Advertisment

നിയമസഭയുടെ ആദ്യ സമ്മേളത്തില്‍ വാണവരും വീണവരും ഇതാ ! കളം നിറഞ്ഞു നിന്ന് ഗോളടിച്ചത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തന്നെ. സര്‍ക്കാരിനെ തിരുത്തിയും മന്ത്രിമാരെ വട്ടംകറക്കിയും പ്രതിപക്ഷ നേതാവ് നേരിട്ടിറങ്ങി ! പ്രതിപക്ഷത്തിന്റെ വിമര്‍ശനമേറെയും ഏറ്റത് എ എന്‍ ഷംസീറിന്. എഴുപതിന്റെ നിറവിലും പിടിക്ക് ചെറുപ്പം. സര്‍ക്കാരിനെതിരെ ആദ്യ അഴിമതി ആരോപണം പിടി വക. സര്‍ക്കാരിനെ പ്രതിരോധിച്ചും പ്രതിപക്ഷത്തെ വിമര്‍ശിച്ചും ജനീഷ്‌കുമാറും പി ബാലചന്ദ്രനും ! ലീഗിന് അലക്കുകാരന്റെ കഴുതയുടെ ശോഭനമായ ഭാവിയെന്ന് ബാലചന്ദ്രന്റെ പരിഹാസം. കാലിയായ ഖജനാവുമായി പ്രതീക്ഷകളുടെ ബജറ്റുമായി ബാലഗോപാല്‍ മന്ത്രിമാരില്‍ മുമ്പന്‍. വനത്തില്‍ ഒറ്റപ്പെട്ട് എ കെ ശശീന്ദ്രന്‍ ! മരം മുറിയില്‍ മുഖം നഷ്ടപ്പെട്ട് സിപിഐ മന്ത്രിമാര്‍

New Update

publive-image

Advertisment

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം പൂര്‍ത്തിയായപ്പോള്‍ സഭയില്‍ തിളങ്ങിയ എംഎല്‍എമാര്‍ ചുരുക്കമാണെന്നു പറയാം. ഇത്തവണ 53 എംഎല്‍എമാര്‍ പുതുമുഖങ്ങളോ യുവാക്കളോ ആണ്. പക്ഷേ ഇവരില്‍ പലരും സഭയില്‍ വേണ്ടത്ര ഗൃഹപാഠം ചെയ്തിട്ടുതന്നെയാണോ സഭയില്‍ എത്തിയതെന്ന് വ്യക്തമല്ല.

എന്തായാലും പുതിയ എംഎല്‍എമാര്‍ക്കുള്ള പരിശീലന കളരിയൊക്കെ കഴിയുന്നതോടെ പലരും അഗ്രസീവാകുമെന്ന് തന്നെയാണ് പ്രതീക്ഷ. പുതുമുഖങ്ങളൊക്കെ ഇത്തവണത്തെ സമ്മേളനത്തില്‍ അത്ര പോരെന്ന് തന്നെയാണ് വിലയിരുത്തല്‍. മന്ത്രിമാരുടെ പെര്‍ഫോമന്‍സും അത്ര ശോഭിച്ചിട്ടില്ല.

കെഎന്‍ ബാലഗോപാലും പിഎം മുഹമ്മദ് റിയാസും ഒഴികെയുള്ള മന്ത്രിമാര്‍ക്ക് അത്ര തിളങ്ങാനായില്ല. പി രാജീവ് കോവിഡ് ബാധിതനായതോടെ സമ്മേളനം നഷ്ടപ്പെട്ടു. റോഷി അഗസ്റ്റിന് ക്വാറെന്റൈന്‍ ആയതോടെ അവസാന മൂന്നു ദിവസം മാത്രമാണ് സമ്മേളനത്തില്‍ പങ്കെടുക്കാനായത്.

അതേസമയം പ്രതിപക്ഷ നിരയില്‍ കാര്യമായ പ്രശ്‌നങ്ങളുണ്ടായില്ല. ഇത്തവണ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ശബ്ദം നേതാവ് വിഡി സതീശന്‍ തന്നെയാണ്. പ്രതിപക്ഷത്തെ പ്രധാന അംഗങ്ങള്‍ പൊതുവേ സമ്മേളനത്തില്‍ മികവു പുലര്‍ത്തി.

