Advertisment

മുഖ്യമന്ത്രിയുടെ ഒപ്പിൽ പ്രവാസിയുടെ ജീവനുണ്ട്, ജീവിതമുണ്ട്: ബഹുമാനപ്പെട്ട മുഖ്യമന്ത്രി അറിയുവാൻ അമേരിക്കയിൽ നിന്നും പ്രവാസിയും മാധ്യമപ്രവർത്തകനുമായ ഹസ്സൻ തിക്കോടി എഴുതുന്നു

author-image
admin
Updated On
New Update

ബഹുമാനപ്പെട്ട മുഖ്യമന്ത്രി അറിയുവാൻ അമേരിക്കയിൽ നിന്നും ഹസ്സൻ തിക്കോടി എഴുതുന്നതു.

------------------------------------------------------------

Advertisment

publive-image

പ്രിയ മുഖ്യമന്ത്രിക്കു.

ലോകത്തിലെ ഏറ്റവും പഴക്കമുളള ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്നറിയപ്പെടുന്ന അമേരിക്കയുടെ ഭൂമികയിൽ നിന്നാണ് ഞാനീകത്തെഴുത്തുന്നത്. കൊറോണ വൈറസ് പടർന്നുപിടിച്ചതിന്റേ ആദ്യനാളുകൾ മുതൽ ഞാനിവിടെ എത്തിയിരുന്നു. ഒരു വികസിത രാജ്യത്തിന്റെ സകലമാന സംവിധാനങ്ങൾ ഉണ്ടായിട്ടും കോവിഡ് 19 എന്ന മഹാമരിയെ പ്രതിരോധിക്കുന്നതിലും ചികിൽസാ സൌകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിലും ഈ രാജ്യം പരാജയപ്പെട്ടതിന്റെ ഏറ്റവും വലിയ നഗ്നസത്യമാണ് ഒന്നേകാൽ ലക്ഷം പേർ മരിച്ചതും, ഇരുപത്തിമൂന്ന് ലക്ഷം പൌരന്മാർക്കു കൊറോണ പോസിറ്റീവ് ആയിമാറിയതും.

വിടുവായത്തം വിളിച്ചോതുന്ന ലോകപൊലീസുകാരനായ റൊണാൾഡ് ട്രംപ് എന്ന ഭരണാധികാരിയുടെ പരാജയമായിമാത്രമേ ലോകം ഈ വിപത്തിനെ വിലയിരുത്തുകയുള്ളൂ, അല്ലാതെ രോഗപ്രതിരോധ സംവിധാനങ്ങളുടെ കുറവുകൊണ്ടോ, ടെക്നോളജിയുടെ അഭാവംകൊണ്ടോ, പണത്തിന്റെ ലഭ്യതഇല്ലാത്തതുകൊണ്ടോ അല്ല. രോഗാതുരരായി സ്വന്തം പൌരന്മാർ തുരുതുരാ മരിച്ചുവീഴുമ്പോൾ ഫ്ലോറിഡയിൽ ഗോൾഫ് കളിക്കാൻ പോയ നേതാവിനെ അന്നത്തെ പത്രം റോമാ രാജ്യം കത്തിയെരിയുമ്പോൾ വീണ വായിച്ച “നൂറോ” ചക്രവർത്തിയോടാണ് ഉപമിച്ചത് ഇക്കഴിഞ്ഞ മെയ് അവസാനവാരത്തിലായിരുന്നു.

