Advertisment

പിറവം പള്ളിയിൽ ഓർത്തഡോക്സ് സഭയ്ക്ക് ഞായറാഴ്ച കുർബാന നടത്താൻ അനുമതി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: പിറവം പള്ളിയിൽ ഓർത്തഡോക്സ് സഭയ്ക്ക് ഞായറാഴ്ച കുർബാന നടത്താൻ അനുമതി. ഓർത്തഡോക്സ്‌ വൈദികന്റെ കാർമികത്വത്തിൽ ആയിരിക്കും കുർബാന.

Advertisment

publive-image

ഇടവകാംഗങ്ങൾക്ക് കുർബാനയിൽ പങ്കെടുക്കാൻ തടസമില്ല. എന്നാൽ, പള്ളിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ അവരെ ഉടൻ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കാനാണ് പൊലീസിന് ഹൈക്കോടതി നിർദേശം നല്‍കിയിരിക്കുന്നത്.

കോടതിയുടെ മറ്റൊരു ഉത്തരവുണ്ടാകും വരെ ഇവർക്ക് ജാമ്യം നൽകരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കളക്ടറുടെയും പൊലീസിന്റെയും മുൻ‌കൂർ അനുമതിയോടെ സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ അടക്കമുള്ള ചടങ്ങുകൾ നടത്താം. ഇനി ഒരു ഉത്തരവുണ്ടാകും വരെ കളക്ടർക്കായിരിക്കും പള്ളിയുടെ നിയന്ത്രണം. പള്ളി ഏറ്റെടുത്തു എന്ന് കാണിച്ച് കളക്ടർ ഇന്ന് കോടതിയിൽ റിപ്പോർട്ട്‌ നൽകിയിരുന്നു.

ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച രാവിലെ ഏഴുമണിക്ക് ഓർത്തഡോക്സ്‌ വൈദികൻ സ്കറിയ വട്ടക്കാട്ടിലിന്റെ കാർമികത്വത്തിൽ കുർബാന അർപ്പിക്കാനാണ് ഓർത്തഡോക്സ്‌ സഭയുടെ തീരുമാനം. 1934ലെ ഭരണഘടന അംഗീകരിക്കുന്ന ആർക്കും കുർബാനയിൽ പങ്കെടുക്കാം. യാക്കോബായ സഭാ വിശ്വാസികളെ പളളിയിൽ നിന്ന് ഒഴിപ്പിക്കണമെന്ന് കോടതി കഴിഞ്ഞ ദിവസം അന്ത്യശാസനം നൽകിയതിനെ തുടർന്നാണ് പൊലീസ് നടപടിയിലൂടെ എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തത്.

Advertisment