Advertisment

ലൈഫ് മിഷന്‍: സർക്കാരിന് എതിരായ സിബിഐ അന്വേഷണം രണ്ടു മാസത്തേക്ക് ഭാഗികമായി സ്റ്റേ ചെയ്തു

New Update

കൊച്ചി: ലൈഫ് മിഷൻ ഇടപാടിൽ സർക്കാരിന് എതിരായ സിബിഐ അന്വേഷണം രണ്ടു മാസത്തേക്ക് ഭാഗികമായി സ്റ്റേ ചെയ്ത് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അതേസമയം, യുണിടാക്കിന് എതിരായ അന്വേഷണം തുടരാം. ലൈഫ് മിഷനും യൂണിടാക് ഉടമ സന്തോഷ് ഈപ്പനും നൽകിയ ഹർജികളിലാണ് ഹൈക്കോടതി വിധി.

Advertisment

publive-image

വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്സിആർഎ) ബാധകമെന്ന് സ്ഥാപിക്കാൻ സിബിഐയ്ക്ക് കഴി‍‍ഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം, എഫ്ഐആർ റദ്ദാക്കണമെന്ന സർക്കാർ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹർജികളിൽ നേരിട്ട് വിശദമായ വാദം കേൾക്കും. കഴിഞ്ഞയാഴ്ച ഇരുഭാഗത്തിന്റെയും വാദം ജസ്റ്റിസ് വി.ജി. അരുൺ കേട്ടിരുന്നു.

അന്വേഷണം നിയമപരമല്ലാത്തതിനാല്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. സംസ്ഥാന സര്‍ക്കാരോ കോടതിയോ ആവശ്യപ്പെടാതെയുള്ള സിബിഐ അന്വേഷണം ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധമാണ്. കോണ്‍സുലേറ്റിന്റെ പണം യൂണിടാക്ക് വാങ്ങിയതില്‍ സര്‍ക്കാരിന് പങ്കില്ല. ലൈഫ് മിഷന് വിദേശത്ത് നിന്ന് പണം ലഭിച്ചിട്ടില്ലെന്നും എഫ്‌സിആര്‍എ പരിധിയില്‍ വരില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.

ലൈഫ് മിഷന്‍ പദ്ധിയുമായി ബന്ധപ്പെട്ട് വലിയ ഗൂഢാലോചന നടന്നെന്നും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്കായി വിദേശ സഹായം സ്വീകരിച്ചതെന്നും സിബിഐ വാദിച്ചു.

യൂണിടാക്കിന് കരാര്‍ ലഭിച്ചത് ടെന്‍ഡര്‍ വഴിയാണെന്നുള്ളത് കളവാണെന്നും സിബിഐ പറഞ്ഞു. റെഡ് ക്രസന്റില്‍ നിന്ന് കോണ്‍സുലേറ്റിന്റെ അക്കൗണ്ടിലേക്ക് പണം വരികയും അവിടെനിന്ന് യൂണിടാക്കിന് കൈമാറുകയാണ് ചെയ്തതെന്നും സിബിഐ കോടതിയില്‍ പറഞ്ഞു.

ലൈഫ് പദ്ധതിക്കു പണം സ്വീകരിച്ചതില്‍ വിദേശ  സംഭാവനാ ചട്ടം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് സിബിഐ കേസെടുത്തത്. നേരിട്ട് വിദേശ സഹായം കൈപ്പറ്റിയിട്ടില്ലെന്നും പദ്ധതിക്കായി സ്ഥലം അനുവദിക്കുകമാത്രമാണ് ചെയ്തതെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.

life mission
Advertisment