Advertisment

മുകേഷ് അംബാനി മുതല്‍ സുനില്‍ മിത്തല്‍ വരെ ! 2021-ലെ ഇന്ത്യയിലെ പത്ത് ശതകോടീശ്വരന്മാര്‍ ഇതാ...

New Update

publive-image

Advertisment

രാജ്യത്തുടനീളം മറ്റൊരു കൊവിഡ് തരംഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ആകെ രോഗബാധിതരുടെ എണ്ണം 12 മില്യണ്‍ കടന്നു. കൊവിഡ് മഹാമാരി നിരവധി പേരെ പ്രതിസന്ധിയിലാക്കിയെങ്കിലും രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 102-ല്‍ നിന്ന് 140 ആയി ഉയര്‍ന്നിരുന്നു. ഇവരുടെ ആകെ സ്വത്ത് ഏകദേശം 596 മില്യണ്‍ ഡോളറായാണ് വര്‍ധിച്ചത്.

ഏറ്റവും സമ്പന്നരായ മൂന്ന് ഇന്ത്യക്കാര്‍ക്കിടയില്‍ മാത്രം 100 ബില്യണ്‍ ഡോളറാണ് വര്‍ധിച്ചത്. 84.5 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഏഷ്യയിലെ ഏറ്റവും വലിയ ധനികന്‍ എന്ന നേട്ടം മുകേഷ് അംബാനി സ്വന്തമാക്കി.

അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി എന്നിവയുള്‍പ്പെടെയുള്ള കമ്പനികളുടെ ഓഹരികള്‍ ഉയര്‍ന്നതിനാല്‍ 42 ബില്യണ്‍ ഡോളറിന്റെ നേട്ടം വ്യവസായി ഗൗതം അദാനി നേടി.

2020 മുതല്‍ ആസ്തിയില്‍ അഞ്ച് മടങ്ങ് വര്‍ധിപ്പിച്ച അദാനി ഇപ്പോള്‍ രാജ്യത്തെ സമ്പന്നരുടെ പട്ടികയില്‍ രണ്ടാമതാണ്. നേരത്തെ രാധാകിഷന്‍ ദമാനിയായിരുന്നു രണ്ടാമതുണ്ടായിരുന്നത്.

സമ്പന്നരായ ആദ്യ പത്ത് ഇന്ത്യക്കാരുടെ പട്ടികയിലുള്ള രണ്ടു പേര്‍ ആസ്തി വര്‍ധിപ്പിച്ചത് ആരോഗ്യമേഖലയില്‍ നിന്നാണെന്നതും ശ്രദ്ധേയം. കൊവിഷീല്‍ഡ് എന്ന കൊവിഡ് വാക്‌സിന്‍ നിര്‍മ്മിക്കുന്ന പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ സൈറസ് പൂനവല്ലയാണ് അതില്‍ ഒരാള്‍. ഇദ്ദേഹത്തിന്റെ മകന്‍ അദര്‍ പൂനവല്ലയാണ് സ്ഥാപനത്തിന്റെ സി.ഇ.ഒ.

ഓക്‌സ്ഫഡ്-അസ്ട്രാസെനക്ക വികസിപ്പിച്ചെടുത്ത് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വാക്‌സിനാണ് കൊവിഷീല്‍ഡ്. നിരവധി രാജ്യങ്ങളിലേക്ക് കൊവിഷീല്‍ഡ് കയറ്റുമതി ചെയ്തിട്ടുണ്ട്.

സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ കുത്തനെ വര്‍ധിച്ചതിനെ തുടര്‍ന്ന് ദിലീപ് ഷാങ്‌വിയും ആദ്യ പത്തിലേക്ക് തിരിച്ചെത്തി.

ഇന്ത്യയിലെ പത്ത് ശതകോടീശ്വരന്മാര്‍ (ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ടത്)

1. മുകേഷ് അംബാനി

84.5 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. കൊവിഡ് വ്യാപനത്തിനിടയിലും 2021-ഓടെ റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസിന്റെ അറ്റ കടം പൂജ്യമായി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി ഓഹരി ഇടപാടുകളിലൂടെ 35 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ അംബാനിക്ക് സാധിച്ചു.

ടെലികോം യൂണിറ്റ് ജിയോയുടെ മൂന്നിലൊന്ന് ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയയ്ക്കും റിലയന്‍സ് റീട്ടെയിലിന്റെ 10% സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളായ കെ.കെ.ആര്‍, ജനറല്‍ അറ്റ്‌ലാന്റിക് എന്നിവയ്ക്കും വില്‍ക്കുകയും ചെയ്തു.

2. ഗൗതം അദാനി

50.5 ബില്യണ്‍ ഡോളറാണ് ഗൗതം അദാനിയുടെ ആസ്തി. കഴിഞ്ഞ സെപ്റ്റംബറില്‍ രാജ്യത്തെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ എയര്‍പോര്‍ട്ടായ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 74 ശതമാനം ഓഹരി അദാനി സ്വന്തമാക്കിയിരുന്നു. അദാനി ഗ്രീന്‍ എനര്‍ജിയുടെ 20 ശതമാനം ഫ്രഞ്ച് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഊര്‍ജ്ജ രംഗത്തെ ഭീമനായ ടോട്ടലിന് 2.5 ബില്യണ്‍ ഡോളറിന് വിറ്റിരുന്നു.

