Advertisment

ഹയർ സെക്കന്ററി സീറ്റുകളുടെ അപര്യാപ്തത : നിൽപ്പ് സമരവുമായി ഫ്രറ്റേണിറ്റി

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

മങ്കട:പുതിയ ഹയർ സെക്കന്ററിബാച്ചുകൾ അനുവദിച്ചും ഹയർ സെക്കന്ററി ഇല്ലാത്ത ഹൈസ്ക്കൂളുകളെ ഹയർ സെക്കന്ററിയായി മാറ്റിയും മലപ്പുറം ജില്ലയിലെ ഹയർ സെക്കൻ്ററി പ്രതിസന്ധി പരിഹരിച്ച് ജില്ലയോടുള്ള വിവേചനങ്ങൾ അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടുള്ള ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വ്യത്യസ്ത സമരങ്ങളുടെ മുന്നോടിയായി ഫ്രറ്റേണിറ്റി- വെൽഫെയർ പാർട്ടി സംയുക്തമായി നിൽപ്പ് സമരം നടത്തി.

Advertisment

publive-image

ഫ്രറ്റേണിറ്റി മങ്കട ഈ പഞ്ചായത്ത് അഡ്ഹോക്ക് കമ്മിറ്റി കൺവീനർ ജസീൽ.സി.പി മുഖ്യപ്രഭാഷണം നടത്തി. അഞ്ചു ജില്ലകളിൽ ആവശ്യത്തിലധികം സീറ്റുള്ള സാഹചര്യത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ ഫുൾ എ പ്ലസ് നേടിയ മലപ്പുറം ജില്ലയിൽ 30376 കുട്ടികൾ പ്ലസ് വൺ സീറ്റ് ലഭിക്കാതെ പുറത്തു നിൽക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

രണ്ടായിരം മുതൽ മലപ്പുറം ജില്ല അഭിമുഖീകരിക്കുന്ന മുഖ്യ വിദ്യാഭ്യാസ പ്രതിസന്ധിയാണ് ഹയർ സെക്കന്ററി സീറ്റുകളുടെ അപര്യാപ്തത .ഇരുപത് വർഷം പിന്നിട്ട് 2020 ലെത്തിയിട്ടും പ്രശ്നം ഇനിയും പരിഹരിക്കപ്പെടാതെ തുടരുകയാണ്.. ഇക്കാലത്തിനിടയിൽ മാറിമാറി അധികാരത്തിലേറിയ ഇടതുവലതു സർക്കാറുകളുടെ ശ്രദ്ധയിൽ മലപ്പുറത്തുകാർ ഈ വിഷയം നിരന്തരം ഉന്നയിച്ചിട്ടും സ്ഥിരം പരിഹാരമുണ്ടാകുംവിധം നടപടികളെടുക്കാൻ ഇരുകൂട്ടരും ശ്രമം നടത്തിയിട്ടില്ല. അതിന്റെ ഫലമായി 70 ശതമാനത്തിലധികം മാർക്ക് നേടി എസ് എസ് എൽ സി പാസായ വിദ്യാർഥികൾക്ക് പോലും മലപ്പുറം ജില്ലയിൽ പ്ലസ് വണ്ണിന് പ്രൈവറ്റ് രജിസ്ട്രേഷൻ സംവിധാനങ്ങളെ ആശ്രയിക്കേണ്ട ഗതികേട് വരുന്നു.

മലബാറിന് പുറത്തുള്ള ജില്ലകളിൽ പത്താം ക്ലാസ് പാസാകുന്ന വിദ്യാർഥികളെക്കാൾ പ്ലസ് വൺ സീറ്റുകൾ നിലനിൽക്കുമ്പോഴാണ് മലപ്പുറത്ത് ജനിച്ചു പോയതിന്റെ പേരിൽ മാത്രം ഈ കുട്ടികൾ അനീതിക്കിരയാവുന്നത്.ഈ വർഷത്തെ കണക്കനുസരിച്ച് പത്തനംതിട്ട ,ആലപ്പുഴ, കോട്ടയം ,ഇടുക്കി ,എറണാംകുളം ജില്ലകളിൽ എസ്.എസ് എൽ സി പാസാവയരേക്കാൾ പ്ലസ് വൺ സീറ്റുകളുണ്ട്. മറ്റ് ഉപരിപഠന സാധ്യതകളായ വി എച്ച് എസ് ഇ ,ഐ ടി ഐ ,പോളിടെക്നിക് എന്നിവ വേറെയും ആ ജില്ലകളിലുണ്ട്. കഴിഞ്ഞ വർഷം ഈ ജില്ലകളിൽ പല ബാച്ചുകളും കുട്ടികളില്ലാതെ ഒഴിഞ്ഞുകിടന്നത് വാർത്തയായിരുന്നു.

സംസ്ഥാനത്തിൻ്റെ ഒരു ഭാഗത്ത് ആവശ്യത്തിലേറെ പ്ലസ് വൺ ബാച്ചുകളും സീറ്റുകളും ഉണ്ടാവുകയും മലപ്പുറമടക്കമുള്ള മലബാർ ജില്ലകളിൽ പതിനായിരങ്ങൾ പുറത്തിരിക്കുകയും ചെയ്യുന്ന വിവേചന ഭീകരാവസ്ഥയാണ് സംസ്ഥാനത്ത് കുറച്ച് വർഷങ്ങളായി നിലനിൽക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ വർഷം മലപ്പുറം ജില്ലയിൽ 77685 വിദ്യാർഥികളാണ് എസ്‌.എസ്‌.എൽ.സി പരീക്ഷ എഴുതിയത്. അതിൽ 76633 വിദ്യാർഥികൾ ഉപരി പഠനത്തിനർഹരായി. എന്നാൽ 41200 പ്ലസ് വൺ സീറ്റുകൾ മാത്രമാണ് മലപ്പുറം ജില്ലയിൽ സർക്കാർ എയ്ഡഡ് മേഖലയിൽ നിലവിലുള്ളത്.

സി.ബിഎസ്.ഇ, ഐ സി എസ് ഇ സ്കീമുകളിൽ SSLC എഴുതിയവരുടെ റിസൽറ്റ് ചേർത്താൽ സീറ്റില്ലാത്തവരുടെ കണക്കുകൾ ഇനിയും വർധിക്കും. ഗൾഫ് രാജ്യങ്ങളിൽ പത്താം ക്ലാസ് പരീക്ഷയെഴുതിയ ശേഷം നാട്ടിൽ പ്ലസ് വണ്ണിന് അപേക്ഷിക്കുന്നവർ വേറെയുമുണ്ട്.കോവിഡ് പ്രതിസന്ധിയുൾപ്പെടെയുള്ള കാരണത്താൽ ഇവരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ വർധിക്കാനാണ് സാധ്യത.

ഇതിനോടൊപ്പം സേ പരീക്ഷാവിജയികളും ചേരും.അയ്യായിരത്തിലധികം വിദ്യാർഥികൾ ഇങ്ങനെ കഴിഞ്ഞ വർഷങ്ങളിൽ പ്ലസ് വൺ അപേക്ഷകരായുണ്ടായിരുന്നു. സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതുവരെ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഞ്ചായത്ത് അഡ്ഹോക്ക് കമ്മിറ്റി അംഗം സുഹ സ്വാഗതവും അലി അംജദ് നന്ദിയും പറഞ്ഞു. കമ്മിറ്റി അംഗങ്ങളായ മുസ്തഫ, നസീബ്, മുർഷിദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

higher secondary seat
Advertisment