ഇടമലയാറില്‍ സംഭരണശേഷി കടന്നു; ഇടുക്കിയിലും ജലനിരപ്പ് അതിവേഗം ഉയരുന്നു; മൂന്നാര്‍ റിസോര്‍ട്ടില്‍ കുടുങ്ങിയ സഞ്ചാരികളെ രക്ഷപ്പെടുത്തി

ന്യൂസ് ബ്യൂറോ, ഇടുക്കി
Friday, August 10, 2018

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതോടെ പ്രധാന അണക്കെട്ടുകളിലേക്ക് എല്ലാം വെള്ളത്തിന്റെ ഒഴുക്ക് ശക്തിപ്രാപിക്കുകയാണ്. ഇടമലയാര്‍ അണക്കെട്ടില്‍ വെള്ളിയാഴ്ച മൂന്നു മണിക്ക് ജലനിരപ്പ് 169.05 മീറ്റര്‍ ആയി ഉയര്‍ന്നു. 169 അടിയാണ് പരമാവധി സംഭരണശേഷി. ചെറുതോണി ഡാമില്‍ നിന്നുള്ള അഞ്ച് ഷട്ടറുകളും തുറന്നുവിട്ടതോടെ ഇടമലയാറില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറച്ചിരുന്നു. നിലവില്‍ സെക്കന്‍ഡില്‍ 400 ക്യുബിക് അടി ജലമാണ് തുറന്നുവിടുന്നത്. സ്പില്‍വേയുടെ നാല് ഗേറ്റുകള്‍ തുറന്നിരിക്കുകയാണ്.

ഇടുക്കിയില്‍ നിലവില്‍ 2401.74 അടിയാണ് ജലനിരപ്പ്. അഞ്ച് ഷട്ടറുകളും തുറന്ന് ആറ് ലക്ഷം ലിറ്റര്‍ ജലമാണ് സെക്കന്‍ഡില്‍ പുറത്തേക്ക് വിടുന്നത്. അഞ്ചു ലക്ഷം മുതല്‍ എട്ടു ലക്ഷം വരെ ലിറ്റര്‍ ജലമാണ് സെക്കന്‍ഡില്‍ ഡാമിലേക്ക് ഒഴുകിയെത്തുന്നത്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കൂടുകയാണ്. ഈ നില തുടര്‍ന്നാണ് കൂടുതല്‍ ജലം തുറന്നുവിടേണ്ടിവരും. ഒരു മീറ്റര്‍ വരെ ഉയര്‍ത്തുന്നത് ആലോചനയിലാണ്.

ഇടുക്കിയില്‍ നിന്നുള്ള വെള്ളത്തിന്റെ വരവ് കൂടിയതോടെ പെരിയാറിന്റെ കൈവഴികളിലെല്ലാം ജലനിരപ്പ് കൂടി. കല്ലാര്‍കുട്ടി അണക്കെട്ട് തുറന്നുവിട്ടിരിക്കുകയാണ്. ശക്തമായ ഒഴുക്കാണ്. നേര്യമംഗലം ഭാഗത്തേക്ക് വലിയ അളവില്‍ വെള്ളം എത്തുന്നുണ്ട്.

തെന്മല ഡാമിന്റെ ഷട്ടറികുള്‍ 105 സെന്റീമീറ്റര്‍ ആയി ഉയര്‍ത്തി. കല്ലടയാറിന്റെ തീരത്തുള്ളവര്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തുടനീളം അതീവ ജാഗ്രത നിര്‍ദേശം കാലാവസ്ഥനിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്നത്. എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്ടില്‍ ഈ മാസം 14 വരെ അതിതീവ്ര മഴ തുടരും. ഇടുക്കിയില്‍ 13 വരെ കനത്ത മഴയായിരിക്കും. ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 11 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍പറയുന്നു.മൂന്നാറിലെ പ്ലം ജൂഡി റിസോര്‍ട്ടില്‍ കുടുങ്ങിയ വിനോദ സഞ്ചാരികളെ പോലീസും അഗ്നിശമനസേനയും ദുരന്ത നിവാരണ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ ​ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. റിസോര്‍ട്ടിന്റെ പരിസരത്ത് ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് വിനോദസഞ്ചാരികള്‍ ഇവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു.

×