Advertisment

ആത്മീയ അന്തർദ്ധാരയെ കുറിച്ച് 'ഇന്ത്യയുടെ ആത്മാവ്' എന്ന ഗ്രന്ഥത്തിൽ പറഞ്ഞ കെ. ദാമോദരനെയും ഭാരതീയ സംസ്കാരം ഉൾക്കൊണ്ട് രചന നടത്തിയ ദേശ്പാണ്ടെയെയും പോലുള്ള കമ്മ്യൂണിസ്റ്റ്‌ ചിന്തകരെ സഖാക്കൾ ചെവിക്കൊണ്ടില്ല; ഇന്നിപ്പോൾ പന്ന്യൻ രവീന്ദ്രനെ പോലെ ചില നേതാക്കൾ ഭാരതീയ സംസ്കാരത്തെ ഉൾക്കൊള്ളാൻ കഴിയാത്തതിൽ പശ്ചാത്തപിക്കുന്നുണ്ട്; പക്ഷെ വളരെ വൈകിപ്പോയി എന്ന് മാത്രമല്ല ഒറ്റപ്പെട്ട ശബ്ദമാണ് അവരുടേത്: ഹരി എസ് കര്‍ത്താ എഴുതുന്നു

author-image
admin
New Update

ഹരി എസ് കര്‍ത്താ

Advertisment

publive-image

കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഇന്ത്യയിൽ നൂറ് വർഷം പിന്നിടുകയാണ്. പക്ഷെ പ്രസ്ഥാനത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന കാര്യത്തിലും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾക്കിടയിൽ അഭിപ്രായവ്യത്യാസമാ ണെന്നതാണ് ഏറെ വിചിത്രം. സിപിഎം ആഘോഷ പരിപാടികൾക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചപ്പോൾ, ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി രൂപം കൊണ്ടിട്ട് നൂറ് വർഷം പൂർത്തിയാവാൻ ഇനി ആറ് കൊല്ലം കൂടി കാത്തിരിക്കേണ്ടതുണ്ട് എന്ന അഭിപ്രായത്തിലാണ് സിപിഐ.

മറ്റ് കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾ ശതാബ്ദി ആഘോഷിക്കുന്നതിനെ കുറിച്ച് പ്രഖ്യാപനമൊന്നും ഇത് വരെ നടത്തിയതായി അറിവില്ല. ഈ കാര്യത്തിൽ പോലും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌ സഖാക്കൾക്ക് യോജിക്കാനാവുന്നില്ല എന്നത്, ജോർജ് ആലൻ ഓവർസ്ട്രീറ്റിന്റെ ഒരു നിരീക്ഷണമാണ് ഇപ്പോൾ ഓർമയിൽ എത്തിക്കുന്നത്. ലോകമാസകലമുള്ള കമ്മ്യൂണിസ്റ്റ്‌ പാർട്ടികളെ കുറിച്ച് പഠിച്ച് പുസ്തകമെഴുതി പുറത്തിറക്കിയ വിഖ്യാതനാണ് ജോർജ് ആലൻ ഓവർസ്ട്രീറ്റ്. അദ്ദേഹത്തിന്റെ നിഗമനങ്ങളിലൊന്നിന് സർവകാല പ്രസക്തി ഉള്ളതായി തോന്നുന്നു. ലോകത്തിലെ വിഭിന്ന പാർട്ടികളിൽ ഏറ്റവുമധികം അച്ചടക്കമുള്ളത് കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കാണ്, കാരണം അത് കമ്മ്യൂണിസ്റ്റ്‌ പാർട്ടി ആണെന്നത് തന്നെ എന്നാണ് ഓവർസ്ട്രീറ്റിന്റെ വാദം.

ലോകത്തെ വിവിധ കമ്മ്യൂണിസ്റ്റ്‌ പാർട്ടികളിൽ ഏറ്റവുമധികം അച്ചടക്കാരാഹിത്യമുള്ളതാവട്ടെ, അത് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിലാണത്രേ. അതിന് കാരണം അതിന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ആയതുകൊണ്ടാണ്. പാർട്ടിയുടെ പ്രായത്തെ കുറിച്ച് തർക്കിക്കുന്ന ഇന്ത്യയിലെ സഖാക്കളുടെ തർക്കം പാർട്ടി രൂപീകണത്തിന് മുമ്പെ ആരംഭിച്ചതാണ്. അന്ന് ആദ്യം തർക്കവിഷയമായത് പാർട്ടിയുടെ പേരിനെചൊല്ലി ആയിരുന്നു. 'ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടി' എന്ന് ഒരു വിഭാഗം നിർദ്ദേശിച്ചപ്പോൾ, അതിനെ എതിർത്ത മറ്റൊരു വിഭാഗം നിർദേശിച്ചത് 'കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യ' എന്ന് മതി എന്നായിരുന്നു. 'ഇന്ത്യൻ' എന്ന് ചേർത്താൽ അതിന് ബൂർഷ്വാ ദേശീയതയുടെ ധ്വനി വരും എന്നത് കൊണ്ടാണ് ആദ്യ നിർദേശം കാൺപൂർ സമ്മേളനത്തിൽ എതിർക്കപ്പെട്ടതും പിൻതള്ളപ്പെട്ടതും.

