Advertisment

ചാത്തൻതറയിലെ മോൻസിയുടെ വിയോഗമറിഞ്ഞ ഉറ്റസുഹൃത്ത് കണമലയിലെ ജോയി പൊട്ടിക്കരഞ്ഞു ! അടുത്ത ദിവസം ആ ഹൃദയവും നിലച്ചു. മരണത്തിലും വേർപിരിയാതെ കടന്നുപോയത് രണ്ടു ഗ്രാമങ്ങള്‍ക്ക് മുന്‍പേ നടന്ന 'ഹാൻഡിമാൻമാര്‍'

New Update

publive-image

Advertisment

കോട്ടയം :  ഉറ്റ സുഹൃത്തുക്കളായിരുന്നു കണമല സ്വദേശി വട്ടക്കുന്നേൽ ജോയി വർഗീസും ചാത്തൻതറ സ്വദേശി മോൻസി മനയത്തുമാലിലും. പതിറ്റാണ്ടുകളായി തങ്ങളുടെ ജോലിയിലും ബിസിനസ്സിലും പങ്കാളികളും ആയിരുന്നു. ഇലക്ട്രിക്കൽ പ്ലമ്പിങ് ജോലികളിൽ സമർത്ഥരായിരുന്നു ഇരുവരും.

നാളേറെയായി ഒരേ വർക്ക് ഒരുമിച്ചെടുത്ത് പങ്കിട്ടു ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച അപ്രതീക്ഷിതമായി ഹൃദയാഘാതം മൂലം മോൻസി മരണപെട്ടു. രാവിലെ ഒരുമിച്ചു ജോലിക്കു പോകുവാൻ തീരുമാനിച്ചെങ്കിലും മോൻസി വരുവാൻ താമസിച്ചതിനാൽ എന്തുപറ്റിയെന്നു ജോയി ഫോണിൽ വിളിച്ചപ്പോഴാണ്, ഉറ്റ സുഹൃത്ത് തന്നെവിട്ടു പോയെന്ന വാർത്ത അറിഞ്ഞത്.

വാർത്തയറിഞ്ഞ ജോയി അമിതദുഃഖത്താൽ വീട്ടിൽ പൊട്ടിക്കരയുകയും പരവേശപ്പെട്ടു വീഴുകയും, ഉടൻ തന്നെ ആശുപത്രിയിൽ കൊണ്ടുപോവുകയും ചെയ്തു. തിരികെ വീട്ടിലെത്തിച്ചെങ്കിലും, മോൻസിക്കുണ്ടായതുപോലെ ശക്തമായ ഹൃദയാഘാതം ഉണ്ടാവുകയും, മരണപ്പെടുകയും ചെയ്തു. അങ്ങനെ രണ്ട് ഉറ്റ സുഹൃത്തക്കൾ മൂന്ന് ദിവസത്തിനുള്ളിൽ ഇഹലോകവാസം വെടിഞ്ഞു.

ഇഴപിരിയാത്തപോലെ രണ്ടു സുഹൃത്തുക്കള്‍

കണമല നിവാസികൾക്ക്‌ മറക്കാനാവില്ല ജോയി വർഗീസിനെ . നാട്ടുകാരുടെ ഏതാവശ്യത്തിനും മുൻപന്തിയിൽ ജോയി എന്നുമുണ്ടായിരുന്നു. ഇലക്ട്രീഷ്യൻ , പ്ലംബിങ് , ഡ്രൈവിങ്ങ് , തേനീച്ച വളർത്തൽ, സൗരോർജ്ജം എന്ന് വേണ്ട ജോയി കൈവയ്ക്കാതെ മേഖലകൾ ഇല്ലായിരുന്നു.

തനിക്കറിയില്ലാത്ത പണികൾ പെട്ടെന്ന് തന്നെ പഠിച്ചെടുക്കുന്നതുൽ അതിമിടുക്കനായിരുന്നു ജോയി. തന്റെ അറിവുകൾ മറ്റുള്ളവരുമായി പങ്കിടുവാനും, അവരെ അതൊക്കെ സൗജന്യമായി പഠിപ്പിക്കുവാനും ഒരു മടിയും ജോയിക്കില്ലായിരുന്നു.

