Advertisment

‘കോലിക്കരുത്തി’ൽ ഇന്ത്യ , പിങ്ക് പന്തിൽ ബംഗ്ലദേശ് ‘പ്ലിങ്’ ; ഇന്ത്യ ആതിഥ്യം വഹിച്ച ആദ്യ ഡേ – നൈറ്റ് ടെസ്റ്റിൽ ക്രിക്കറ്റ് ചരിത്രവും പിങ്കണിഞ്ഞു ! ; കൊൽക്കത്ത ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഐതിഹാസിക ജയം

New Update

കൊൽക്കത്ത : കൊൽക്കത്ത ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഐതിഹാസിക ജയം. ഇന്ത്യൻ പേസാക്രമണത്തിനു മുന്നിൽ തകർന്നടിഞ്ഞ ബംഗ്ലദേശിനെ ഇന്നിങ്സിനും 46 റൺസിനുമാണ് ഇന്ത്യ തകർത്തത്. 241 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി രണ്ടാമതും ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് 41.1 ഓവറിൽ 195 റൺസിന് എല്ലാവരും പുറത്തായി.

Advertisment

publive-image

ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ തൂത്തുവാരി. ഇൻഡോറിൽ നടന്ന ഒന്നാം ടെസ്റ്റിൽ ഇന്നിങ്സിനും 130 റൺസിനുമാണ് ഇന്ത്യ ജയിച്ചത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ തുടർച്ചയായ ഏഴാം വിജയമാണ് ഇന്ത്യയുടേത്. ഇത് റെക്കോർഡാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായി നാല് തുടർച്ചയായ ഇന്നിങ്സ് ജയം നേടുന്ന ആദ്യ ടീമുമായി ഇന്ത്യ.

രണ്ടാം ഇന്നിങ്സിൽ അ‍ഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച ഉമേഷ് യാദവാണ് മൂന്നാം ദിനം ബംഗ്ലദേശിന്റെ അന്തകനായത്. ഇന്നു വീണ മൂന്നു വിക്കറ്റുകളും ഉമേഷ് യാദവ് പോക്കറ്റിലാക്കി. 14.1 ഓവറിൽ 53 റൺസ് വഴങ്ങിയാണ് ഉമേഷ് യാദവ് അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചത്. ഇഷാന്ത് ശർമ 13 ഓവറിൽ 56 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.

ഒന്നാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഇഷാന്തിന് തലനാരിഴയ്ക്കാണ് ടെസ്റ്റിലെ രണ്ടാമത്തെ 10 വിക്കറ്റ് നേട്ടം നഷ്ടമായത്. രണ്ടാം ദിനം പരുക്കേറ്റ് ബാറ്റിങ് അവസാനിപ്പിച്ച് മടങ്ങിയ മഹ്മൂദുല്ല ഇന്ന് ബാറ്റിങ്ങിന് ഇറങ്ങിയില്ല. അർധസെ‍ഞ്ചുറി നേടിയ മുഷ്ഫിഖുർ റഹിമാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. റഹിം 96 പന്തിൽ 13 ഫോറുകൾ സഹിതം 74 റൺസെടുത്തു.

തുടർച്ചയായ ഏഴാം ജയത്തോടെ ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലും ഇന്ത്യ ബഹുദൂരം മുന്നിലെത്തി. നിലവിൽ 360 പോയിന്റുമായി മറ്റു ടീമുകളേക്കാൾ ബഹുദൂരം മുന്നിലാണ് ഇന്ത്യ. പാക്കിസ്ഥാനെ ഇന്നിങ്സിനും അഞ്ചു റൺസിനും തോൽപ്പിച്ച ഓസ്ട്രേലിയ 116 പോയിന്റുമായി രണ്ടാമതുണ്ട്.

ആറു വിക്കറ്റ് നഷ്ടത്തിൽ 152 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ബംഗ്ലദേശിന് ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ വേണ്ടിയിരുന്നത് 89 റൺസാണ്. കൈവശമുണ്ടായിരുന്നത് നാലു വിക്കറ്റും. എന്നാൽ, മഹ്മൂദുല്ലയ്ക്ക് വീണ്ടും ബാറ്റിങ്ങിന് ഇറങ്ങാനാകാതെ പോയതോടെ ഇന്ത്യയ്ക്ക് വിജയത്തിലേക്കു വേണ്ടിയിരുന്നത് മൂന്നു വിക്കറ്റ് മാത്രം. മൂന്നാം ദിനം 52 പന്തുകൾ എറിയുമ്പോഴേയ്ക്കും വിജയത്തിലേക്ക് ആവശ്യമായ മൂന്നു വിക്കറ്റും ഇന്ത്യ പിഴുതു.

