Advertisment

പാലാരിവട്ടം പാലം അഴിമതി: കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി: ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലേക്ക് 10 കോടി വന്നിട്ടുണ്ടെന്ന് വിജിലന്‍സ് : ഇബ്രാഹിംകുഞ്ഞ് കുരുക്കിലേക്കോ?

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി : പാലാരിവട്ടം പാലം അഴിമതിയില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ കക്ഷി ചേര്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Advertisment

publive-image

കേസ് വിജിലന്‍സിന്റെ പരിധിയില്‍ മാത്രം വരുന്നതല്ലെന്നും, കള്ളപ്പണക്കേസ് അന്വേഷിക്കേണ്ടത് എന്‍ഫോഴ്‌സ്‌മെന്റാണെന്നും കോടതി ഹര്‍ജിക്കാരനോട് പറഞ്ഞു. നോട്ടു നിരോധനത്തിന് പിന്നാലെ പത്തുകോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നാണ് ആക്ഷേപം.

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി പരാമര്‍ശം.

നോട്ടുനിരോധന സമയത്ത് കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലൂടെ 10 കോടി രൂപ ഇബ്രാഹിംകുഞ്ഞിന് ചുമതലയുള്ള സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ വന്നതില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി.ചന്ദ്രിക പത്രത്തിന്റെ രണ്ട് അക്കൗണ്ടുകളിലേക്കായി 10 കോടിയിലേറെ രൂപ നിക്ഷേപിച്ചതായി ചൂണ്ടിക്കാട്ടിയാണ് കളമശേരി സ്വദേശി ജി ഗിരീഷ് ബാബു കോടതിയെ സമീപിച്ചത്.

ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലേക്ക് 10 കോടി വന്നിട്ടുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. പാലത്തിന്റെ നിര്‍മാണ കാലത്താണ് ചന്ദ്രിക ദിനപത്രത്തിന് ഫണ്ട് വന്നത്. ഇക്കാര്യത്തില്‍ പ്രാഥമിക പരിശോധന നടത്തിയെന്നും വിജിലന്‍സ് അറിയിച്ചു.

പാലം നിര്‍മാണ അഴിമതിയുമായി ഇതിന് ബന്ധമുണ്ടോയെന്ന് വിശദമായ അന്വേഷണം വേണം. ഇബ്രാഹിം കുഞ്ഞ് കൈക്കൂലി വാങ്ങിയോ എന്ന് അന്വേഷിക്കുമെന്ന് വിജിലന്‍സ് അറിയിച്ചു.

പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഘട്ടത്തിലാണ് പണം അക്കൗണ്ടിലേക്ക് വന്നത്. ഇതില്‍ അഞ്ച് കോടിരൂപ പിന്നീട് ഇബ്രാഹിം കുഞ്ഞ് സ്വന്തം അക്കൗണ്ടിലൂടെ പിന്‍വലിച്ചതായും ഹര്‍ജിക്കാരന്‍ ആരോപിച്ചു. നിലവില്‍ മേല്‍പ്പാലം അഴിമതിയില്‍ വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി തേടിയിരിക്കുകയാണ്.

അനുമതി ലഭിച്ചാല്‍ ഇക്കാര്യം കൂടി അന്വേഷിക്കാന്‍ തയ്യാറാണെന്നുമാണ് വിജിലന്‍സ് നിലപാട് അറിയിച്ചത്. അഴിമതി പണം വെളുപ്പിക്കാന്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്‌തെന്ന് കാണിച്ചുള്ള ഹര്‍ജി ഹൈക്കോടതിയില്‍ എത്തിയപ്പോഴാണ് വിജിലന്‍സിന്റെ വിശദീകരണം. ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും

Advertisment