Advertisment

ഏഷ്യാകപ്പില്‍ ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യയ്ക്ക് ഏഴാം കിരീടം

New Update

Image result for india ASIA CUP

Advertisment

ദുബായ്: ഏഷ്യാകപ്പില്‍ ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യയ്ക്ക് ഏഴാം കിരീടം. ബംഗ്ലാദേശ് ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അവസാന പന്തിലാണ് നേടിയത്. ഭേദപ്പെട്ട തുടക്കം ലഭിച്ച ഇന്ത്യയെ മധ്യനിരയുടെ പ്രതിരോധവും വാലറ്റക്കാരുടെ മികവുമാണ് വിജയതീരത്തെത്തിച്ചത്. 48 റണ്‍സെടുത്ത നായകന്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ ടോപ് ‌സ്കോറര്‍. പരിക്കേറ്റ കാലുമായി കേദാര്‍ ജാദവും(23) അഞ്ച് റണ്‍സെടുത്ത കുല്‍ദീപുമായിരുന്നു വിജയറണ്‍ നേടുമ്പോള്‍ ക്രീസില്‍.

ഇന്ത്യയുടെ മറുപടി ബാറ്റിംഗില്‍ ഓപ്പണിംഗ് വിക്കറ്റില്‍ ധവാന്‍- രോഹിത് സഖ്യം 35 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 15 റണ്‍സെടുത്ത ധവാനെ നസ്മുള്‍ ഇസ്ലാമിന്റെ പന്തില്‍ സൗമ്യ സര്‍ക്കാര്‍ പിടികൂടി. തൊട്ടുപിന്നാലെ മികച്ച ഫോമിലുളള അംബാട്ടി റായിഡുവിനെ(2) മടക്കി മഷ്റഫി മൊര്‍ത്താസ ഇന്ത്യയെ ഞെട്ടിച്ചു. നാലാമനായി ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക്കിനെ കൂട്ടുപിടിച്ച് രോഹിത്ത് മുന്നേറുന്നതിനിടെയാണ് റൂബല്‍ ഹൊസൈന്‍ ഇന്ത്യയെ ഞെട്ടിച്ചത്.

Image result for india ASIA CUP

റൂബലിന്റെ ഷോട്ട് ബോളില്‍ നേരത്തെ സിക്സറടിച്ച രോഹിത്തിനെ മറ്റൊരു ഷോട്ട് ബോളില്‍ റൂബല്‍ വീഴ്ത്തി. 55 പന്തില്‍ മൂന്ന് സിക്സറും മൂന്ന് ബൗണ്ടറിയും പറത്തി രോഹിത് 48 റണ്‍സെടുത്തു. ധോണിയും കാര്‍ത്തിക്കും ചേര്‍ന്ന കൂട്ടുകെട്ട് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. സ്കോര്‍ 137ല്‍ നില്‍ക്കെ കാര്‍ത്തിക്കും(37) വീണു. മെഹ്മദുള്ളക്കായിരുന്നു വിക്കറ്റ്. ഇഴഞ്ഞുനീങ്ങിയ ധോണി 67 പന്തില്‍ 36 റണ്‍സുമായി മുസ്‌താഫിസറിന് കീഴടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി.

Image result for india ASIA CUP

പരിക്കേറ്റ കേദാര്‍ ജാദവ് പിന്നാലെ 19ല്‍ നില്‍ക്കേ ഇന്നിംഗ്സ് പൂര്‍ത്തിയാക്കാതെ മടങ്ങി. ഭുവിയെ കൂട്ടുപിടിച്ച് ജഡേജ രക്ഷാദൗത്യം ഏറ്റെടുത്തപ്പോള്‍ ഇന്ത്യ പ്രതീക്ഷ തിരിച്ചുപിടിച്ചു. എന്നാല്‍ 48-ാം ഓവറിലെ ആദ്യ പന്തില്‍ ജഡേജയെ(23) റൂബേല്‍ മടക്കി. കേദാര്‍ തിരിച്ചെത്തിയെങ്കിലും അടുത്ത ഓവറില്‍ ഭുവിയെ(21) മുസ്താഫിസര്‍ പറഞ്ഞയച്ചത് വീണ്ടും തിരിച്ചടിയായി. എന്നാല്‍ അവസാന ഓവറില്‍ ആറ് റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയെ അവസാന പന്തില്‍ കേദാര്‍ വിജയിപ്പിച്ചു.

Image result for india ASIA CUP

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഓപ്പണര്‍ ലിറ്റണ്‍ ദാസിന്‍റെ സെഞ്ചുറിക്കരുത്തില്‍ 48.3 ഓവറില്‍ 222 റണ്‍സെടുത്തു. ആദ്യ ഏകദിന സെഞ്ചുറി നേടിയ ലിറ്റണ്‍ 117 പന്തില്‍ 121 റണ്‍സെടുത്തു. ഒന്നാം വിക്കറ്റില്‍ 120 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഒരു ഘട്ടത്തില്‍ ഇന്ത്യയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു ബംഗ്ലാദേശ്. എന്നാല്‍ വമ്പന്‍ തിരിച്ചുവരവിലൂടെ കടുവകളെ കൂറ്റന്‍ സ്‌കോറില്‍ നിന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ തടുത്തിട്ടു. ഇന്ത്യക്കായി കുല്‍ദീപ് മൂന്നും കേദാര്‍ രണ്ടും വിക്കറ്റ് വീഴ്‌ത്തി.

ഓപ്പണര്‍ മെഹിദി ഹസനെ(32) പുറത്താക്കി കേദാര്‍ ജാദവ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്യൂ നല്‍കി. പിന്നാലെ രണ്ട് റണ്‍സുമായി കയീസും വീണു. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ മുഷ്‌ഫീഖറിന് ഇത്തവണ നേടാനായത് അഞ്ച്. മിഥുന്‍ രണ്ടും മെഹ്മദുള്ള നാലും റണ്‍സിന് പുറത്തായി. ആറാമനായി സെഞ്ചുറി വീരന്‍ ലിറ്റണ്‍ പുറത്തായശേഷം തിളങ്ങിയത് സര്‍ക്കാര്‍(33) മാത്രം. മൊര്‍ത്താസ(7), നസ്‌മുല്‍(7), റൂബേല്‍(0) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോര്‍.

Advertisment