ശസ്ത്രക്രിയയ്ക്ക് ശേഷം അച്ഛന്‍ എഴുന്നേറ്റു; കൂടെ നിന്നവര്‍ക്ക് നന്ദി; അച്ഛനൊപ്പം 45-ാം പിറന്നാള്‍ ആഘോഷമാക്കി ഹൃത്വിക് റോഷന്‍

ന്യൂസ് ബ്യൂറോ, മുംബൈ
Friday, January 11, 2019

മുംബൈ: പിതാവ് രാകേഷ് റോഷന് തൊണ്ടയില്‍ ക്യാന്‍സര്‍ ആണെന്ന് ഹൃത്വിക് റോഷന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ ആരാധകര്‍ നിരാശയിലായിരുന്നു. പിന്നീട് ശസ്ത്രക്രിയ വളരെ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് താരം തന്നെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ, പിതാവിന്റെകൂടെ തന്റെ 45ാം പിറന്നാള്‍ ആഘോഷിക്കുകയാണ് താരം. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയ അച്ഛനൊപ്പം പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ ഹൃത്വിക് തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്.

https://twitter.com/iHrithik/status/1083383136480722944/photo/1

‘ശസ്ത്രക്രിയയ്ക്കുശേഷം അദ്ദേഹം എഴുന്നേറ്റു. സ്‌നേഹത്തിന്റെ ശക്തി. അദ്ദേഹത്തിന്റെ കൂടെനിന്നവര്‍ക്കും അദ്ദേഹത്തിന് കരുത്ത് പകര്‍ന്ന് മുന്നോട്ട് പോകാന്‍ സഹായിച്ചവര്‍ക്കും നന്ദി. ഇന്ന് ഏറ്റവും മികച്ച ദിവസമാണ്’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയതിനുശേഷമുള്ള രാകേഷ് റോഷനെ ചിത്രത്തില്‍ കാണാം. മൂക്കിലൂടെ പൈപ്പ് ഘടിപ്പിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ആരാധകരെ അസ്വസ്ഥരാക്കുന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ എത്തിയത്. തന്റെ പിതാവും നിര്‍മ്മാതാവുമായ രാകേഷ് റോഷന് തൊണ്ടയില്‍ അര്‍ബുദമാണെന്നും അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയാണെന്നുമുള്ള വാര്‍ത്തയാണ് താരം ആരാധകരെ അറിയിച്ചത്. തുടര്‍ന്ന് വ്യാഴാഴ്ചയാണ് രാകേഷ് റോഷന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്.

എന്റെ അച്ഛനോട് ഇന്ന് രാവിലെ ഞാനൊരു ഫോട്ടോ ചോദിച്ചു. ഇന്ന് അദ്ദേഹത്തിന്റെ സര്‍ജറിയാണ്. എന്നാല്‍ ഈ ദിവസവും അദ്ദേഹം ജിമ്മിലെ വര്‍ക്കൗട്ട് മുടക്കില്ല എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. എനിക്കറിയാവുന്നതില്‍ വച്ചേറ്റവും കരുത്തനായ വ്യക്തിയാണ് അദ്ദേഹം. കുറച്ച് ആഴ്ചകള്‍ക്ക് മുമ്പാണ് അദ്ദേഹത്തിന് തൊണ്ടയില്‍ കാന്‍സര്‍ സ്ഥിരീകരിച്ചത്. അസുഖത്തിന്റെ പ്രാരംഭഘട്ടമാണ്. എന്നാല്‍ അദ്ദേഹം നല്ല ഉന്‍മേഷത്തിലാണ്. കാന്‍സറിനോട് പൊരുതാന്‍ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം. അദ്ദേഹത്തെപ്പോലെ ഒരാളെ ഞങ്ങളുടെ കുടുബത്തിന് ലഭിച്ചതില്‍ ഞങ്ങള്‍ ഭാഗ്യം ചെയ്തവരാണ് എന്ന അടിക്കുറിപ്പോടെ അച്ഛനൊപ്പം ജിമ്മില്‍ നില്‍ക്കുന്ന ചിത്രമാണ് ഹൃത്വിക് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നത്.

×