അതിനാൽ തന്നെ, ജോയിയുടെ അപ്രതീക്ഷിത വേർപാടിൽ നാടാകെ കണ്ണീരണിഞ്ഞു. കോവിഡ് 19 നിയന്ത്രണങ്ങൾ അനുസരിച്ചുകൊണ്ട്‌ , സാമൂഹിക അകലം പാലിച്ചുകൊണ്ട് നാട്ടിലെ‌ ആബാലവൃദ്ധം ജനങ്ങളും ജോയിയെ അവസാനമായി ഒരുനോക്കു കാണുവാൻ ജോയിയുടെ വീട് സന്ദർശിച്ചത് ജോയിയോടുള്ള അവരുടെ സ്നേഹത്തിന്റെ പ്രതിഫലനമാണ്.

സംസ്കാരം ഇന്ന്  കണമല സെന്റ്‌ തോമസ് പള്ളിയിൽ നടന്നു . ഭാര്യ സാലിക്കുട്ടി അരീപ്പറമ്പിൽ കുടുംബാംഗം. മക്കൾ - സജോ, ഷാജോ. മരുമകൾ - ഡിന്റാ.

ആദരാഞ്ജലികൾ അർപ്പിച്ചാൽ തീരുന്നില്ല പമ്പാവാലിയിലെ ഈ വിയോഗ വാർത്ത. പമ്പാവാലി വട്ടക്കുന്നേൽ ജോയി വർഗീസിന്റെ നിര്യാണം സൃഷ്‌ടിക്കുന്ന ഓർമ്മകൾ ഒരു നാടിന്റെ വളർച്ചയുടെ അടയാളപ്പെടുത്തൽ കൂടിയാണ്.

ജോയിയെ നേരിട്ടറിഞ്ഞ ബിജു വി ചാണ്ടി ഫേസ്ബുക്കിൽ വേദനയോടെ പങ്ക് വെച്ച അനുസ്മരണക്കുറിപ്പ്  ചുവടെ .

മുൻപെ നടക്കുന്ന ചില മനുഷ്യരുണ്ട്. അവരാണ് സമൂഹത്തിൻ്റെ ചലനത്തിന് വഴികളൊരുക്കി വേഗം പകരുന്ന വ്യക്തിത്വങ്ങള്‍.

ജോയിച്ചേട്ടൻ മുന്നേ നടന്ന മനുഷ്യനായിരുന്നു... ഞങ്ങൾ പമ്പാവാലിക്കാർക്ക് അനിവാര്യനായ വ്യക്തിയായിരുന്നു .

കുടിയേറ്റത്തിൻ്റെ യാതനകൾ അനുഭവിച്ച ,പച്ചമണ്ണിൻ്റെയും വിയർപ്പിൻ്റെയും ഗന്ധമുള്ള മനുഷ്യർക്ക് സങ്കേതിക വിദ്യകളൊന്നും അറിയാത്ത ഒരു കാലം ഞാൻ കൂടി കണ്ടിട്ടുള്ള ഏതാനും കൊല്ലം മാത്രം പിന്നിലുണ്ടായിരുന്നു .

വൈദ്യുതിയുടെ വരവോടെയാണ് ഞങ്ങളുടെ നാട്ടിലും മാറ്റങ്ങൾ തുടങ്ങിയത് . ജോയിച്ചേട്ടൻ ഞങ്ങൾ പമ്പാവാലിക്കാരെ ആദ്യം അദ്ഭുതപ്പെടുത്തിയത് സ്വച്ചിട്ട് ലൈറ്റ് കത്തിച്ച് കാണിച്ചാണ് . ''എവിടുന്നു പഠിച്ചു ജോയിയേ നീ യിതൊക്കെ'' എന്ന് പലരും ചോദിച്ചിട്ടുണ്ടാവും .....

എവിടുന്നു പഠിച്ചു എന്നുള്ളത് അപ്രസക്തമായ ഒരു ചോദ്യമാണ് ജോയിച്ചേട്ടനോട് ...

എന്തും പഠിച്ചിരിക്കും അദ്ദേഹം ..

കിണറ്റിലും ആറ്റിലും കിടന്ന വെള്ളം മോട്ടർവെച്ച് മുറ്റത്തും മുറിക്കുള്ളിലും ആക്കിത്തന്നൂ ജോയിചേട്ടൻ ...

