വടകരയിൽ കനത്ത സംഘർഷം; കല്ലേറ് , പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Sunday, April 21, 2019

വടകര: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കൊട്ടിക്കലാശത്തിനിടെ വടകര വില്യാപ്പള്ളിയിൽ എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിൽ രൂക്ഷമായ സംഘർഷം. കൊട്ടിക്കലാശത്തിനായി സംഘടിച്ച എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ തുടങ്ങിയ വാക്കേറ്റവും ഉന്തും തള്ളും രൂക്ഷമായ സംഘർഷമായി മാറുകയായിരുന്നു.

സംഘർഷം ഒഴിവാക്കാൻ കേന്ദ്ര സേന ഇരുവിഭാഗത്തിനും മധ്യത്തിൽ നിലയുറപ്പിച്ചെങ്കിലും ആവേശഭരിതരായ പ്രവർത്തരെ നിയന്ത്രിക്കാനായില്ല.

നിശ്ചയിച്ചുറപ്പിച്ച സ്ഥലപരിധി പ്രവർത്തകർ മറികടന്നതാണ് സംഘർഷത്തിന് കാരണമായത്. നൂറുകണക്കിന് പ്രവർത്തകർ ഇരുഭാഗത്തും എത്തിയതോടെ രംഗം വഷളായി. പ്രവർത്തകർ പരസ്പരം കയ്യേറ്റം ചെയ്തു.

രൂക്ഷമായ കല്ലേറിൽ ഇരുവിഭാഗത്തെയും പ്രവർത്തകർക്ക് പരിക്കേറ്റു. തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് നിരവധി റൗണ്ട് കണ്ണീർവാതകം പ്രയോഗിച്ചു. കൂടുതൽ കേന്ദ്രസേനയെ രംഗത്തിറക്കി രംഗം ശാന്തമാക്കാനുള്ള ശ്രമം തുടരുകയാണ്.

×