തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറും. വായു എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്കാണ് നീങ്ങുന്നത്.

ഇതേ തുടർന്ന് വടക്കൻ കേരളത്തിലും കർണാടക, ഗോവ തീരങ്ങളിലും കനത്തമഴക്ക് സാധ്യതയുണ്ട്.

publive-image

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് എന്നിവിടങ്ങളിൽ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലർട്ടായിരിക്കും.

കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ അരുവിക്കര അണക്കെട്ടിന്‍റെ ഷട്ടര്‍ തുറക്കാന്‍ സാധ്യതയുണ്ട്.

ഡാം ഷട്ടര്‍ തുറക്കുകയാണെങ്കില്‍ കരമനയാറ്റില്‍ നീരൊഴുക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും വാട്ടര്‍ അതോറിറ്റി അരുവിക്കര അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.