അതിൽ പ്രതിഷേധിച്ച് സത്യഭക്ത എന്ന സഖാവിന്റെ നേതൃത്വത്തിൽ കുറെ പേർ ഇറങ്ങി പോയതായും രേഖയുണ്ട്. ദേശീയതയിൽ ഊന്നിയ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയാവണം ഇന്ത്യയിലേത് എന്ന് വാദിച്ചവർ പരാജയപ്പെട്ടു. അവിടെ ആരംഭിച്ചു ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പരാജയത്തിലേക്ക്, പിൽക്കാലത്ത് നയിച്ച പാളിച്ചകൾ. ഇന്ത്യൻ ദേശീയതയെ അന്നും ഇന്നും സഖാക്കൾക്ക് അംഗീകരിക്കാനാവുന്നില്ല.

ഇന്ത്യയെ കമ്മ്യൂണിസ്റ്റ്‌ രാജ്യമായ ചൈന 1962ൽ ആക്രമിച്ചപ്പോൾ ശത്രു രാജ്യത്തെ കുറ്റപ്പെടുത്താൻ കൂട്ടാക്കാത്തതിനെ തുടർന്നാണല്ലോ ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടി പിളർന്നത്. ഇന്ത്യയുടെ ഭൂമി ഇന്ത്യയുടേതാണ് എന്ന് അംഗീകരിക്കാൻ പോലും തയ്യാറാവാതെ, ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും അവകാശപ്പെടുന്ന ഭൂമി എന്നാണ് ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാടും കൂട്ടരും, അതിർത്തിയിൽ ചൈന കയ്യടക്കിയ പ്രദേശത്തെപ്പറ്റി പറഞ്ഞു നടന്നത്. അതിർത്തിയിൽ പോരാടുന്ന ജവാന്മാർക്ക് രക്തം നൽകാൻ തയ്യാറായ വി.എസ്.അച്ചൂതാനന്ദന് എതിരെ സിപിഎം നേതൃത്വം നടപടി കൈക്കൊണ്ട ചരിത്രവും ഉണ്ട്.

ചൈനയിലും പഴയ സോവിയറ്റ് യൂണിയനിലും, വിയറ്റ്നാമിൽ പോലും കമ്മ്യൂണിസത്തിന്റ സ്വാധീനത്തെ ഒരളവ് വരെ സഹായിച്ചത് അവിടങ്ങളിലെ ദേശീയ വികാരത്തെ തൊട്ടുണർത്തിയത് കൊണ്ട് കൂടിയാണ്. എന്നാൽ ഇന്ത്യൻ ദേശീയതയോടും, ഇന്ത്യയുടെ ആത്മാവായ ആദ്ധ്യാമികതയോടും മുഖം തിരിഞ്ഞ് നിന്നു ഇവിടത്തെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം. ആത്മീയ അന്തർദ്ധാരയെ കുറിച്ച് 'ഇന്ത്യയുടെ ആത്മാവ്' എന്ന ഗ്രന്ഥത്തിൽ പറഞ്ഞ കെ. ദാമോദരനെയും ഭാരതീയ സംസ്കാരം ഉൾക്കൊണ്ട് രചന നടത്തിയ ദേശ്പാണ്ടെയെയും പോലുള്ള കമ്മ്യൂണിസ്റ്റ്‌ ചിന്തകരെ സഖാക്കൾ ചെവിക്കൊണ്ടില്ല. ഇന്നിപ്പോൾ പന്ന്യൻ രവീന്ദ്രനെ പോലെ ചില നേതാക്കൾ ഭാരതീയ സംസ്കാരത്തെ ഉൾക്കൊള്ളാൻ കഴിയാത്തതിൽ പശ്ചാത്തപിക്കുന്നുണ്ട്. പക്ഷെ വളരെ വൈകിപ്പോയി എന്ന് മാത്രമല്ല ഒറ്റപ്പെട്ട ശബ്ദമാണ് അവരുടേത്.