ഇലക്ട്രീഷ്യൻ , പ്ലംമ്പറ് , ഡ്രൈവിങ്ങ് , തേനീച്ച വളർത്തൽ , സൗരോർജ്ജം .... അങ്ങനെ . ജോയിച്ചേട്ടൻ കൈവെയ്ക്കാത്ത എന്തേലും ബാക്കിയുണ്ടോ  എന്നു സംശയമാണ് ...

എല്ലാ പമ്പാവാലിക്കാർക്കും ഒരു പടി മുന്നിൽ നടന്ന് അത്തരം സങ്കേതികതകൾ എവിടുന്നോ പഠിച്ച് ഞങ്ങളെല്ലാവർക്കും ലഭ്യമാക്കി തന്നത് ജോയിച്ചേട്ടനാണ് ....

പമ്പാവാലിക്കാര്‍ നടക്കുമ്പോൾ ജോയിച്ചേട്ടൻ സൈക്കിള്‍ ചവിട്ടി. ഞങ്ങള്‍ സൈക്കിൾ വാങ്ങിയപ്പോൾ ജോയിച്ചേട്ടൻ ബൈക്കോടിച്ചു.  ഞങ്ങൾ ബൈക്കിലെത്തിയപ്പോൾ ജോയിച്ചേട്ടൻ കാറുവാങ്ങി .....

കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് എഴുതിയ ലേഖനം വായിച്ചു അതില്‍  മുന്നോട്ടുള്ള തൊഴിൽ രംഗത്ത് ഒരു വ്യക്തി  'ബഹുമുഖവൈദഗ്ദ്യം' നേടുന്നതിൻ്റെ സാധ്യതകളെക്കുറിച്ചായിരുന്നു ..

വിദേശ രാജ്യങ്ങളിൽ ഇങ്ങനെയുള്ളവരെ 'ഹാൻഡിമാൻ ' എന്നാണ് വിളിക്കുന്നതത്രേ ... പമ്പാവാലിയിൽ 80 കളിൽ തന്നെ ബഹുമുഖ വൈദഗ്ദ്യം ഉള്ള ജോയി ചേട്ടൻ എന്ന 'ഹാൻഡിമാൻ ' ഉണ്ടായിരുന്നല്ലോ എന്നു ഞാനോർത്തു.

ജോയി ചേട്ടൻ്റെ ഹൃദയസ്തംഭനം മൂലമുള്ള മരണ വാർത്ത സുഹൃത്ത് Smaju Jacob വിളിച്ചു പറയുമ്പോൾ വല്ലാത്ത ദു:ഖം തോന്നി . വ്യക്തിപരായി അടുപ്പവും സ്നേഹവുള്ള ഒരാൾ എന്നതിനുപരി നാടിനു വന്ന നഷ്ടം തന്നെയാണ് ജോയി ചേട്ടൻ്റെ അകാല വിയോഗം .

ശാസ്ത്രജ്ജരും , എഴുത്തുകാരും, രാഷ്ട്രീയക്കാരും മാത്രമല്ല സമൂഹത്തെ നയിക്കുന്നത് .. സൃഷ്ടിക്കപ്പെടുന്ന സങ്കേതിക വിദ്യകൾ സമൂഹത്തിന് അല്ലെങ്കിൽ ഒരു കുടുംബത്തിലേയ്ക്ക് അത് എത്തിച്ചു കൊടുക്കുന്ന ജോയി ചേട്ടനെ പോലെ ചില മനുഷ്യരും കൂടിയാണ് .

ചുമ്മാ ഇരിക്കുന്ന ജോയി ചേട്ടനെ കണ്ടിട്ടില്ല. എപ്പോഴും തിരക്കിട്ട് ഓടി നടക്കും. മരണവും അതുപോലെ തിടുക്കത്തിലായിപ്പോയി ...

പ്രിയപ്പെട്ട ജോയിചേട്ട വിട ...

മറക്കാൻ കഴിയില്ല ഒരു നാടിന് ...

താങ്കളുടെ കരസ്പർശം കൊണ്ട് പ്രവർത്തനനിരതമായ പല ഉപകരണങ്ങളും കാണും ഓരോ പമ്പാവാലിക്കാരൻ്റെയും വീട്ടിൽ .

പിന്നെ ഞങ്ങളെങ്ങനെ മറക്കും .... നിത്യത നേരുന്നു... ആദരാഞ്ജലികൾ

കടപ്പാട്Newserumely 

kottayam
Advertisment