Advertisment

സര്‍ക്കാര്‍ കോളജുകളില്‍ നിന്നും ബയോകെമിസ്ട്രിയെ ഇക്കുറിയും തഴഞ്ഞു ; പരിഹാരം ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം അയച്ചു

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ കോളജുകളിൽ ന്യൂജൻ കോഴ്സുകൾ അനുവദിച്ചപ്പോൾ ബയോകെമിസ്ട്രിയെ തഴഞ്ഞെന്ന ആരോപണം ശക്തമാകുന്നു.

സംസ്ഥാനത്തെ കോളജുകളിൽ ബയോകെമിസ്ട്രി ബിരുദ കോഴ്സുകൾ ചില കോളജുകളിൽ നിലവിലുണ്ടെങ്കിലും ഉപരിപഠനത്തിന് സർക്കാർ കോളജുകളിൽ അവസരമില്ല.

കേരളത്തിലെ ഒരൊറ്റ സർക്കാർ കോളജിലും എംഎസ്.സി ബയോകെമിസ്ട്രി കോഴ്സ് നിലവിലില്ല. സംസ്ഥാനത്ത് എം.എസ്.സി ബയോകെമിസ്ട്രി കോഴ്സ് സർക്കാർ മേഖലയിൽ ഇല്ലാത്തതിനാൽ ഈ സബ്ജക്ട് പഠിക്കുന്ന വിദ്യാർത്ഥികൾ മറ്റ് സംസ്ഥാനങ്ങളിലേക്കേ വിദേശ രാജ്യങ്ങളിലേക്കോ പഠനത്തിനായി പോകേണ്ട സാഹചര്യമാണ് നിലിവിലുള്ളത്.

എന്നാൽ അതിനുള്ള സാമ്പത്തിക സാഹചര്യം ഇല്ലാത്തവർ ബിരുദ പഠനം കൊണ്ട് അവസാനിപ്പിക്കുകയോ അല്ലെങ്കിൽ മറ്റ് വിഷയങ്ങളിലേക്ക് തിരിയുകയോ ചെയ്യുന്ന സാഹചര്യമാണ് നിലവിൽ.

സംസ്ഥാനത്തെ 47 സർക്കാർ കോളജുകളിലായി 49 കോഴ്സുകളാണ് പുതുതായി അനുവദിച്ചത്. ഇതിൽ തന്നെ അഞ്ച് കോളജുകളിൽ പൊളിറ്റിക്കൽ സയൻസും ആറ് കോളജുകളിൽ ഇംഗ്ലീഷും ആറ് കോളജുകളിൽ കൊമേഴ്സും അഞ്ച് കോളജുകളിൽ ഇക്കണോമിക്സും മൂന്ന് കോളജുളിൽ ചരിത്രവുമാണ് അനുവദിച്ചത്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ അനുവദിച്ച എം.എസ്.സി സ്റ്റാറ്റിറ്റിക്സ്, എറണാകുളം മഹാരാജാസ് കോളജിൽ അനുവദിച്ച എം.എസ്.സി ഇന്റഗ്രേറ്റഡ് സൈക്കോളജി, കണ്ണൂർ ഗവൺമെന്റ് വിമൻസ് കോളജിൽ അനുവദിച്ച എം.എസ്.സി കെമിസ്ട്രി വിത്ത് ഡ്രഗ് കെമിസ്ട്രി എന്നിവയാണ് പുതിയ കോഴ്സുകളിൽ സയൻസ് വിഷയങ്ങളുള്ളത്.

ഇതിൽ തിരുവനന്തപുരം യൂണിവേള്സിറ്റി കോളജിൽ നിലവിൽ എം.എസ്.സി സ്റ്റാറ്റിറ്റിക്സ് കോഴ്സ് പഠിപ്പിക്കുന്നുമുണ്ട്. സംസ്ഥാനത്തെ സർക്കാർ കോളജുകളിൽ ബയോകെമിസ്ട്രിയിൽ എം.എസ്.സി വേണമെന്ന ആവശ്യം കാലങ്ങളായി ഈ സബ്ജക്ട് പഠിക്കുന്ന വിദ്യാർത്ഥികൾ ഉയർത്തുന്നുണ്ട്.

എന്നാൽ പലപ്പോഴും ഈ വിഷയത്തെ തഴയുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം വിമൻസ് കോളജിൽ നിന്ന് ഉൾപ്പെടെ കാലങ്ങളായി ഈ വിഷയത്തിൽ പിജി കോഴ്സ് അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.

ബിഎസ്.സി ബയോകെമിസ്ട്രി ഈ കോളജിൽ ഉള്ളതിനാൽ അനുയോജ്യമായ ലാബും മറ്റ് എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി കോളജിൽ എത്തി നേരിട്ട് രണ്ട് കോഴ്സുകൾ അനുവദിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

എന്നാൽ, ഇത്തവണയും വിമൻസ് കോളജുകൾ ഉൾപ്പെടെയുള്ള കോളജുകളിൽ ബയോകെമിസ്ട്രി കോഴ്സ് അനുവദിക്കാതെ തഴയുകയായിരുന്നു. പൊളിറ്റിക്കൽ സയൻസിൽ എംഎ കോഴ്സാണ് ഇക്കുറി ഇവിടെ അനുവദിച്ചത്.

1999ൽ ഈ കോളജിൽ ബയോകെമിസ്ട്രിയിൽ ബിരുദ കോഴ്സ് ആരംഭിച്ചിട്ടും നാളിതുവരെ പിജി കോഴ്സിന് അനുവാദം നൽകിയിട്ടില്ല. ഈ കോളജ് ഉൾപ്പെടെ തിരുവനന്തപുരത്ത് മാത്രം നാല് കോളജുകളിൽ ബയോകെമിസ്ട്രിയിൽ ബിരുദ പഠനം നടക്കുന്നുണ്ട്.

എന്നാൽ, ബയകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദ പഠനത്തിന് കേരളത്തിൽ ഒരു സർക്കാർ കോളജിലും അവസരമില്ല. ഇതിന് മാറ്റമുണ്ടാകണം എന്നാണ് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നത്.

ലോകം ഏറ്റവുംപ്രധാനപ്പെട്ട ശാസ്ത്ര ശാഖയായി കാണുന്ന ഈ മേഖലയോട് മുഖം തിരിക്കുന്ന സർക്കാർ സമീപനം മാറണമെന്ന് ഇവർ ആവശ്യപ്പെടുന്നു.

കഴിഞ്ഞ പത്ത് വർഷമായി രസതന്ത്രത്തിനും ഫിസിയോളജി ആൻഡ് മെഡിസിനും നൊബേൽ സമ്മാനം നേടുന്നവരിൽ ബഹുഭൂരിപക്ഷവും ബയോകെമിസ്ട്രി ഗവേഷകരാണ് എന്നത് ഈ മേഖലയുടെ പ്രധാന്യം എടുത്തുകാട്ടുന്നതാണെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.

ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് വിദ്യാർത്ഥികൾ ഉയർത്തുന്നത്. ഇതിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനവും അയച്ചിട്ടുണ്ട്.

 

 

education
Advertisment