അതേസമയം ചൈനയിലെ വുഹാനിൽ ഈ രോഗം പൊട്ടിപ്പുറപ്പെട്ട നാൾമുതൽ സകല മുൻകരുതലുകളും കൈകൊണ്ടു പ്രതിരോധ നടപടികൾ സ്വീകരിച്ച അങ്ങും, ശ്രീമതി ശൈലജ ടീച്ചറും, കേരള സർക്കാരും നമ്മുടെ ഇത്തിരി സൌകര്യങ്ങളിൽ നിന്നുകൊണ്ടു ആവുന്ന വിധത്തിലോക്കെ കേരളത്തിന്റെ വാതായനങ്ങൾക്കു താഴിട്ട്പൂട്ടിയതിനാൽ ഈ മഹാരോഗത്തെ ഒരു പരിതിവരെ നിയന്ത്രിക്കാനും, മേത്തരം ചികിൽസാ സംവിധാനം ഒരുക്കി ബഹുഭരിപക്ഷം ആളുകളെയും രോഗ മുക്തരാക്കാനും കഴിഞ്ഞു.

രോഗം കുറഞ്ഞ, മരണങ്ങൾ നാമമാത്രമായ ഒരു സംസ്ഥാനമായി ലോകത്തിന്റെ മുമ്പിൽ നമ്മൾ അഭിമാനത്തോടെ “കേരള മോഡേൽ” പറഞ്ഞുതുടങ്ങി. നിങ്ങളോടൊപ്പം മുൻനിരയിൽ നിന്നു പോരാടിയ ആരോഗ്യ പ്രവർത്തകരോടും, പോലീസ് സേനയോടും കേരളജനത എന്നും കടപ്പെട്ടിരിക്കുന്നു. അതോടൊപ്പം കേരളത്തിലേക്ക് മടങ്ങിവരുന്ന പ്രവാസികളെ ഹൃദയത്തോട് ചേർത്തുപിടിച്ചു അവരിൽ രോഗലക്ഷണമുള്ളവരെ സർക്കാർ ഒരുക്കിയ പട്ടുമെത്തയുടെ ക്വോരണ്ടായിൻ സൌകര്യമൊരുക്കി മാറ്റിപ്പാർപ്പിച്ചുകൊണ്ടു അവർക്കു മറ്റെവിടുന്നുംകിട്ടാത്ത സേനഹവും, പരിരക്ഷയും നൽകി ഒരച്ഛനെ പോലെ, ജേഷ്ട്ടസഹോദരനെപ്പോലെ നിങ്ങൾ പ്രവാസികൾക്കു പ്രിയപ്പെട്ട മുഖ്യമന്ത്രിയായി വാഴ്ത്തപ്പെട്ടു.

‘’’’’

കറുത്തവനെയും വെളുത്തവനെയും വേർതിരിച്ചു ചികിൽസിക്കുന്ന, ഭരണകൂടം അനുശാസികുന്ന തുല്യനീതി നടപ്പിലാക്കാൻ ഒരുവേള മടിച്ച് നിൽകുന്ന ഈ നാട്ടിൽ വർണ വിവേചനത്തിന്റെ പേരിൽ കൊറോണയാൽ മരിച്ചവരിൽ ഭൂരിഭാഗവും കറുപ്പന്മാരായിരുന്നു എന്ന സത്യം എല്ലാവർക്കും അറിയാം . ജോർജ്ജ് ഫോയ്ഡ് എന്ന കറുത്ത ആഫ്രിക്കൻ-അമേരിക്കനെ ശ്വാസം മുട്ടിച്ചു കൊന്നതു തോലിയുടെ നിറം കറുപ്പായത് കൊണ്ടായിരുന്നു എന്നത് ജീവിക്കുന്ന സത്യമാണ്. ഇതിവിടെ പറയാൻ കാരണം ഈ വികസിത രാജ്യത്ത് വിവേചനവും അനീതിയും നിത്യ സംഭവമാണെന്ന് പറയാനാണ്.

