Advertisment

ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷി ദിനം..! അവസാന നാളിന്‍റെ വിവരണം…

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

1984 ഒക്ടോബർ 31 ന് ന്യൂ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ സ്വന്തം സുരക്ഷാ ഭടന്മാരുടെ വെടിയേറ്റ് അവർ കൊല്ലപ്പെട്ടിട്ട് 35 വർഷം പിന്നിടുമ്പോൾ അന്നത്തെ അവരുടെ അവസാസന ദിവസം വെളുപ്പിന് നാല് മണി മുതൽ അവർ കൊല്ലപ്പെടുന്നതുവരെയും തുടർന്നുമുള്ള ഓരോ സംഭവങ്ങളും വിശദമായി ഇവിടെ വിവരിക്കപ്പെടുകയാണ്.

Advertisment

publive-image

ഒറീസ്സയിലെ പ്രചാരണം കഴിഞ്ഞു രാത്രിയാണ് ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയുടെ വസതിയായ 1, സഫ്ദര്‍ജംഗ് റോഡിലെത്തിയത്. വൈകിയാണ് ഉറങ്ങാന്‍ കിടന്നതും.

31 ഒക്ടോബര്‍ 1984 വെളുപ്പിന് നാലു മണിക്ക് അടുത്ത മുറിയിൽ ‍ ഉറങ്ങി കിടന്ന സോണിയാഗാന്ധി ആസ്തമാ രോഗം മൂലമുള്ള അസ്വസ്ഥതകൊണ്ട് എഴുന്നേറ്റ് മരുന്നെടുക്കാനായി ബാത്ത് റൂമിലേക്ക്‌ പോയി.

സോണിയയുടെ അസുഖം അറിയാവുന്ന ഇന്ദിര എഴുന്നേറ്റു. അവര്‍ക്കൊപ്പം ബാത്ത് റൂമിൽ‍ ചെന്ന് സോണിയയ്ക്ക് സാന്ത്വനം നല്‍കി. ”ഇനി കിടന്നോ അസ്വസ്ഥത തോന്നിയാൽ‍ എന്നെ വിളിക്കണം" എന്നോർമ്മിപ്പിച്ചു.

രാവിലെ ഉറക്കമുണർ‍ന്ന ഇന്ദിരാഗാന്ധി കൃത്യം 7.30 നു റെഡിയായി. കറുത്ത കരയും കേസർ‍ നിറവുമുള്ള സാരിയാണ് അന്ന് ധരിച്ചത്. ഇന്നത്തെ ഇന്ദിരയുടെ ആദ്യ അപ്പോയിന്‍റ്മെന്‍റ് ഇന്ദിരാ ഗാന്ധിയെപ്പറ്റി ഡോക്യുമെന്റ്രി നിര്‍മ്മിക്കുന്ന പീറ്റർ‍ ഉസ്തിനോവിനൊപ്പമായിരുന്നു.

ഉച്ചയ്ക്ക് ബ്രിട്ടനിലെ മുന്‍ പ്രധാനമന്ത്രിക്കൊപ്പം മീറ്റിംഗ്, രാത്രി ബ്രിട്ടീഷ് രാജകുമാരി ആൻ‍ നൊപ്പം അത്താഴവിരുന്ന് ഇതായിരുന്നു ഈ ദിവസത്തെ പ്രോഗ്രാമുകൾ.

ഇന്ദിരാ ഗാന്ധി രാവിലെ പ്രഭാത ഭക്ഷണത്തിനു രണ്ടു ടോസ്റ്റ്, മുളപ്പിച്ച കടല, ഒരു മുട്ട പുഴുങ്ങിയ ത്, ഓറഞ്ച് ജ്യൂസ് ഇവയാണ്‍ കഴിച്ചത്. പ്രഭാത ഭക്ഷണത്തിനു ശേഷം മേക്കപ്പ്‌മാൻ ‍ ഇന്ദിരയുടെ മുഖത്തു ചെറുതായി മേക്കപ്പ് ഇട്ടുകൊണ്ടിരിക്കവേ അവരുടെ ഡോക്ടര്‍ കെപി മാത്തൂർ‍ വന്നു.

ദിവസവും ഇതേ സമയം അദ്ദേഹം ഇന്ദിരാഗാന്ധിയുടെ റൂട്ടീന്‍ ചെക്കപ്പ് നടത്തുമായിരുന്നു. ഡോക്ടര്‍ മാത്തൂറുമായി അവർ‍ ചര്‍ച്ച നടത്തി. ഇതിനിടെ അമേരിക്കൻ‍ പ്രസിഡണ്ട്‌ റൊണാൾഡ് റീഗൻ‍ ഓവർ‍ മേക്കപ്പ് ചെയ്യുന്നതും 80 മത് വയസ്സിലും മുടി കറുപ്പിക്കുന്നതിനെയും പറ്റി ഇന്ദിര കളിയാക്കി പറഞ്ഞത് എല്ലാവരിലും ചിരി പടർ‍ത്തി.