ഒരു ആത്മപരിശോധനയ് ക്കും സ്വയം വിമർശനത്തിനും ഉള്ള അവസരമാവേണ്ടതാണ് വാസ്തവത്തിൽ ഈ ശതാബ്ദി വേള. പക്ഷെ അതിന്റെ ലക്ഷണമൊന്നും കാണുന്നില്ല. അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊള്ളാൻ കമ്മ്യൂണിസ്റ്റ്‌കാർ വിസമ്മതിക്കുന്നു. അതിന്റെ ഫലമായുള്ള അനിവാര്യമായ പതനമാണ് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന് ഇന്ത്യയിൽ ഉണ്ടായിട്ടുള്ളത്. ഓർമ്മകൾ ഉണ്ടാവുന്നതേയില്ല സഖാക്കൾക്ക്.

ഏതാണ്ട് ഒരേ കാലഘട്ടത്തിലാണ് ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയും അതിന്റെ മുഖ്യ പ്രതിയോഗി രാഷ്ട്രീയ സ്വയംസേവക് സംഘം എന്ന സംഘടിത ഹിന്ദു പ്രസ്ഥാനവും പ്രവർത്തനം ആരംഭിച്ചത്. 1925ലാണ് കാൺപൂരിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ആദ്യ സമ്മേളനം നടന്നത്. ആർ എസ് എസിന്റെ ആദ്യ ശാഖ നാഗപൂരിൽ കൂടിയതും 1925ൽ തന്നെ, വിജയദശമി നാളിൽ. കമ്മ്യൂണിസ്റ്റ്‌ പാർട്ടി 1964ൽ രണ്ടായി പിളർന്നു.

പിന്നെ വളരാതെ തന്നെ,വീണ്ടും അനേകം കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾ മാതൃ സംഘടന വിട്ട് ഇന്ത്യയിൽ പൊട്ടി മുളച്ചു.മാർക്സിസ്റ് എന്നും മാവോയിസ്റ് എന്നും മാർക്സിസ്റ്റ്‌ ലെനിനിസ്റ്റ് എന്നൊക്കെയുള്ള വിശേഷണങ്ങൾ പാർട്ടിയുടെ പേരിനൊപ്പം ചേർത്ത്. ഇടക്കാലത്ത് സിപിഐ നേതാവ് കണിയാപുരം രാമചന്ദ്രൻ ഒരു നിയമസഭാ പ്രസംഗത്തിൽ കളിയാക്കി സിപിഎമ്മുകാരോട് ചോദിച്ചത് ഈ പാർട്ടികളുടെ പേരുകൾ പറയുമ്പോൾ ഓർമ്മ വരുന്നു. പ്രസവ വാർഡ് എന്നതിനൊപ്പം ബ്രാക്കറ്റിൽ സ്ത്രീകൾക്ക് മാത്രം എന്നെഴുതി വയ്ക്കുന്നത് പോലെയല്ലേ കമ്മ്യൂണിസ്റ്റ്‌ പാർട്ടി എന്നതിനോടൊപ്പം മാർക്സിസ്റ്റ്‌ എന്ന് കൂടി ബ്രാക്കറ്റിൽ ചേർക്കുന്നത് എന്നായിരുന്നു ചിരിക്കും ചിന്തയ്ക്കും വക നൽകുന്ന കണിയാപുരത്തിന്റെ ചോദ്യം.

പ്രത്യയശാസ്ത്രപരമെന്നതിനേക്കാളേറെ, വ്യക്തിപരമായ പടല പിണക്കങ്ങളാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ശിഥിലീകരണത്തിന് അധികവും ഇടയാക്കിയത്. ആഘോളാവസ്ഥയും അതിൽ നിന്ന് അധികം വ്യത്യസ്തമല്ല. അമ്പതുകളിൽ , സഖാവ് എ. കെ. ഗോപാലൻ പ്രതിപക്ഷ നേതാവായി, ലോക് സഭയിൽ പ്രധാന പ്രതിപക്ഷമായിരുന്ന കമ്മ്യൂണിസ്റ്റുകളുടെ ഇന്നത്തെ ഇന്ത്യൻ പാർലമെന്റിലെ, ഇന്ത്യയിലെ അവസ്ഥ എത്ര പരിതാപകരം.

