Advertisment

വരുന്ന സാമ്പത്തിക വർഷം ലോകരാജ്യങ്ങളുടെ സാമ്പത്തിക വളർച്ച 3.3 ശതമാനം മാത്രമായിരിക്കുമെന്ന് ഐ.എം.എഫ് ; എഴുപത് ശതമാനം രാജ്യങ്ങൾക്കും ഈ വർഷം സാമ്പത്തികമായി കിതപ്പനുഭവിക്കേണ്ടി വരും

New Update

വാഷിംഗ്‌ടൺ: വരുന്ന സാമ്പത്തിക വർഷം ലോകരാജ്യങ്ങളുടെ സാമ്പത്തിക വളർച്ച 3.3 ശതമാനം മാത്രമായിരിക്കുമെന്ന് രാജ്യാന്തര നാണ്യനിധി (ഐ.എം.എഫ്). എഴുപത് ശതമാനം രാജ്യങ്ങൾക്കും ഈ വർഷം സാമ്പത്തികമായി കിതപ്പനുഭവിക്കേണ്ടി വരുമെന്ന് ഐ.എം.എഫ് മുഖ്യസാമ്പത്തിക ഉപദേശകയും മലയാളിയുമായ ഗീത ഗോപിനാഥ് വ്യക്തമാക്കി.

Advertisment

publive-image

എന്നാൽ ഇക്കൊല്ലവും അടുത്ത കൊല്ലവും ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ ഇന്ത്യയുടേതായിരിക്കുമെന്നും അവർ പറഞ്ഞു. നിക്ഷേപം വർദ്ധിക്കുന്നതും ഉപഭോഗം ഉയരുന്നതുമാണ് ഇന്ത്യയ്‌ക്ക് അനുഗ്രഹനായത്. 7.3 ശതമാനം വളർച്ചായാണ് ഇന്ത്യയ്‌ക്ക് പ്രതീക്ഷിക്കുന്നത്.

പിന്നിൽ 6.3 ശതമാനമെന്ന സൂചികയോടെ ചൈനയുണ്ട്. സാമ്പത്തിക ഘടനാ പരിഷ്‌കരണങ്ങളും പൊതുകടം കുറയ്ക്കാനും ബാങ്കിങ് രംഗം ശുദ്ധീകരിക്കാനുമുള്ള ശ്രമങ്ങളും ഇന്ത്യയ്ക്കു ഗുണം ചെയ്യുന്നതായി ഐഎംഎഫ് അവലോകന രേഖ പറയുന്നു. അതേസമയം,​ യൂറോപ്പിൽ വളർച്ച ഇല്ലാതാകുകയോ നേരിയ തോതിൽ മാത്രമാകുകയോ ചെയ്യും.

ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്നു പുറത്തു പോകുന്നതു (ബ്രെക്‌സിറ്റ്) സംബന്ധിച്ച ആശയക്കുഴപ്പം ബ്രിട്ടന്റെ സാമ്പത്തിക വളർച്ചയെ ബാധിക്കും. അമേരിക്ക ചൈനയുമായി നടത്തുന്നതുപോലെയുള്ള വ്യാപാര യുദ്ധങ്ങൾ തുടർന്നാൽ ആഗോള സാമ്പത്തിക വളർച്ച കുറയും.

ലോക സമ്പദ് വ്യവസ്ഥയ്ക്ക് ഇതു വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടുന്ന നിലയാണെന്ന് അവർ പറഞ്ഞു. എന്തെങ്കിലുമൊരു പ്രശ്നമുണ്ടായാൽ വികസ്വര രാജ്യങ്ങൾ തളരും, കയറ്റുമതി അധിഷ്‌ഠിത സമ്പദ് വ്യവസ്ഥകൾ പ്രതിസന്ധിയിലാകും, കടബാധ്യതയുള്ളവ കൂടുതൽ കെണിയിലാകും. യുഎസ് 1.9%, ജപ്പാൻ 0.5%, ജർമനി 1.4%, സ്‌പെയിൻ 1.4% എന്നിങ്ങനെയാണ് അടുത്ത വർഷം വളരുകയെന്ന് ഐ.എം.എഫ് വിശദീകരിക്കുന്നു.

ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം കിട്ടുന്ന രാജ്യമെന്ന പദവി ഇന്ത്യ നിലനിറുത്തി. 2018ൽ 7900 കോടി ഡോളറാണ് വിദേശഇന്ത്യക്കാർ ഇന്ത്യയിലേക്കയച്ചത്. തൊട്ടുമുൻകൊല്ലം 6530 കോടി ഡോളറായിരുന്നു. കഴിഞ്ഞ വർഷം 14% വളർച്ചയുണ്ടാകാൻ കാരണം കേരളത്തിലെ പ്രളയമാണെന്ന് ലോക ബാങ്ക് വിലയിരുത്തുന്നു. പ്രളയദുരിതത്തിൽപ്പെട്ടവരെ സഹായിക്കാൻ പ്രവാസികളായ ബന്ധുക്കൾ കൂടുതൽ പണം അയച്ചെന്നാണു കണ്ടെത്തൽ.

Advertisment