‘’’’’

പക്ഷേ, നമ്മുടെ നാട് അങ്ങനെയല്ല. പ്രത്യേകിച്ച് അങ്ങയുടെ ഭരണത്തിൽ നാട്ടുകാരും പ്രവാസികളും ഒരു പോലെ സന്തുഷട്ടരായിരുന്നു. എന്നാൽ ഇയ്യടുത്തായി അങ്ങ് കൈകൊണ്ട ചില തീരുമാനങ്ങൾക്കു അനീതിയുടെയും നീതി നിഷേധത്തിന്റെയും സ്നേഹക്കുറവിന്റെയും ലാഞ്ചനകൾ വന്നുചേർന്നോ എന്നു ഞാൻ സംശയിക്കുന്നു. അങ്ങയെപോലെ, കാതങ്ങൾക്കപ്പുറത്തെ ഗൾഫിലെ പ്രവാസികൾ അനുഭവിക്കുന്ന യാതനകളും വേദനകളും അവരുടെ കണ്ണുനീരും നേരിട്ട് കാണാൻ എനിക്കും സാധിക്കുന്നില്ല. എന്നാൽ നാലു പതിറ്റാണ്ട്കാലം അവിടെ ജീവിച്ച പ്രവാസി എന്ന ഒറ്റക്കാരണത്താൽ അവരുടെ വേദനയും രോധനവും, നൊമ്പരവും എന്റേതുകൂടിയാണെന്ന് ഞാൻ അറിയുന്നു.

ഒരു വ്യത്യാസം ഞാൻ മനസ്സിലാക്കുന്നു അങ്ങക്ക് എന്നെപ്പോലെ നേരിൽ കാണാനും മനസ്സിലാക്കാനും സാധിക്കുന്നില്ലെങ്കിലും ഒരു ഭരണത്തിന്റെ സകല സംവിധാനവും ഉപയോഗിച്ച് അവരുടെ ഹൃദയത്തിന്റെ സ്പന്ദനങ്ങൾ അനുനിമിഷം അറിയാൻ സാധിക്കുന്നുണ്ട്. അവരുടെ വാവിട്ട നിലവിളിയും, കണ്ണുനീരിന്റെ ചൂടും അറിയാൻ കഴിയും. അവരുടെ വിശപ്പിന്റെ കാഠിന്യവും വിരഹവേദനയും മനസ്സിലാക്കാൻ കഴിയും. “എനിക്കു ശ്വാസംമുട്ടുന്നു” എന്ന മരണനവെപ്രാളത്തിന്റെ അവസാന വാക്കുകൾ അങ്ങക്ക് കേൾക്കാനാവും.

പ്രിയപ്പെട്ട മുഖ്യമന്ത്രീ, അങ്ങ് അവരെ സഹായിക്കണം, അവർക്ക് ആരുമില്ല. അങ്ങയിലാണവർ അഭയം തേടുന്നത്, അങ്ങയുടെ കാരുണ്യത്തിനാണവർ അർഥിക്കുന്നതു. ആ ഊഷര ഭൂമിയിൽ മരിച്ചു വീഴും മുമ്പേ അവരെ അവരുടെ സ്വന്തക്കാരെ എൽപ്പിക്കണം. ഒരു കുടുംബ നാഥന്റെ സ്ഥാനത്തുനിന്ന് അവരെ സ്വീകരിക്കണം. ലോകത്തിലൊരിടത്തും നടപ്പിലില്ലാത്ത യാത്രയ്ക്ക്മുമ്പുള്ള കോവിഡ്-19 ടെസ്റ്റ് ഒഴിവാക്കണം .ഗൾഫ് വിമാനങ്ങൾ അടക്കം കൂടുതൽ സർവീസുകൾ ആരഭിക്കണം. കോവിഡ് പോസറ്റീവ് ആയവർക്ക് പ്രത്യേക വിമാനം എന്ന സർക്കാരിന്റെ തീരുമാനം കൂടുതൽ അപകടത്തിലേക്കായിരിക്കും എത്തിച്ചേരുക.