പ്രതിപക്ഷത്തെ നയിച്ച് വിഡി സതീശന്‍

തന്റെ സ്വതസിദ്ധമായ ശൈലി പ്രതിപക്ഷ നേതാവായപ്പോഴും കൈവിടാന്‍ സതീശന്‍ തയ്യാറായില്ല. മികച്ച ഇടപെടലുകള്‍ തന്നെയാണ് അദ്ദേഹം സഭയില്‍ നടത്തിയത്. ഫലമോ ഭരണപക്ഷത്തെ ഒറ്റയ്ക്ക് വീഴ്ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

ആരോഗ്യ ബില്ലിലെ ഒരു ചര്‍ച്ചയ്ക്കിടെ മന്ത്രി വീണ ജോര്‍ജിന്റെ നാവടപ്പിച്ചു കളഞ്ഞു സതീശന്‍. എഎന്‍ ഷംസീര്‍ എപ്പോളും തന്നെ സതീശന്റെ ഇരയായി മാറി. പലവട്ടം സതീശന്‍ സംസാരിച്ചപ്പോള്‍ ഇടപെട്ട ഷംസീറിനെ നിലയ്ക്കു നിര്‍ത്താന്‍ പ്രതിപക്ഷ നേതാവിനായി.

കൊടകര കുഴല്‍പ്പണ കേസിലെ അടിയന്തര പ്രമേയത്തില്‍ മുഖ്യമന്ത്രിയെ തന്നെ ഉത്തരം മുട്ടിച്ചു സതീശന്‍. ഒരുവേള ഇരുവരും തമ്മിലുണ്ടായ വാക്‌പോരിലും മികവ് സതീശനു തന്നെയായിരുന്നു. സമ്മേളന കാലത്തെ പല തീരുമാനങ്ങളിലും സര്‍ക്കാരിനെ യൂടേണ്‍ എടുപ്പിക്കാനും വിഡിക്ക് കഴിഞ്ഞത് നേട്ടമായി.

എഴുപതിന്റെ നിറവിലും പി.ടിക്ക് ചെറുപ്പം

രണ്ടാം പിണറായി സര്‍ക്കാരിനെതിരെ ആദ്യ വെടിപൊട്ടിച്ചത് പി.ടി. തോമസായിരുന്നു. വയനാട് മുട്ടില്‍ മരംമുറി സഭയിലെ പത്രസമ്മേളന ഹാളില്‍ പി.ടി തുറന്നു വിട്ടു. ഇന്നു കേരളമൊന്നടങ്കം ചര്‍ച്ച ചെയ്യുന്ന വിഷയമായി അതിനെ മാറ്റിയതും പി.ടിയാണ്.

മരംമുറി കേസ് അടിയന്തര പ്രമേയമായപ്പോള്‍ മുഖ്യമന്ത്രിയേയും മുള്‍മുനയില്‍ നിര്‍ത്താന്‍ പി.ടിക്കായി. പി.ടിക്കെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം തിരിച്ചടി നല്‍കി. ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രിക്ക് മൗനമാണ്. ചുരുക്കത്തില്‍ പ്രതിപക്ഷത്തെ തീഷ്ണ യൗവനം പി.ടിയാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിനെ തെറ്റുപറയാനാവില്ല.

പ്രതിപക്ഷത്തെ മെരുക്കാന്‍ ജനീഷ്‌കുമാര്‍

ഭരണപക്ഷത്തിന് പൊതുവില്‍ സര്‍ക്കാരിന്റെ മികവ് പറയേണ്ട സാഹചര്യമുള്ളതിനാല്‍ പ്രതിപക്ഷ വിമര്‍ശനത്തിന് സമയം കുറയും. എന്നാല്‍ കോന്നി എംഎല്‍എ ജനീഷ്‌കുമാറിന്റെ ഇത്തവണത്തെ പ്രസംഗം പ്രതിപക്ഷത്തിന് നന്നേ കൊണ്ടു; വിശേഷിച്ച് തൃപ്പൂണിത്തുറ എംഎല്‍എ കെ ബാബുവിന്.

ദേവസ്വം വകുപ്പിനെയും കെ രാധാകൃഷ്ണനെയും കൊച്ചാക്കിയ കെ ബാബുവിനെ കടന്നാക്രമിച്ചായിരുന്നു ജനീഷ്‌കുമാറിന്റെ പ്രസംഗം. ഒരു വേള ജനീഷിന്റെ മറുപടിയില്‍ കെ ബാബു മറുപടിയില്ലാതെ സഭയിലിരുന്നു എന്നതാണ് സഭ കണ്ടത്.

കന്നി പ്രസംഗം കലക്കി പി ബാലചന്ദ്രന്‍

തൃശൂരില്‍ പൊരുതി വിജയിച്ചെത്തിയ പി ബാലചന്ദ്രന്‍ തന്റെ കന്നി പ്രസംഗത്തിലും മികച്ച പ്രകടനം നടത്തി. കോണ്‍ഗ്രസിനെയും ലീഗിനെയും കടന്നാക്രമിച്ചായിരുന്നു ബാലചന്ദ്രന്റെ പ്രസംഗം. അലക്കുകാരന്റെ കഴുതയുടെ ശോഭനമായ ഭാവിയാണ് ലീഗിനെ കാത്തിരിക്കുന്നതെന്ന് ബാലചന്ദ്രന്‍ പറഞ്ഞപ്പോള്‍ ലീഗു പ്രതിനിധികളും തമാശ ആസ്വദിച്ചു.