ലോകത്തിന്റെയാകെ ശ്രദ്ധ പിടിച്ചു പറ്റി കൊണ്ടാണ് അമ്പത്തേഴിൽ കേരളത്തിൽ, ഏഷ്യയിൽ ആദ്യമായി, കമ്മ്യൂണിസ്റ്റ്‌ പാർട്ടി ബാലറ്റിലൂടെ അധികാരത്തിൽ വന്നത്. അന്ന് ലോകം കേരളത്തെ കണ്ടത് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ 'ലോങ് മാർച്ച്' ആരംഭിക്കുന്ന യെനാൻ ആയിട്ടാണ്. യെനാൻ എന്ന ചൈനീസ് ഗ്രാമത്തിൽ നിന്നാണല്ലോ മവോ സേ തൂങ് ചരിത്ര പ്രസിദ്ധമായ 'ലോങ്ങ്‌ മാർച്ച്' ആരംഭിച്ചത്. ആ കാലത്ത് കേരളത്തിലെ സഖാക്കൾ മുഴക്കിയിരുന്ന ഒരു മുദ്രാവാക്യം ഉണ്ട്.

ഇ എം എസിന് ഡൽഹി ഭരിക്കാൻ ബാലറ്റെങ്കിൽ ബാലറ്റ്, ബുള്ളറ്റെങ്കിൽ ബുള്ളറ്റ് എന്നായിരുന്നു ആവേശത്തോടെ, ആത്മവിശ്വാസത്തോടെ അന്ന് സഖാക്കൾ വിളിച്ച് നടന്നിരുന്ന മുദ്രാവാക്യം. ഒരു ജനകീയ മുന്നേറ്റത്തിന്റെ , വിമോചന സമരത്തിന്റെ ഫലമായി , ആദ്യ കമ്മ്യൂണിസ്റ്റ്‌ സർക്കാരിന് കാലാവധി പൂർത്തിയാക്കാതെ പുറത്ത് പോവേണ്ടി വന്നു. പുറത്താക്കിയത് ഇന്ന് ഇടതുപക്ഷങ്ങൾ ആരാധിക്കുന്ന അന്നത്തെ പ്രധാനമന്ത്രി, റഷ്യയിൽ മഴ പെയ്യുമ്പോൾ ഇവിടെ കുട പിടിക്കുന്നവർ എന്ന് കമ്മ്യൂണിസ്റ്റുകാരെ കളിയാക്കിയ, സാക്ഷാൽ പണ്ഡിറ്റ്‌ ജവാഹർലാൽ നെഹ്‌റു.

അദ്ദേഹത്തെ അതിന് പ്രേരിപ്പിച്ചതോ അന്ന് കോൺഗ്രസ്‌ അധ്യക്ഷയായിരുന്ന മകൾ ഇന്ദിര ഗാന്ധി. കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ മന്ത്രി സഭ പിരിച്ചു വിട്ട നെഹ്രുവിന്റെ നടപടി ഭരണഘടനാവിരുദ്ധം എന്ന് വിളിച്ച് പറയാൻ കേരളത്തിന്‌ പുറത്ത് രണ്ട് നേതാക്കളെ അന്ന് ഇന്ത്യയിൽ ഉണ്ടായിരുന്നുള്ളൂ. അവർ കമ്മ്യൂണിസ്റ്റ്‌കാരല്ലായിരുന്നു. ഹിന്ദുത്വവാദികൾ ആയിരുന്നവർ, ആർ എസ് എസ് സർസംഘചാലക് ഗുരുജി എം. എസ്. ഗോൾവാൽക്കറും ഹിന്ദു മഹാസഭയുടെ അധ്യക്ഷൻ വി. ഡി. സവർകറും. ഇന്നത്തെ സഖാക്കൾക്ക് ഒരു പക്ഷെ, ഇതൊന്നും ഓർമയുണ്ടാവില്ല. ഓർമ്മകൾ ഉണ്ടായിരിക്കരുത് എന്നതായല്ലോ അവരുടെ പുതിയ പാഠം. മാണി കേരള കോൺഗ്രസിന് ചുവപ്പ് പരവതാനി വിരിച്ചത് ഓർമ്മകൾ തമസ്കരിക്കുന്നത് കൊണ്ടാണല്ലോ.

ശ്രീ നാരായണ ഗുരുദേവനും ചട്ടമ്പി സ്വാമികളും അയ്യാ വൈകുൺഠ സ്വാമികളും മറ്റും ഉഴുതു മറിച്ചിട്ട മലയാള മണ്ണിലാണ് മാർക്സിസത്തിന്റെ വിത്ത് പി.കൃഷ്ണ പിള്ളയും മറ്റും വിതച്ചത്. മുപ്പത്തേഴി ലാണ് പിണറായിയിലെ പാറപ്പുറത്ത് കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ജനനം.

