Advertisment

ഗുരുവായൂര്‍ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ പത്ത് കോടി രൂപ ഉടനടി തിരിച്ചു നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ് !

New Update

publive-image

Advertisment

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ പത്ത് കോടി രൂപ ഉടനടി തിരിച്ചു നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ സ്വത്തുക്കളുടെയും അവകാശി ഗുരുവായൂരപ്പനെന്നും ഹൈക്കോടതി ഫുള്‍ബഞ്ച് ഉത്തരവില്‍ പറയുന്നു.

ബിജെപി നേതാവ് എന്‍ നാഗേഷ് അടക്കമുള്ളവര്‍ നല്‍കിയ ഒരുകൂട്ടം ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പ്രളയകാലത്തും കൊവിഡ് കാലത്തുമായി 10 കോടി രൂപയാണ് ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്.

ഇതിനെതിരെയാണ് ബിജെപി നേതാവ് എന്‍ നാഗേഷ് ഉള്‍പ്പടെയുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ദേവസ്വം ബോര്‍ഡ് പണം നല്‍കിയത് നിയമവിരുദ്ധമെന്നാണ് ഹൈക്കോടതിയുടെ വിധി.

ട്രസ്റ്റി എന്ന നിലയില്‍ സ്വത്തുവകകള്‍ പരിപാലിക്കാന്‍ മാത്രമേ ദേവസ്വം ബോര്‍ഡിന് അവകാശമുള്ളൂ. അത് വേറാര്‍ക്കും കൈമാറാന്‍ അവകാശമില്ല. ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ സ്വത്തുവകകളുടെയും അവകാശി ഗുരുവായൂരപ്പനാണെന്നും ഹൈക്കോടതിയുടെ ഫുള്‍ബഞ്ച് ഉത്തരവില്‍ നിരീക്ഷിക്കുന്നു.

ഇത് ദേവസ്വം നിയമത്തില്‍ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. ആ നിയമത്തിന്റെ പരിധിയില്‍ നിന്ന് മാത്രമേ ഭരണസമിതിക്ക് പ്രവര്‍ത്തിക്കാനാകൂ എന്നും ഹൈക്കോടതി പറയുന്നു. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനപരിധിയിലോ, അധികാരപരിധിയിലോ വരില്ല.

ഇക്കാര്യങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്. ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നല്‍കിയ തുക എങ്ങനെ തിരികെ ഈടാക്കണമെന്നത് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തീരുമാനിക്കണമെന്നും ഉത്തരവ് നിര്‍ദേശിക്കുന്നു.

thrissur news
Advertisment