ഇടവേള കഴിഞ്ഞുള്ള വരവില്‍ മികവ് നിലനിര്‍ത്തി പിസി വിഷ്ണുനാഥ്

സഭയിലേക്ക് ഒരിടവേളയ്ക്ക് ശേഷം എത്തിയ പിസി വിഷ്ണുനാഥും മികച്ച ഇടപെടലാണ് നടത്തിയത്. തന്റെ മണ്ഡലത്തിനപ്പുറവും ബാധിക്കുന്ന വിഷയങ്ങളിലാണ് വിഷ്ണു ഇടപെട്ടത്. പ്രതിപക്ഷത്തെ വിഷയാവതരണങ്ങളിലും പിസി വിഷ്ണുനാഥ് മികവു പുലര്‍ത്തി.

കോണ്‍ഗ്രസിന് അഭിമാനമായി കുഴല്‍നാടന്‍

മാത്യു കുഴല്‍നാടന്റെ നിയമ പരിജ്ഞാനം കോണ്‍ഗ്രസിന് സഭയില്‍ ഒരു മുതല്‍ക്കൂട്ടാവുമെന്ന് ഉറപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസത്തെ ആരോഗ്യബില്ലുമായി ബന്ധപ്പെട്ട് കുഴല്‍നാടന്‍ നടത്തിയ ഇടപെടലുകള്‍ മികവുറ്റതായിരുന്നു. കഴിഞ്ഞ ദിവസം സഭയില്‍ നടത്തിയ ആദ്യ പ്രസംഗത്തിലും കാര്യം കൃത്യമായി പറയാന്‍ കുഴല്‍നാടന് കഴിഞ്ഞു.

മിച്ചമില്ലാത്ത ഖജനാവിന്റെ കാവല്‍ക്കാരനുമുണ്ട് മികവ് !

ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം ഒരുമണിക്കൂറില്‍ തീര്‍ന്നത് ആദ്യം അതിശയത്തോടെയാണ് ഏവരും കണ്ടത്. പറയാനുള്ളത് മാത്രം പറയുകയായിരുന്നു മന്ത്രി. കോവിഡ് കാലത്തും കാലിയായ ഖജനാവ് വച്ച് ഇതില്‍ കൂടുതല്‍ ചെയ്യാനാവില്ലെന്നും അദ്ദേഹം പറയാതെ പറഞ്ഞു.

പിന്നീട് ബജറ്റ് ചര്‍ച്ചയില്‍ സ്വന്തം മണ്ഡലത്തിനായി ആവശ്യങ്ങളുന്നയിച്ച എംഎല്‍എമാരെ ഒരുഘട്ടത്തിലും അദ്ദേഹം നിരാശനാക്കിയില്ല. ഉള്ളതുകൊണ്ട് ഓണം പോലെയാണ് അദ്ദേഹം അംഗങ്ങളെ തൃപ്തരാക്കിയത്.

തലകുനിച്ച് സിപിഐ മന്ത്രിമാര്‍

എല്ലാകാലത്തും സഭയിലും മന്ത്രിസഭയിലുമൊക്കെ തല ഉയര്‍ത്തി നിന്നിരുന്ന സിപിഐ മന്ത്രിമാരുടെ തല താഴ്ത്തിയ സമ്മേളനമാണ് ഈ കടന്നു പോയത്. മുട്ടില്‍ മരംമുറിയില്‍ പഴയ റവന്യൂ, വനം മന്ത്രിമാരും അവരുടെ ഓഫീസുമൊക്കെ നിരന്തരം ആരോപണ നിഴലില്‍ നിന്നതോടെ നിലവിലെ മന്ത്രിമാരുടെ പ്രകടനവും മങ്ങി.

വനത്തില്‍ ഒറ്റപ്പെട്ട് ശശീന്ദ്രന്‍

വനം വകുപ്പിനെതിരെ പ്രതിപക്ഷം ആദ്യവെടിപൊട്ടിച്ചതോടെ പ്രതിസന്ധിയിലായത് മന്ത്രി എകെ ശശീന്ദ്രനാണ്. കഴിഞ്ഞ തവണ അശ്ലീല സംഭാഷണ വിഷയത്തില്‍ മന്ത്രിസഭയില്‍ നിന്നും പുറത്തുപോകേണ്ടി വന്ന ശശീന്ദ്രന് ഇക്കുറിയും കാര്യങ്ങള്‍ അത്ര പന്തിയല്ല. മരംമുറി കേസില്‍ പ്രതികളായവരെ നേരില്‍ മന്ത്രി കണ്ടുവെന്ന കേസും വരും ദിവസങ്ങളില്‍ സജീവമാകും.

trivandrum news
Advertisment