അത്തരം ഒരു “കോവിഡ് പോസിറ്റീവ്” വിമാനം പറത്താൻ ലോകത്തിൽ ഏതെങ്കിലും വിമാനകമ്പനികൾ മുന്നോട്ട് വരുമോ? ഏതെങ്കിലും വൈമാനികനോ, മറ്റു വിമാന ജീവനക്കാരൊ തയ്യാറാവുമോ. അവർ കയറിവരുന്നതും വന്നിറങ്ങുന്നതുമായ എയർപോർട്ടിലെ ജീവനക്കാർ അവരെ സഹായിക്കുമോ? അവർ പേടിച്ചു പിന്മാറില്ലേ? ഇവിടത്തെ ഒരു പഠനമനുസരിച്ച് ഈ കൊറോണകാലത്ത് മരിക്കുന്നവരെല്ലാം കോവിഡ് രോഗം ബാധിച്ചവർ മാത്രമല്ല, ആധിയും, വ്യാധിയും, മാനസിക സങ്കർഷങ്ങൾ കൂടിയതും കൊണ്ടാണു. നൂറിലതികം ആത്മഹത്യകളാണ് ഇവിടെ നടന്നത്, കാരണം കൊറോണ കാലത്തെ നാളയെകുറിച്ചുള്ള ഉൽഘണ്ഡ, തൊഴിലില്ലായ്മ എല്ലാം കാരണമാകുന്നു. ഏകദേശം 300-ഓളം വിദേശമലയാളികളാണ് കണ്ണുചിമ്മി തുറക്കുന്ന നേരംകൊണ്ടു മരിച്ചുവീണത്, അതിൽ 277-ഉം ഗൾഫിൽ നിന്നാണ്. അവരൊക്കെ ഓരോ കുടുംബത്തിന്റെയും അത്താണിയും ആശ്രയവുമായിരുന്നു. അതുകൊണ്ടു, അങ്ങ് കണ്ണു തുറക്കൂ, പ്രവാസികളെ സഹായിക്കാൻ അങ്ങല്ലാതേ മറ്റാരാണുളളതു. അങ്ങയുടെ ഒരു ഒപ്പിലാണ് ഇനി പ്രവാസികളുടെ ജീവൻ തുടിക്കുന്നത്.

‘’’’’’’

തികച്ചും അപ്രായോഗികമായ കർശനമായ, കാർക്കശ്യമായ തീരുമാനങ്ങളിൽ മാനുഷിക പരിഗണന കൂടി അങ്ങയുടെ ഹൃദയത്തിൽ നിന്നുണ്ടാവണമെന്ന് പ്രവാസികൾ ആഗ്രഹിക്കുന്നു. അവർക്കുവേണ്ടി താഴ്മയോടെ ഞാൻ അഭ്യർത്തിക്കുന്നു, അപേക്ഷിക്കുന്നു.

‘’’’’

ഇങ്ങനെ ഒരു കത്തെഴുതാൻ ഞാനാരുമല്ലന്നു എനിക്കു തന്നെ അറിയാം, അതിനുള്ള യോഗ്യതയോ, അർഹതയോ എനിക്കില്ലന്നും അറിയാം . പക്ഷേ ഗൾഫിലെ പരശ്ശതം മലയാളികളുടെ രോധനങ്ങൾ കേട്ടതുകൊണ്ടു മാത്രം എഴുതിപ്പോയതാണ്, അങ്ങ് എന്നോടു ക്ഷമിക്കണം, പൊറുക്കണം, മറ്റുവിധത്തിൽ ഈ കുറിപ്പിനെ വ്യാഖ്യാനിക്കരുത്. എനിക്കിവിടെ ഒരു മേൽവിലാസവുമില്ല. ഞാൻ ഇവിടുത്തുകാരനുമല്ല, ഒരു സന്ദർശകനായി എത്തിയതാണ്, കൊറോണ എന്നെയും ഇവിടെ പൂട്ടിയിട്ടു, എനിക്കും നാടണയണം , പക്ഷേ പറക്കാൻ എനിക്കു ചിറകുകളില്ലന്ന സത്യം ഞാനും തിരിച്ചറിയുന്നു............................................................വിശ്വതതയോടെ,

സസ്നേഹം, ആദരവോടെ,

ഹസ്സൻ തിക്കോടി.

Advertisment