. മുഖ്യമന്ത്രിയുടെ ദൂതൻ ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്തി.

വ്യാഴാഴ്ച 11 മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് സര്‍വ്വകക്ഷി യോഗം വിളിച്ചിരിക്കുന്നത്. മണ്ഡല - മകരവിളക്ക് തീര്‍ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാനാണ് സര്‍വകക്ഷി യോഗം ചേരുന്നത്. കോടതി വിധി നടപ്പിലാക്കാനാണ് ഇന്ന് ഉത്തരവ് വന്നതെങ്കില്‍ സര്‍വ്വകക്ഷി യോഗം വിളിച്ചതിന് ശേഷം മാത്രമേ മുന്നോട്ട് പോകാവൂ എന്ന ധാരണയുണ്ടായിരുന്നു.

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായുള്ള ഭരണഘടനാ ബഞ്ച് ഇന്ന് ഉത്തരവിട്ടത്. ശബരിമല സ്ത്രീ പ്രവേശന കേസിലെ ഭരണഘടന ബെഞ്ചിന്റെ വിധിക്കെതിരെ വന്ന എല്ലാ പുനപരിശോധന ഹർജികളും ജനുവരി 22 ന് തുറന്ന കോടതിയിൽ പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. റിട്ട് ഹർജികളും ഇതോടൊപ്പം പരിഗണിക്കും. ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സെപ്റ്റംബർ 28-ലെ ഭരണഘടന ബെഞ്ചിന്റെ വിധിക്ക് സ്റ്റേ ഇല്ലെന്ന‌് എടുത്തുപറഞ്ഞുകൊണ്ടാണ് ചീഫ് ജസ്റ്റിസ് രഞ്‍ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് റിട്ട്, റിവ്യൂ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കാൻ മാറ്റിയത്.

Advertisment