ഉമേഷ് യാദവിനാണ് മൂന്നു വിക്കറ്റും. റഹിമിനു പുറമെ മഹ്മൂദുല്ല (39, റിട്ടയേർഡ് ഹർട്ട്), മെഹ്ദി ഹസൻ (15), തയ്ജുൽ ഇസ്‍ലാം (11), അൽ അമീൻ ഹുസൈൻ (21) എന്നിവരാണ് രണ്ടാം ഇന്നിങ്സിൽ രണ്ടക്കം കണ്ടത്. ഷദ്മാൻ ഇസ്‍ലാം (0), ഇമ്രുൽ കയേസ് (5), മോമിനുൽ ഹഖ് (0), മുഹമ്മദ് മിഥുൻ (6), എബാദത്ത് ഹുസൈൻ (0) എന്നിവർ നിരാശപ്പെടുത്തി. അബു ജായേദ് രണ്ടു റൺസുമായി പുറത്താകാതെ നിന്നു.

മൂന്നാം ദിനത്തിലെ 10–ാം പന്തിൽത്തന്നെ ബംഗ്ലദേശിന്റെ ഏഴാം വിക്കറ്റ് വീണു. മുഷ്ഫിഖുർ റഹിമിനൊപ്പം ബാറ്റിങ് ആരംഭിച്ച എബാദത്ത് ഹുസൈൻ ഡക്കിനു പുറത്ത്. ഉമേഷ് യാദവിന്റെ പന്തിൽ വിരാട് കോലിക്കു ക്യാച്ച് സമ്മാനിച്ചായിരുന്നു ഹുസൈന്റെ മടക്കം. തുടർ ഫോറുകളുമായി ആക്രമണം തുടർന്ന മുഷ്ഫിഖുർ റഹിമിനൊപ്പം അൽ അമീൻ ഹുസൈനും ഒരുമിച്ചതോടെ സ്കോർ ബോർഡിലേക്കു റണ്ണെത്തിത്തുടങ്ങി. ഇന്നിങ്സ് തോൽവി ഒഴിവാക്കാനുള്ള ശ്രമത്തിനിടെ ബംഗ്ലദേശിന് എട്ടാം വിക്കറ്റും നഷ്ടമായി. ഇക്കുറി പുറത്തായത് അവരുടെ ഇന്നിങ്സിന്റെ ആണിക്കല്ലായിരുന്ന മുഷ്ഫിഖുർ റഹിം. 96 പന്തിൽ 13 ഫോറുകൾസഹിതം 74 റൺസെടുത്ത റഹിമിനെ ഉമേഷ് യാദവിന്റെ പന്തിൽ രവീന്ദ്ര ജഡേജ പിടികൂടി.

രണ്ടാം ദിനം ബാറ്റിങ്ങിനിടെ പരുക്കേറ്റ് തിരിച്ചുകയറിയ മഹ്മൂദുല്ലയ്ക്ക് വീണ്ടും ബാറ്റിങ്ങിനെത്താനാവില്ലെന്ന വിവരം പുറത്തുവന്നതോടെ ബംഗ്ലദേശിന്റെ നിരാശ ഇരട്ടിച്ചു. സ്കോർ 195ൽ എത്തിയപ്പോൾ അൽ അമീൻ ഹുസൈനും പുറത്തായി. 20 പന്തിൽ അഞ്ചു ഫോറുകളോടെ 21 റൺസെടുത്ത ഹുസൈനെ പുറത്താക്കി ഉമേഷ് യാദവ് അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചു.

നേരത്തെ, 241 റൺസിന്റെ ഒന്നാം ഇന്നിങ്സ് കടവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശിന് വെറും 13 റൺസിനിടെ നാലു വിക്കറ്റ് നഷ്ടമായിരുന്നു. കൂറ്റൻ തോൽവിയിലേക്കെന്ന് തോന്നലുയർത്തി അവർക്ക്, നാലാം വിക്കറ്റിലെ രണ്ട് അർധസെഞ്ചുറി കൂട്ടുകെട്ടുകളാണ് തുണയായത്. പിരിയാത്ത നാലാം വിക്കറ്റിൽ മുഷ്ഫിഖുർ റഹിം – മഹ്മൂദുല്ല സഖ്യവും പിന്നീട് മുഷ്ഫിഖുർ റഹിം – മെഹ്ദി ഹസൻ സഖ്യവുമാണ് അവർക്കു തുണയായത്.

 

Advertisment