Advertisment

ദേശീയപാത മുറിച്ചു കടക്കുമ്പോള്‍ അമിത വേ​ഗതയിലെത്തിയ കാറിടിച്ച്‌ തെറിച്ചു വീണ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു: രക്ഷയായത് തോളിൽ കിടന്ന സ്കൂള്‍ ബാ​ഗ്

New Update

ഹരിപ്പാട്: ദേശീയപാത മുറിച്ചു കടക്കുമ്പോള്‍ അമിത വേ​ഗതയിലെത്തിയ കാറിടിച്ച്‌ തെറിച്ചു വീണ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു. നങ്ങ്യാര്‍കുളങ്ങര ശ്രേയസില്‍ സഞ്ജീവന്റെയും ആശയുടെയും മകള്‍ ചേപ്പാട് എന്‍ടിപിസി കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി നവമി (13) ആണ് പരുക്കുകളോടെ രക്ഷപ്പെട്ടത്.

Advertisment

publive-image

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് എസ്‌എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് ദേശീയപാതയില്‍ എത്തുന്ന ഭാഗത്തായിരുന്നു അപകടം. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകാനാണ് നവമി റോഡ് മുറിച്ചു കടന്നത്. ഇതിനിടെ അമിത വേഗത്തിലെത്തിയ കാര്‍ നവമിയെ ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്ത‍ില്‍ റോഡിലേക്കു വീണ നവമി തെറിച്ച്‌ മറുവശത്തേക്ക് ഉരുണ്ടു പോയി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അമ്മ അപകടം കണ്ട് ഓടിയെത്തി.

പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കു ശേഷം കുട്ടി ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. തലയ്ക്കും കാലിനും പരുക്കുണ്ട്. സ്കൂള്‍ ബാഗ് തോളിലുണ്ടായിരുന്നതാണ് സാരമായ പരുക്കുകളേല്‍ക്കാതെ രക്ഷപ്പെടുത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Advertisment