രാവിലെ 9.10 ന് ഇന്ദിര പുറത്തു വന്നു. നല്ല വെയിലായിരുന്നു. കോണ്‍സ്റ്റബിൾ‍ നാരായൻ സിംഗ് കുട ചൂടി ഒപ്പം നടന്നു. തൊട്ടു പിന്നില്‍ ഇന്ദിരയുടെ വിശ്വസ്തനും, കോണ്‍ഗ്രസ്‌ നേതാവുമായ ആർകെ ധവാനും അദ്ദേഹത്തിനു പിന്നിൽ‍ സഹായി നാഥുറാമും നടന്നു.

ഏറ്റവും പിന്നിലായി സബ് ഇന്‍സ്പെക്ടര്‍ രാമേശ്വര്‍ ദയാലും ഉണ്ടായിരുന്നു. ഇതിനിടെ ഒരു ജോലിക്കാരൻ പഴയ ടീ സെറ്റിൽ ഉസ്തിനോവിനു ചായയുമായി പോകുന്നത് കണ്ട ഇന്ദിര അയാളെ വിളിച്ചു. പുതിയ ടീ സെറ്റിൽ അദ്ദേഹത്തിനു ചായ കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു.

ഇന്ദിര ആർകെ ധവാനുമായി സംസാരിച്ചു കൊണ്ടായിരുന്നു നടത്തം. ”മാഡം ആവശ്യപ്പെട്ട പ്രകാരം യെമൻ‍ സന്ദർ‍ശനത്തിന് പോയ രാഷ്ട്രപതി സെയിൽ‍സിംഗിനോട് ഇന്ന് വൈകിട്ടു തന്നെ മടങ്ങിയെത്താനും രാത്രിയിൽ ബ്രിട്ടീഷ് രാജകുമാരിക്ക് നൽ‍കുന്ന വിരുന്നിൽ‍ പങ്കെടുക്കാനും” താൻ‍ മെസ്സേജ് നല്‍കിയതായി ധവാൻ‍ പറഞ്ഞു.

ഇന്റർവ്യൂ നടക്കേണ്ടതായ 1, അക്ബർ‍ റോഡ്‌ ലോണിലെ ഗേറ്റിനടുത്ത് അവര്‍ എത്തി…പെട്ടെന്ന്… അവിടെ നിലയുറപ്പിച്ചിരുന്ന സബ് ഇൻ‍സ്പെക്ടര്‍ ‘ബേയന്ത് സിംഗ്‘ മുന്നിലേക്ക്‌ വന്ന് ഇന്ദിരയെ വണങ്ങി. എന്നിട്ട് അരയിൽ‍ നിന്ന് സ്വന്തം സർവീസ് റിവോള്‍വര്‍ എടുത്തു തുടർ‍ച്ചയായി മൂന്നു തവണ ഇന്ദിരയെ വെടി വച്ചു.

വയറ്റിലും, നെഞ്ചിലും, തോളിലും വെടിയേറ്റ ഇന്ദിര ” ഇതെന്താണീ കാണിക്കുന്നത് ?” ( യെ ക്യാ കർ‍ രഹെ ഹോ?) എന്ന് ചോദിച്ചതും ഒരു വശത്തേയ്ക്ക് മറിഞ്ഞതും ഒപ്പമായിരുന്നു. ഒരു നിമിഷം അമ്പരന്നു നിന്ന സത് വന്ത് സിംഗിനെ നോക്കി ബേയന്ത് സിംഗ് അലറി... ”വയ്ക്ക് വെടി” ... സത്യത്തിൽ‍ പ്രധാനമന്ത്രി വെടി കൊണ്ട് വീഴുന്നത് കണ്ട് സത് വന്ത് സിംഗ് ഭയന്നു പോയിരുന്നു.

അയാൾ‍ പരിസര ബോധം വീണ്ടെടുത്തു. തന്‍റെ ആട്ടോമാറ്റിക് മെഷീന്‍ ഗണ്ണിലെ 30 വെടിയുണ്ടകളും ഇന്ദിരാഗാന്ധിയുടെ ശരീരത്തേക്ക് തുരുതുരെ പായിച്ചു... ഇതിനിടെ ഇന്ദിരാ ഗാന്ധിയുടെ പിന്നിൽ‍ നടന്നിരുന്ന രാമേശ്വര്‍ ദയാൽ മുന്നോട്ടു കുതിച്ചു പാഞ്ഞതും സത് വന്തിന്റെ തോക്കിലെ ഉണ്ടകൾ‍ അദ്ദേഹത്തെ നിലം പരിശാക്കിയതും ഒപ്പമായിരുന്നു.

ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിച്ചു. അക്രമികൾ ഇരുവരും തോക്കുകൾ‍ താഴെ വച്ചു. ”ഞങ്ങൾ ചെയ്യേണ്ടത് ചെയ്തു, ഇനി നിങ്ങൾക്ക് ചെയ്യാനുള്ളത് ചെയ്യാം…” ബേയന്ത് വിളിച്ചു പറഞ്ഞു കൊണ്ട് പിന്നിലേക്കോടി.

നാരായൻ‍ സിംഗ് ബെയന്തിനു മേൽ ചാടി വീണ് കീഴടക്കി. തൊട്ടടുത്ത ഗാർ‍ഡ് റൂമിലെ ജവാന്മാര്‍ ഓടി വന്നു സത് വന്ത് സിങ്ങിനെയും കീഴടക്കി. ഗാർഡ് റൂമില്‍ കൊണ്ടു പോയി തടവിലാക്കി. അവിടെ വച്ച് ബേയന്ത് സിംഗ് കൊല്ലപ്പെട്ടു. പരിക്കുകളോടെ സത് വന്ത് സിംഗിനെ ആശുപത്രിയിലാക്കി.

തറയിൽ‍ രക്തത്തിൽ കുളിച്ചു കിടന്ന ഇന്ദിരാഗാന്ധിയെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ അവിടെ ആംബുലൻ‍സ് ഉണ്ടായിരുന്നെങ്കിലും ഡ്രൈവർ‍ സ്ഥലത്തില്ലായിരുന്നു എന്നതാണ് വിചിത്രം.

ഒടുവിൽ‍ ഒരു അംബാസിഡർ‍ കാറിന്‍റെ പിന്നിൽ‍ ഇന്ദിരാഗാന്ധിയെ എടുത്തു കിടത്തി. കാറിന്‍റെ മുൻസീറ്റിൽ ആർ കെ ധവാനും, മഖന്‍ ലാൽ‍ ഫോത്തെദാറും ഡ്രൈവറും ഇരുന്നു. കാർ‍ മുന്നോട്ടു നീങ്ങവേ സോണിയാഗാന്ധി മമ്മീ മമ്മീ എന്ന് കരഞ്ഞലറി കാലിൽ ചെരുപ്പു പോലുമില്ലാതെ നൈറ്റ്‌ ഗൌണില്‍ ഓടി വന്നു പിന്‍ സീറ്റിൽ‍ കയറി.

രക്തത്തിൽ‍ കുളിച്ചു കിടന്ന ഇന്ദിരയുടെ ശിരസ്സ് മടിയിലെടുത്തു വച്ചു. 4 കിലോമീറ്റര്‍ ദൂരം പിന്നിട്ട് കാർ‍ രാവിലെ 9 മണി 32 മിനിട്ടിനു എയിംസിലെത്തി. ഇന്ദിരാഗാന്ധിയുടെ രക്ത ഗ്രൂപ്പ് 'O' നെഗറ്റീവ് ആയിരുന്നു. ആവശ്യത്തിലേറെ ആ ഗ്രൂപ്പ് രക്തം അവിടെ സ്റ്റോക്ക്‌ ഉണ്ടായിരുന്നു.

80 കുപ്പി രക്തമാണ് ഇന്ദിരയുടെ ശരീരത്തിൽ‍ കുത്തിവച്ചത്. വിദഗ്ദ്ധ ഡോക്ടര്‍മാര്‍ മണിക്കൂറുകളോളം ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല. വെടിയുണ്ട തുളച്ചു കയറി ലിവർ‍ പകുതി തകര്‍ന്നിരുന്നു. നട്ടെല്ലിനു വലിയ ക്ഷതം സംഭവിച്ചു. ചെറുകുടലും വന്‍കുടലും, ശ്വാസകോശവും ഒക്കെ വീണ്ടെടുക്കനാകാത്ത നിലയിൽ‍ തകര്‍ന്നു പോയി.

വെടിയേറ്റ്‌ 4 മണിക്കൂർ‍ 23 മിനിറ്റിനു ശേഷം അവർ ‍ മരണപ്പെട്ടു. പക്ഷേ മരണം പുറത്തു വിട്ടത് പല കാരണങ്ങളാല്‍ അന്ന് രാത്രിയായിരുന്നു. സത് വന്ത് സിംഗിനെയും ഇന്ദിരാ വധത്തിൽ‍ ഗൂഢാലോചന നടത്തി എന്ന് തെളിഞ്ഞ കേഹര്‍ സിംഗിനെയും വധശിക്ഷക്ക് വിധിച്ചു.

പിന്നീട് തീഹാര്‍ ജയിലിൽ‍ അവരുടെ വധശിക്ഷ നടപ്പാക്കി. (ഈ ലേഖനം തയ്യറാക്കാൻ ബിബിസി ലേഖകൻ രേഹൻ ഫസൽ, ദൈനിക് ജാഗരൺ, മിറർ. ഗൂഗിൾ ലേഖനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്).

voices
Advertisment