Advertisment

ചട്ടക്കൂടുകളും പഴകിപ്പോയ പൊതു ബോധങ്ങളേയും കാറ്റിൽപ്പറത്തി വീണ്ടും കേരള മണ്ണിൽ ഒരു വിപ്ലവ കല്യാണം ; ‘അവർ എന്നെ മരുമകളായി സ്വീകരിച്ചു കഴിഞ്ഞു, ആ വീട്ടിലേക്ക് കയറി ചെല്ലുന്നത് ഭാഗ്യം’; ഹെയ്ദി പറയുന്നു

New Update

ണ്ടുടലുകളെ കൂട്ടിക്കെട്ടുന്ന യാഥാസ്ഥിതിക വിവാഹ സങ്കൽപ്പങ്ങളെ ഓരത്തേക്ക് മാറ്റി നിർത്തി വീണ്ടും ഒരു ട്രാൻസ് ജെൻഡർ കല്യാണത്തിന് കേരളക്കരയിൽ പന്തലൊരുങ്ങുകയാണ്. ഒന്നിച്ചു ജീവിക്കാൻ ശരീരം മാത്രമല്ല, മനസുകളുടെ ഇഴയടുപ്പം മാത്രം മതിയെന്ന് പ്രഖ്യാപിച്ച കല്യാണപ്പെണ്ണ് ഹെയ്ദി സാദിയ.

Advertisment

കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ മാധ്യമ പ്രവർത്തകയെന്ന് ഖ്യാതികൊണ്ടവൾ. ഹെയ്ദിയുടെ ചെക്കൻ അഥർവ് മോഹൻ. ജനുവരി 26ന് എറണാകുളത്ത് സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം ഇരുവരും വിവാഹിതരാകുമ്പോൾ ആശീർവാദങ്ങളും അനുഗ്രഹാശിസുകളുമായി കേരളക്കര ഒന്നാകെയുണ്ട്.

publive-image

ട്രാൻസ്ജെൻഡർ കല്യാണങ്ങൾ കണ്ട് മൂക്കത്ത് വിരൽ വയ്ക്കുന്നവരൊക്കെ കുറഞ്ഞു വരികയല്ലേ. അതുകൊണ്ട് അമ്പരപ്പും അതിശയവുമൊന്നും ഞങ്ങളുടെ കല്യാണത്തിന് ഉണ്ടാകുമെന്ന് തോന്നുന്നില്ല. ട്രാൻസ്ജെൻഡറുകളോടുള്ള പൊതുസമൂഹത്തിന്റെ മനോഭാവവും മാറി വരുന്ന സ്ഥിതിക്ക് കുറ്റംപറച്ചിലുകാരേയും ഞങ്ങൾ മൈൻഡ് ചെയ്യുന്നില്ല. നിക്കാഹോ മറ്റ് അനവശ്യ ആചാരങ്ങളോ ഒന്നുമില്ല. ഈ വരുന്ന ജനുവരി 26ന് സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം ഞാൻ അഥർവിന്റെ പെണ്ണാകും.– ഹെയ്ദി പറഞ്ഞു തുടങ്ങുകയാണ്

ട്രാൻസ്ജെൻഡർ എന്നതിനൊപ്പം ഞങ്ങളെ മതത്തിന്റെ പേരിൽ കൂടി കൂട്ടിക്കെട്ടേണ്ടതില്ല. വിശ്വാസം ഞങ്ങളുടെ മനസിലാണ്. അതു കൊണ്ട് തന്നെയാണ് വിവാഹം സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം ആയിരിക്കും എന്ന് മുൻകൂട്ടി നിശ്ചയിച്ചത്. പിന്നെ വിവാഹം ജനുവരി 26ന് തന്നെയാക്കിയതിൽ മറ്റൊരു ഉദ്ദേശ്യം കൂടിയുണ്ട്. റിപ്പബ്ലിക് ഡേ കൂടിയാണന്ന്. ഞങ്ങളുടെ ഈ ഒരുമിക്കലിലൂടെ മതമൈത്രിയുടെ സന്ദേശം കൂടി നൽകുന്നുണ്ട്. രാജ്യത്ത് മതത്തിന്റെ പേരിൽ വിപ്ലവ കോലാഹലങ്ങൾ നടക്കുന്ന സമയമാണിത്. അതിനു നടുവിലേക്കാണ് സാഹോദര്യത്തിന്റേയും സമത്വത്തിന്റേയും സന്ദേശവുമായി ഞങ്ങൾ വരുന്നത്.

എറണാകുളത്തെ എൻഎസ്എസ് കരയോഗം ഹാളിൽ വച്ചാണ് വിവാഹം. നേരത്തെ എറണാകുളത്തെ വേറൊരു ഹാളാണ് വിവാഹ വേദിയായി തെരഞ്ഞെടുത്തിരുന്നത്. പക്ഷേ വെള്ളമോ മറ്റ് മതിയായ സൗകര്യങ്ങളോ ഇല്ലെന്ന കാരണത്താൽ വേദി അവിടെ നിന്നും മാറ്റേണ്ടി വന്നു. ഇനി അവർ ഞങ്ങളെ മനപൂർവം ഒഴിവാക്കിയതാണോ എന്നറിയില്ല. അങ്ങനെയിരിക്കേയാണ് സായി ഗ്രാമവുമായി ഞങ്ങൾ ബന്ധപ്പെടുന്നത്.

