Advertisment

ചാര്‍ട്ടര്‍ വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് ജസ്റ്റിസ് ബി. കെമാല്‍ പാഷ; കൊവിഡ് രോഗികള്‍ക്ക് മാത്രമായി വിമാനമെന്ന ആശയം വിവരക്കേട്; പ്രവാസികളെ സര്‍ക്കാര്‍ കാണുന്നത് കറവ വറ്റിയ പശുക്കളായി; മതത്തിന്റെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും പിരിവ് നടത്തിയവരെ പ്രവാസികള്‍ തിരിച്ചറിയണം; ആരോഗ്യവകുപ്പിന്റെ സേവനത്തെ പ്രശംസിച്ചതോര്‍ത്ത് തല താഴ്ത്തുകയാണെന്നും കെമാല്‍ പാഷ

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

ചാര്‍ട്ടര്‍ വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് ജസ്റ്റിസ് ബി. കെമാല്‍ പാഷ. തലച്ചോര്‍ അല്പം പോലും ഉപയോഗിക്കാതെയുള്ള തീരുമാനമാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് കെമാല്‍ പാഷ പറഞ്ഞു. ചാര്‍ട്ടര്‍ വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് ഗള്‍ഫ് കോര്‍ഡിനേഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്ന പോലെയായി കാര്യങ്ങള്‍. പ്രവാസികള്‍ സഹോദരരാണെന്നുള്ള കാഴ്ചപ്പാട് ഭരണകൂടത്തിനുണ്ടാകണം. 48 മണിക്കൂര്‍ കൊണ്ട് പരിശോധനാഫലം അപ്രായോഗികമായ തീരുമാനമാണ്. രോഗലക്ഷണമുള്ളവര്‍ക്ക് മാത്രമാണ് വിദേശരാജ്യങ്ങളില്‍ പരിശോധന സാധ്യമാവുകയുള്ളൂ. ആഹാരം കഴിക്കാന്‍ പോലും ബുദ്ധിമുട്ടായി കഴിയുന്നവനാണ് പ്രവാസികള്‍. ആ പ്രവാസികള്‍ കൊവിഡ് പരിശോധന നടത്തണമെന്ന നിര്‍ദ്ദേശം കൂടി വരുമ്പോള്‍ അവര്‍ക്ക് അത് താങ്ങാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

publive-image

പ്രവാസികളെ കറവ വറ്റിയ പശുക്കളായി കാണുന്നതിനാലാണ് ഇതുപോലെയുള്ള തീരുമാനങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആരോഗ്യപരിരക്ഷ എന്നത് ജീവിക്കാനുള്ള അവകാശമാണ്. ആര്‍ട്ടിക്കിള്‍ 21ല്‍ നാലാമതായി പറയുന്നത് ഇതേക്കുറിച്ചാണ്.

കൊവിഡ് രോഗികള്‍ക്ക് വേണ്ടി മാത്രം ഒരു വിമാനമെന്ന ആശയം ഏറ്റവും വലിയ വിവരക്കേടാണ്. വിദേശത്ത് നിന്നും വരുന്നവരില്‍ രോഗമുള്ളവരെ ആശുപത്രിയിലാക്കുകയും മറ്റുള്ളവരെ ക്വാറന്റൈനിലാക്കുകയും വേണം.

വിദേശരാജ്യങ്ങളുമായുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങളെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് മാത്രമാണ് അവകാശം. അത് തടയിടാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമില്ല. പ്രവാസികള്‍ക്ക് ചികിത്സ നിഷേധിക്കാന്‍ ഒരു സര്‍ക്കാരിനും അവകാശമില്ല. സംസ്ഥാനത്തിന്റെ ഈ മോശമായ തീരുമാനത്തിനെതിരെ പ്രതികരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്.

പൊന്നുകൊണ്ട് പുളിശേരി വച്ച് തരാമെന്ന് പറഞ്ഞവരാണ് നിങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം വാങ്ങിപോയത്. മതത്തിന്റെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും പിരിവ് നടത്തിയവരെ തിരിച്ചറിയണം. ഇനി അവര്‍ക്ക് പണം നല്‍കില്ലെന്ന് പ്രവാസികള്‍ തീരുമാനിക്കണം.

കൊവിഡ് കേസുകള്‍ കുറച്ചുകാട്ടി ലോകാരോഗ്യസംഘടനയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങി പ്രവാസിയെ മരണത്തിന് വിട്ടുകൊടുക്കാനുള്ള തീരുമാനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യമാണിത്. ഒരു സംസ്ഥാനത്തിന് മാത്രമായി തീരുമാനമെടുക്കാനാകുമോയെന്നത് ചോദ്യചിഹ്നമാണ്. ആരോഗ്യവകുപ്പിന്റെ സേവനത്തെ പ്രശംസിച്ചതിനെയോര്‍ത്ത് തലതാഴ്ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

സത്യം ഓണ്‍ലൈന്‍ ഡയറക്ടര്‍ സണ്ണി മണര്‍കാട് സ്വാഗതം പറഞ്ഞു. ഉബൈദ് എടവണ്ണ (ഇഎംടി ന്യൂസ്, സൗദി) മോഡറേറ്ററായിരുന്നു. സുരേഷ് ശങ്കർ നന്ദി പറഞ്ഞു. മാധ്യമ-സാമൂഹ്യ-സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.

Advertisment