Advertisment

ഏഴ് സെന്റ് ഭൂമിയും വീടും ബാങ്ക് ജപ്തി ചെയ്തു ; വഴിയാധാരമായത് ഏഴുപത് വയസുള്ള അമ്മയും രോഗിയായ മകളും , അമ്മയും മകളും വീട്ടുമുറ്റത്ത് ഷീറ്റ് വിരിച്ച് കിടന്നത് 26 ദിവസം

New Update

കോഴിക്കോട് : ഏഴ് സെന്റ് ഭൂമിയും വീടും ബാങ്ക് ജപ്തി ചെയ്തതോടെ വഴിയാധാരമായി ഏഴുപത് വയസുള്ള അമ്മയും രോഗിയായ മകളും. കോഴിക്കോട് തിക്കോടി സ്വദേശിനി സരോജിനിയും മകളുമാണ് ആഹാരത്തിനുപോലും വഴിയില്ലാതെ വലയുന്നത്. ജില്ലാ സഹകരണ ബാങ്കില്‍നിന്നു മകനെടുത്ത ഭവനവായ്പയാണ് കിടപ്പാടം നഷ്ടമാക്കിയത്. ജപ്തി ചെയ്തോടെ അമ്മയെയും സഹോദരിയെയും ഉപേക്ഷിച്ചു മകന്‍ വാടക വീട്ടിലേക്കു മാറുകയും ചെയ്തു.

Advertisment

publive-image

വീടുനിര്‍മാണത്തിനുവേണ്ടിയാണ് എട്ട് വര്‍ഷംമുന്‍പ് സരോജിനിയുടെ മൂത്തമകന്‍ 3 ലക്ഷം രൂപ വായ്പയെടുത്തത്. ഇതിനായി സരോജിനിയുടെ പേരിലുണ്ടായിരുന്ന സ്ഥലം മകന്റെ പേരിലാക്കി നല്‍കുകയും ചെയ്തു. എന്നാല്‍ മത്സ്യത്തൊഴിലാളിയായ മകന്‍ പണമൊന്നും തിരച്ചടച്ചില്ല. പലവട്ടം ബാങ്ക് മുന്നറിയിപ്പ് നല്‍കി.

അദാലത്തിനു വിളിച്ചെങ്കിലും പങ്കെടുത്തില്ല. ഇളവു നല്‍കാമെന്ന് പറഞ്ഞെങ്കിലും പ്രതികരിക്കാന്‍ തയാറായില്ല. ഇതോടെയാണ് 6.12 ലക്ഷം രൂപ കുടിശിക വരുത്തിയെന്നു കാണിച്ച് കോടതിയെ സമീപിച്ചത്. ജപ്തി അനുമതി ലഭിച്ച് 9 മാസത്തിനു ശേഷം കഴിഞ്ഞമാസം 24നാണ് വീടും സ്ഥലവും ജപ്തി ചെയ്തത്.

വീട്ടില്‍നിന്നു പുറത്തായതോടെ മകനും കുടുംബവും വാടക വീട്ടിലേക്കു മാറി. ആരും സഹായിക്കാത്തതിനാല്‍ അമ്മയും സഹോദരിയും വീട്ടുമുറ്റത്ത് ഷീറ്റ് വിരിച്ച് 26 ദിവസം കിടന്നു.

വിവരമറിഞ്ഞെത്തിയ സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം കഴിഞ്ഞദിവസം വീടിന്റെ പൂട്ട് തകര്‍ത്ത് അമ്മയെയും മകളെയും അകത്തു കയറ്റി. ഇതിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ബാങ്ക് അധികൃതര്‍. പ്രായമായ മാതാവിനെ ഉപേക്ഷിച്ച മകനെതിരെയും നടപടിയുണ്ടാകുമെന്നു പയ്യോളി പൊലീസും പറഞ്ഞു.

Advertisment