3. ശിവ് നാടാര്‍

സോഫ്റ്റ്‌വെയര്‍ രംഗത്തെ പ്രമുഖനായ ശിവ് നാടാരുടെ ആസ്തി 23.5 ബില്യണ്‍ ഡോളറാണ്. എച്ച്.സി.എലിന്റെ ചെയര്‍മാന്‍ സ്ഥാനം കഴിഞ്ഞ ജൂലൈയില്‍ ഒഴിഞ്ഞ ശിവ് നാടാര്‍ സ്ഥാപനത്തിന്റ നേതൃത്വം മകളായ റോഷ്‌നി നാടാര്‍ മല്‍ഹോത്രയെ ഏല്‍പ്പിച്ചിരുന്നു.

4. രാധാകിഷന്‍ ദമാനി

16.5 ബില്യണ്‍ ഡോളറാണ് റീട്ടെയില്‍, ഇന്‍വെസ്റ്റ്‌മെന്റ് രംഗത്തെ പ്രമുഖനായ രാധാകിഷന്‍ ദമാനിയുടെ ആസ്തി. ദമാനിയുടെ അവന്യൂ സൂപ്പര്‍മാര്‍ട്ടുകള്‍ രാജ്യത്തുടനീളം 221 ഡിമാര്‍ട്ട് സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നു. രാധാകിഷന്‍ ദമാനിയുടെ സഹോദരന്‍ ഗോപികിഷനും ശതകോടീശ്വരനാണ്.

5. ഉദയ് കൊട്ടക്

കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഉടമയായ ഉദയ് കൊട്ടകിന് 15.9 ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ട്. സ്വകാര്യ മേഖലയില്‍ രാജ്യത്ത് നാലാമതുള്ള ബാങ്കാണ് കൊട്ടക് മഹീന്ദ്ര. റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ച പ്രകാരം ബാങ്കിലെ ഓഹരി 26 ശതമാനമായി കുറയ്ക്കുന്നതിന് കഴിഞ്ഞ ജൂണില്‍ കൊട്ടക് 950 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഓഹരികള്‍ വിറ്റിരുന്നു.

6. ലക്ഷ്മി മിത്തല്‍

സ്റ്റീല്‍ വ്യവസായത്തിലെ പ്രമുഖനായ ലക്ഷ്മി മിത്തലിന്റെ ആസ്തി 14.9 ബില്യണ്‍ ഡോളറാണ്. ഫെബ്രുവരിയില്‍ 'ആര്‍സെലര്‍മിത്തലിന്റെ' സിഇഒ സ്ഥാനം ഇദ്ദേഹം മകനായ ആദിത്യയ്ക്ക് കൈമാറിയിരുന്നു. നിലവില്‍ കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനാണ് ഇദ്ദേഹം.

7. കുമാര്‍ ബിര്‍ല

ചരക്ക് വ്യവസായം, ടെലികോം മേഖലകളിലെ പ്രമുഖനാണ് കുമാര്‍ ബിര്‍ല. 12.8 ബില്യണ്‍ ഡോളറാണ് ആസ്തി. ആദിത്യ ബിര്‍ല ഗ്രൂപ്പ്, വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് എന്നിവയുടെ ചെയര്‍മാനാണ്.

8. സൈറസ് പൂനവല്ല

കൊവിഷീല്‍ഡ് നിര്‍മ്മാതാക്കളായ പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉടമയായ സൈറസ് പൂനവല്ലയ്ക്ക് 12.7 ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ട്. മാഗ്മ ഫിന്‍കോര്‍പ്പിന്റെ 60 ശതമാനം ഓഹരി 475 മില്യണ്‍ ഡോളറിന് സ്വന്തമാക്കാനുള്ള കരാറില്‍ സൈറസിന്റെ മകന്‍ അദര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

9. ദിലീപ് ഷാങ്‌വി

ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തെ പ്രമുഖനായ ദിലീപ് ഷാങ്‌വിക്ക് 10.9 ബില്യണ്‍ ഡോളര്‍ ആസ്തി സ്വന്തമായുണ്ട്. സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ സ്ഥാപകനാണ്.

10. സുനില്‍ മിത്തലും കുടുംബവും

ടെലികോം രംഗത്ത് ശ്രദ്ധേയനായ സുനില്‍ മിത്തലിന് 10.5 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണുള്ളത്. ഇദ്ദേഹത്തിന്റെ ഭാരതി എയര്‍ടെല്‍ (സിംഗപ്പൂരിലെ സിംഗ്‌ടെലുമായുള്ള സംയുക്ത സംരഭം) രാജ്യത്ത് ജിയോക്ക് ശേഷമുള്ള രണ്ടാമത്തെ വലിയ ടെലികോ ഓപ്പറേറ്ററാണ്.

Advertisment