അവർ എറണാകുളത്തെ എൻസ്എസ് കരയോഗവുമായി ബന്ധപ്പെട്ട് ഓഡിറ്റോറിയം അറേഞ്ച് ചെയ്തു തന്നു. കരയോഗം സൗജന്യമായാണ് വിവാഹ വേദിയും ഓഡിറ്റോറിയവും ഞങ്ങൾക്ക് നൽകിയിരിക്കുന്നത്. ഇതിനിടയിലും ഇത് ധർമ കല്യാണമാണ് ഇതെന്ന മട്ടിൽ ചിലർ പറഞ്ഞു പരത്തുന്നുണ്ട്. ഞങ്ങളാൽ ആകും വിധം എല്ലാ നിറവോടും കൂടിയാണ് എന്റെ അമ്മമാർ‌ ഈ വിവാഹം നടത്തുന്നത്.

എന്റെ അമ്മ രഞ്ജു രഞ്ജിമാരുടെ ആശീർവാദത്തോടു കൂടിയാണ് ഞാൻ അഥർവിന്റെ കൈപിടിക്കുന്നത്. ഈ ആലോചന കൊണ്ടു വന്നതും അമ്മയാണ്. അടുത്തറിഞ്ഞപ്പോൾ എനിക്കും നൂറുവട്ടം സമ്മതം. അഥർവിന്റെ അച്ഛൻ മോഹനനും അമ്മ ലതികയും ഞങ്ങളുടെ വിവാഹത്തിൽ സാക്ഷിയാകും. പൂർണമായും കുടുംബങ്ങൾ ആലോചിച്ചു നടത്തുന്ന വിവാഹമാണിത്. പൂർണമായും അവർ എന്ന മരുമകളായി അംഗീകരിച്ചു കഴിഞ്ഞു. ഹരിപ്പാടുള്ള അവരുടെ കുടുംബത്തിലേക്ക് കയറിച്ചെല്ലുന്നത് ഭാഗ്യമായി കരുതുന്നു. അഥർവിനെ സ്വത്വം തിരിച്ചറിഞ്ഞപ്പോള്‍ അവരുടെ വീട്ടുകാർ അംഗീകരിച്ചിരുന്നു.

ആലോചന തൊട്ട് വിവാഹം വരെയുള്ള കാലം ഞങ്ങൾക്ക് ഒന്നാന്തരം പ്രണകാലം കൂടിയായിരുന്നു. ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിൽ നടക്കുന്ന ഒത്തുചേരലുകൾ തന്നൊയായിരുന്നു ഞങ്ങളുടെ പ്രണയ പശ്ചാത്തലങ്ങൾ. അത്യാവശ്യം വ്ലോഗിങ്ങ് പരിപാടിയൊക്കെ എനിക്കുണ്ട്, അതിനൊക്കെ പുള്ളിക്കാരൻ കട്ടസപ്പോർട്ടുമായി ഇക്കാലയളവിൽ കൂടെ നിന്നിട്ടുണ്ട്. പ്രണയ സമ്മാനങ്ങളുടെ കാര്യത്തിലുമുണ്ട് സർപ്രൈസ്. എനിക്കു വേണ്ട ക്യാമറ, ട്രൈപോഡ് എന്നീ സംഭവങ്ങളൊക്കെ മനസറിഞ്ഞ കക്ഷി സമ്മാനമായി എത്തിച്ചു തന്നിട്ടുണ്ട്. ഇത്രയും കാലം അകലെയിരുന്ന് പ്രണയിച്ചു. ഇനി അടുത്തിരുന്നാണ് പ്രണയം.

ട്രാൻസ്ജെൻഡർ കല്യാണങ്ങള്‍ കണ്ട് ഹാലിളകുന്നവർ ആദ്യം ചോദിക്കുന്നത് കുഞ്ഞുങ്ങളുണ്ടാകുമോ? എന്നാണ്. ആ ചോദ്യങ്ങളുമായി എന്തായാലും ഞങ്ങളുടെ നേർക്ക് വരേണ്ട. സാധാരണ കല്യാണങ്ങൾ കണ്ടിട്ട് അവർക്കൊക്കെ കുഞ്ഞുണ്ടാകുമോ പ്രശ്നങ്ങളുണ്ടോ എന്ന് ചോദിച്ച് ആരും വരാറില്ലല്ലോ. സാധാരണ ദമ്പതിമാർക്ക് കുഞ്ഞുങ്ങളുണ്ടാകുമോ എന്ന് പ്രവചിക്കുന്നതോ, സ്പേം കൗണ്ടോ എടുക്കുന്നത് കണ്ടിട്ടില്ല.

ഞങ്ങളെയും വെറുതേ വിട്ടേക്കൂ. പിന്നെ കുഞ്ഞിനെ ദത്തെടുക്കുന്നതു പോലെയുള്ള ചോദ്യങ്ങൾക്ക് ഇപ്പോൾ പ്രസക്തിയില്ല. ഭാവിയിൽ ആലോചിച്ച് തീരുമാനിക്കും. ആവശ്യത്തിന് പക്വതയും കാര്യപ്രാപ്തിയും ഉള്ളവരാണ് ഞങ്ങൾ എന്ന ആത്മവിശ്വാസമുണ്ട്. ബാക്കിയെല്ലാം വരും പോലെ. തിരുവനന്തപുരത്തെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റാണ് അഥർവ്.– ഹെയ്ദി പറഞ്ഞു നിർത്തി.

Advertisment