കേരളീയ നവോത്ഥാനത്തെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി തട്ടിയെടുക്കുകയും അതിന്റെ ഗതി മാറ്റുകയും ആയിരുന്നു യഥാർത്ഥത്തിൽ. സംഘടിക്കാനും സമരം ചെയ്യാനും അവകാശങ്ങൾ ചോദിച്ചു വാങ്ങാനും കമ്മ്യൂണിസ്റ്റ്‌ പാർട്ടി പഠിപ്പിച്ചു. എന്നാൽ കടമകളെയോ ഉത്തരവാദിത്വത്തെ കുറിച്ചോ തൊഴിലാളികളെയും കർഷകരെയും ഇതര സംഘടിത വിഭാഗത്തെയും ഓർമിപ്പിക്കാൻ പാർട്ടി നേതൃത്വം മിനക്കേട്ടില്ല.

അമ്പത്തേഴിന് ശേഷം പിന്നെ ഒരിക്കലും കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഒറ്റയ്ക്ക് മത്സരിച്ച് അധികാരത്തിൽ വന്നിട്ടില്ല. ഇന്ന് ഇന്ത്യാ മഹാരാജ്യത്തിൽ, കേരളത്തിൽ മാത്രമാണ് കമ്മ്യൂണിസ്റ്റുകാർ അധികാരത്തിൽ ഉള്ളത്. മൂന്ന് പതിറ്റാണ്ടിലേറെ ഭരിച്ച ബംഗാളും ത്രിപുരയും കമ്മ്യൂണിസ്റ്റ്‌ മാർക്സിസ്റ്റ്‌ പാർട്ടിക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു.

ഇടത്പക്ഷ പ്രസ്ഥാനത്തിന്റെയും ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെയും ഈറ്റില്ലങ്ങളായിരുന്ന ബീഹാർ, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളിലും കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾക്ക് ഇന്ന് കൈനീട്ടം വിൽക്കാനാവുന്നില്ല. തൊഴിലാളി കേരളത്തിൽ ഇപ്പോൾ ഒരു മുന്നണിയിൽ, ഒന്നിച്ച് ഭരിക്കുന്ന ഇരു കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾ, ഭരണപക്ഷത്തും പ്രതിപക്ഷത്തുമായി പരസ്പരം പോരടിച്ചിരുന്ന ഒരു നീണ്ട കാലഘട്ടം ഉണ്ടായിരുന്നു. കോൺഗ്രസ്‌ പിന്തുണയോടെയും പിന്നീട് പങ്കാളിത്തത്തോടെയും സിപിഐ നേതാവ് സി. അച്യുത മേനോൻ കേരളം ഭരിച്ച കാലം. ആക്കാലമൊക്കെ ഓർക്കുന്നതും ഓർമിപ്പിക്കുന്നതും സഖാക്കൾക്ക് അസ്വസ്ഥത ഉളവാക്കും. പിന്നീട് കബനിയിലൂടെയും നിളയിലൂടെയും പൂർണയിലൂടെയും പമ്പയിലൂടെയുമൊക്കെ ധാരാളം വെള്ളം ഒഴുകിപ്പോയി.

ഒന്ന് പറയാം, പറഞ്ഞേ മതിയാവൂ. ഒന്നര നൂറ്റാണ്ട് മുമ്പ് മാർക്സും എങ്കൽസും ചേർന്ന് എഴുതി അവതരിപ്പിച്ച കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ ആരംഭിക്കുന്നത് ചിലർക്ക് പ്രത്യാശയും ചിലർക്ക് ഭീഷണിയും ഉയർത്തുന്ന വരികളോടെയാണ്. " A spectre haunts Europe, the spectre of Communism" - "യൂറോപ്പിനെ ഒരു ഭൂതം വേട്ടയാടുന്നു, കമ്മ്യൂണിസം എന്ന ഭൂതം" എന്നാരംഭിച്ച മാനിഫെസ്റ്റോ യൂറോപ്പിൽ എന്നല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരു വലിയ വിഭാഗം ജനങ്ങളെ ആവേശം കൊള്ളിച്ചു, സ്വാധീനിച്ചു. ഒപ്പം ഒരു വിഭാഗത്തിനെതിരെ അത് ഭീഷണി ഉയർത്തി. പ്രസ്ഥാനത്തിന്റെ നൂറാമാണ്ടിലെത്തി നിൽക്കുമ്പോൾ കമ്മ്യൂണിസം എന്ന പ്രത്യയശാസ്ത്രമോ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനമോ ആർക്കും ഒരിടത്തും ഒരു തരത്തിലും ഇന്നൊരു പ്രത്യാശയോ ഭീഷണിയോ അല്ലാതായി തീർന്നിരിക്കുന്നു എന്ന് അടിവരയിട്ട് പറഞ്ഞു കൊണ്ട് നിർത്തട്ടെ.

Advertisment